Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു എഫ്സി: ഐഎസ്എല്ലിലെ കിരീടം തേടുന്ന രാജാക്കന്മാർ

Bengaluru-FC

ഐഎസ്എൽ ഫുട്ബോളിലെ ‘കിരീടമില്ലാത്ത’ രാജാക്കൻമാരാണു ബ്ലൂസ് എന്ന ബെംഗളൂരു എഫ്സി. അരങ്ങേറ്റ സീസണിൽ ലീഗ് മൽസരങ്ങളിൽ വെല്ലുവിളിയില്ലാതെ കുതിച്ച്, ഫൈനലിൽ വഴുതിവീണ ചരിത്രം തിരുത്താനാണ് ഇത്തവണ നീലപ്പട വരുന്നത്. ആൽബർട് റോക്കയുടെ പിൻഗാമി കാർലെസ് ക്വാഡ്രറ്റിന്റെ കീഴിലാണ് ഈ വരവിൽ ബെംഗളൂരുവിന്റെ കിരീടാന്വേഷണം. 

സ്പെയിനിലെ ബാർസിലോനയുടെ അക്കാദമിയായ ‘ലാ മാസിയ’യിൽ നിന്നു കളി പഠിച്ച്, തുർക്കി ക്ലബ് ഗലത്‌സരെയിലും സൗദി ടീമിലുമെല്ലാം അസിസ്റ്റന്റ് കോച്ചായിരുന്ന പരിചയസമ്പത്താണു ക്വാഡ്രറ്റിന്റെ കൈമുതൽ.    

മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ അഞ്ചുപേരാണു പുതിയ കളിക്കാർ. ബാർസിലോന ബി ടീമിനെതിരെ സന്നാഹമൽസരവും എഎഫ്സി ഏഷ്യ കപ്പ് പോരാട്ടങ്ങളും കഴിഞ്ഞാണു ബ്ലൂസ് വരുന്നത്. 

വീര്യമുള്ള മുന്നേറ്റം 

ഇന്ത്യൻ ഐക്കൺ സുനിൽ ഛേത്രിയും വെനസ്വേലക്കാരൻ മിക്കുവും ചേരുന്ന മുന്നേറ്റ ജോടിയാണു ബ്ലൂസിന്റെ മുഖ്യായുധം. പിന്തുണയ്ക്കാൻ യുവതുർക്കികളായ ഉദാന്ത സിങ്ങും ഹവോക്കിപ്പും. 

ആക്രമണത്തിലെ പുത്തൻ വീര്യമായി ഒരാൾകൂടി ചേരുന്നുണ്ട് – മിനർവ പഞ്ചാബിനെ ഐലീഗ് കിരീടമണിയിച്ച ഭൂട്ടാൻ യുവതാരം ചെഞ്ചോ ഗെയ്‌ൽത്ഷെൻ. ഭൂട്ടാനിലെ ‘റൊണാൾഡോ’യായ ചെഞ്ചോയും ഛേത്രിയും മിക്കുവും ഉദാന്തയും ഒരുമിക്കുന്ന മുന്നേറ്റം തടുക്കാൻ എതിരാളികൾക്കു നന്നായി വിയർപ്പൊഴുക്കേണ്ടി വരും. 

കളി പിടിക്കുന്ന മധ്യം 

എറിക് പാർത്താലുവും ദിമാസ് ഡെൽഗാഡോയും നൽകുന്ന ത്രൂ പാസുകളിലൂടെയാണു ബെംഗളൂരു കഴിഞ്ഞ വർഷം ഐഎസ്എല്ലിൽ ഫൈനൽ വരെ കുതിച്ചത്. 

കൂടുതൽ ഇഴയടുപ്പമുള്ള കണ്ണികളായി ഇരുവരും രണ്ടാമങ്കത്തിന് എത്തുമ്പോൾ ടീമിന്റെ മധ്യം ഒന്നുകൂടി വിശാലമാകും. 

സ്പാനിഷ് ലീഗുകളിലെ പരിചയവുമായി സിസ്കോ ഹെർണാണ്ടസും ചേരുന്നുണ്ട് ടീമിന്റെ മധ്യനിരയിൽ. 

വൻമതിൽ  പ്രതിരോധം

ആക്രമണം മുഖമുദ്രയായ ടീമിന്റെ പ്രതിരോധവും ഒട്ടും മോശമല്ല.  

ക്ലബ്ബിന്റെ തുടക്കം മുതൽക്കേ കാവൽ നയിച്ച ജോൺ ജോൺസൺ ഇത്തവണയില്ല. പകരമുള്ളതു സ്പാനിഷ് താരം ആൽബർട്ട് സെറാൻ.  

സ്വാൻസി സിറ്റിക്കും സ്പെയിനിലെ  കളിച്ചിട്ടുള്ള സെറാൻ സെന്ററിലും വിങ്ങുകളിലും ഒരുപോലെ മികവുള്ള താരമാണ്.  പ്രതിരോധത്തിലേക്കു മലയാളി താരം റിനോ ആന്റോയും മടങ്ങിയെത്തുന്നു. 

Head-master