Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘യുവാക്കളുടെ ബ്ലാസ്റ്റേഴ്സ്’ തയാർ; പരിചയസമ്പത്ത് ഉണ്ടാക്കിയെടുക്കുമെന്ന് ജയിംസ്

David James ഡേവിഡ് ജയിംസ്

കൊച്ചി ∙ യുവതാരങ്ങളിലാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തെന്ന് പരിശീലകൻ ഡേവിഡ് ജയിംസ്. ക്ലബിനുവേണ്ടി കളിക്കുന്നതിൽ ആവേശം കണ്ടെത്തുന്ന കളിക്കാരെയാണ് ഞങ്ങൾക്കു വേണ്ടത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് അത്തരമൊരു ടീമാണ്. കഴിഞ്ഞ സീസണിൽ വൻകിട താരങ്ങളെ വലിയ വിലകൊടുത്തു വാങ്ങി. ഇത്തവണ ‘യഥാർഥ കളിക്കാരെ അവർ അർഹിക്കുന്ന വില’യ്ക്ക് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുകയായിരുന്നു – കഴിഞ്ഞ സീസണിൽ ദിമിതർ ബെർബറ്റോവ്, വെസ് ബ്രൗൺ തുടങ്ങിയ സൂപ്പർ താരങ്ങൾ ടീമിലുണ്ടായിരുന്നതിനെക്കുറിച്ച് ജയിംസ് പറഞ്ഞു.  

അണ്ടർ 17 ലോകകപ്പിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ ഗോൾകീപ്പർ ധീരജ് സിങ് ആണ് ഇത്തവണ ബ്ലാസ്റ്റേഴ്സിലെ ശ്രദ്ധേയനായ യുവതാരം. ധീരജിന്റെ പ്രകടനത്തിൽ താൻ സംതൃപ്തനാണെന്നാണു ജയിംസ് നൽകുന്ന സൂചന. 

ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിൽ‌ മിടുക്കരായ കുറേ യുവതാരങ്ങളുണ്ട്. ടീമിന്റെ ശരാശരി പ്രായം തന്നെ 22.6 ആണ്. ചെറുപ്പക്കാർക്കൊപ്പം പരിചയ സമ്പന്നരും കൂടി ചേരുമ്പോൾ ടീം സന്തുലിതമാകുമെന്നാണു കരുതുന്നതെന്നും ജയിംസ് പറഞ്ഞു.

ജയിംസിന്റെ വാക്കുകൾ:

∙ ഇതു യുവടീം. പരിചയസമ്പത്ത് വിഷയമല്ല. കൂടുതൽ പണം മുടക്കി പ്രായവും പരിചയവുമുള്ളവരെ കൊണ്ടുവരേണ്ടതില്ല എന്നു തീരുമാനിക്കുകയായിരുന്നു. പരിചയസമ്പത്ത് വാങ്ങാൻ കിട്ടും. പക്ഷേ ഉണ്ടാക്കിയെടുക്കുന്നത് അതിനേക്കാൾ പ്രധാനം. ഇപ്പോഴത്തെ നയം ഭാവിയിൽ ഗുണം ചെയ്യും.

∙ മൂന്നു വർഷത്തേക്കാണു കരാർ എന്നുവച്ച് ഈ വർഷം കപ്പ് വേണ്ട എന്ന ചിന്ത എനിക്കില്ല.

∙ ബ്ലാസ്റ്റേഴ്സ് ആരാധകർ നന്നായി ഫുട്ബോൾ മനസ്സിലാക്കുന്നവരാണ്. ഫുട്ബോൾ അടിസ്ഥാനമാക്കിയാവും അവർ പ്രവർത്തിക്കുക. ടീമിന്റെ മുൻ ഉടമകളോട് അവർക്ക് ആദരമുണ്ട്.

∙ ചില വലിയ കളിക്കാർക്ക് വലിയ ആവശ്യങ്ങളുണ്ടാകാം. അതു നടക്കാതെ പോയതിന്റെ നിരാശയും ഉണ്ടാകും (ടീം വിട്ടുപോയ വേളയിൽ ബെർബറ്റോവിന്റെ പരമാർശങ്ങളെക്കുറിച്ച്)

related stories