Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതു ചുവപ്പായിരുന്നോ? ഫുട്ബോൾ ലോകം രണ്ടു തട്ടിൽ; തീരുമാനം 27ന് എന്ന് യുവേഫ

TOPSHOT-FBL-EUR-C1-VALENCIA-JUVENTUS ചുവപ്പുകാർഡ് കിട്ടിയപ്പോൾ റൊണാൾഡോയുടെ പ്രതികരണം.

മഡ്രിഡ് ∙ അതു ചുവപ്പായിരുന്നോ? വലൻസിയയ്ക്കെതിരെ ചാംപ്യൻസ് ലീഗ് മൽസരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റഫറി ചുവപ്പു കാർഡ് നൽകിയതിനെച്ചൊല്ലി ഫുട്ബോൾ ലോകം രണ്ടു തട്ടിൽ. ക്രിസ്റ്റ്യാനോയുടെ ഫൗൾ അത്ര ഗുരുതരമായിരുന്നില്ലെന്നും മാർച്ചിങ് ഓർഡർ നൽകിയ തീരുമാനം ഞെട്ടിക്കുന്നതെന്നുമാണ് ഭൂരിപക്ഷ വാദം. എതിർ ടീം അംഗത്തിന്റെ തലയിൽ കൈകൊണ്ടു സ്പർശിക്കുന്നതു കുറ്റകരമെന്നുള്ള ഫിഫ ചട്ടം നിലവിലുള്ളതിനാൽ ക്രിസ്റ്റ്യാനോയ്ക്കു ചുവപ്പു കാർഡ് നൽകിയതിൽ തെറ്റില്ല എന്നാണ് മറുഭാഗത്തിന്റെ വിലയിരുത്തൽ.

അതേസമയം, റൊണാൾഡോയുടെ ചുവപ്പുകാർഡുമായി ബന്ധപ്പെട്ട വിവാദം ഈ മാസം 27നു പരിശോധിക്കുമെന്ന് യുവേഫ അറിയിച്ചു. ചുവപ്പു കാർഡിന്റെ പശ്ചാത്തലത്തിൽ എത്ര മൽസരങ്ങളിൽനിന്ന് താരത്തെ വിലക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കുക. രണ്ടു കളികളിൽ വിലക്കേർപ്പെടുത്തിയാൽ തന്റെ പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മൽസരം റൊണാൾഡോയ്ക്കു നഷ്ടമാകും.

ചാംപ്യൻസ് ലീഗിൽ യുവെന്റസിനായുള്ള അരങ്ങേറ്റ മൽസരത്തിന്റെ 29–ാം മിനിറ്റിൽ പന്തിനായുള്ള പോരാട്ടത്തിനിടെ ബോക്സിനുള്ളിൽ വീണ വലൻസിയ ഡിഫൻഡർ ജെയ്സൺ മുറില്ലോയുടെ മുടിയിൽ ക്രിസ്റ്റ്യാനോ പിടിച്ചു വലിച്ചെന്ന സംശയത്തിലാണ് ജർമൻ റഫറി ഫെലിക്സ് ബ്രിച്ച് ചുവപ്പുകാർഡ് പുറത്തെടുത്തത്. റഫറിയുടെ തീരുമാനത്തിൽ സ്തബ്ധനായ ക്രിസ്റ്റ്യാനോ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു വ്യക്തമാക്കി പൊട്ടിക്കരഞ്ഞുകൊണ്ടാണു മൈതാനം വിട്ടത്.

നിലത്തു വീണുപോയ മുറില്ലോയെ ക്രിസ്റ്റ്യാനോ തട്ടിയെഴുന്നേൽപ്പിക്കുകയായിരുന്നോ അതോ മുടിയിൽ പിടിച്ചു വലിക്കാൻ ശ്രമിക്കുകയായിരുന്നോ എന്നത് റീപ്ലേയിൽ വ്യക്തമല്ല. ചാംപ്യൻസ് ലീഗ് മൽസരങ്ങളിൽ വിഎആർ സഹായം ലഭ്യമാക്കുന്നതിന് യുവേഫ അനുമതി നൽകിയിട്ടില്ലാത്തതിനാൽ റഫറിയുടെ തീരുമാനം പുനപ്പരിശോധിക്കാൻ ആവശ്യപ്പെടാനും യുവെന്റസ് താരങ്ങൾക്കു സാധിച്ചില്ല.

മൽസരത്തിൽ യുവെന്റസ് 2–0നു ജയിച്ചെങ്കിലും ചുവപ്പു കാർഡ് കണ്ടതിനാൽ ക്രിസ്റ്റ്യാനോയ്ക്കു അടുത്ത രണ്ടു കളികളും നഷ്ടമാകും. ഇതിലൊന്ന് മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായിട്ടാണ്. തീരുമാനത്തിനെതിരെ യുവെന്റസ് അപ്പീൽ നൽകിയേക്കും. 154 ചാംപ്യൻസ് ലീഗ് മൽസരങ്ങൾക്കിടെ ആദ്യമായാണു ക്രിസ്റ്റ്യാനോ ചുവപ്പു കാർഡ് വാങ്ങുന്നത്.