Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു മാറിത്താ... പുരസ്കാരനേട്ടത്തിൽ ഡബിൾ ഹാട്രിക്കുമായി മാർത്ത

marta മാർത്ത

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോക ഫുട്ബോളറാകുന്നതിനും മുൻപ് 2006ലാണ് മാർത്ത ആദ്യമായി ലോകത്തെ ഏറ്റവും മികച്ച വനിതാ താരമായത്. ഒരു വ്യാഴവട്ടത്തിനു ശേഷം മെസ്സിയും റൊണാൾഡോയും മോഡ്രിച്ചിനു വഴി മാറിയപ്പോഴും മാർത്ത അവിടെത്തന്നെയുണ്ട്. വനിതാ താരങ്ങളെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് ഇപ്പോൾ ഒന്നാകും: മാർത്താ, ഒന്നു മാറിത്താ..!

ആറാം തവണയാണ് മാർത്ത ലോക ഫുട്ബോളർ ബഹുമതി സ്വന്തമാക്കുന്നത്. മെസ്സിയും റൊണാൾഡോയും രണ്ടടി പിന്നിൽ നിൽക്കും. ബ്രസീലിലെ അൽഗോസിലെ ഫവേലകളിൽ ആൺകുട്ടികൾക്കൊപ്പം പന്തുതട്ടി വളർന്ന മാർത്തയുടെ ഭാഗ്യം തെളിഞ്ഞത് പതിനാലാം വയസ്സിൽ. തെരുവിൽ പന്തുതട്ടിനടന്ന അവളുടെ പ്രകടനം ബ്രസീലിലെ പ്രമുഖ വനിതാ കോച്ച് ഹെൽന പഷെയോ കാണാനിടയായി.

മാർത്തയിലെ പ്രതിഭ കണ്ടറിഞ്ഞ ഹെൽന റിയോ ഡി ജനീറോയിലെ പ്രമുഖ ക്ലബ്ബായ വാസ്കോ ഡ ഗാമയിലേക്ക് ക്ഷണിച്ചു. വാസ്കോ ഡാ ഗാമ കപ്പലിൽ ലോകം ചുറ്റിയതു പോലൊരു യാത്രയായി അത്! കരിയറിൽ മാർത്തയുടെ പത്താം ക്ലബ്ബാണ് ഇപ്പോൾ കളിക്കുന്ന അമേരിക്കൻ ക്ലബ് ഒർലാൻഡോ പ്രൈഡ്.

വാസ്കോ ഡ ഗാമ ക്ലബ്ബിലെ മികച്ച പ്രകടനം മാർത്തയ്ക്ക് ബ്രസീൽ അണ്ടർ 19 ടീമിലേക്കുള്ള വഴിതുറന്നു. ഒരു വർഷത്തിനുശേഷം 2003ൽ വനിതാ ലോകകപ്പിൽ ബ്രസീലിനായി മഞ്ഞക്കുപ്പായമണിഞ്ഞ മാർത്ത ഇതുവരെ ദേശീയ ടീമിനായി 133 കളികളിൽ നേടിയത് 110 ഗോളുകൾ. അരങ്ങേറ്റ ലോകകപ്പിൽ മൂന്നു ഗോളുകൾ നേടി മാർത്ത വരവറിയിച്ചു. 2007 ലോകകപ്പിൽ ആ മാന്ത്രികക്കാലുകൾ ബ്രസീലിനെ ഫൈനലിലെത്തിച്ചെങ്കിലും ജർമനിയോടു പരാജയപ്പെട്ടു.

പക്ഷേ, ആ ലോകകപ്പിൽ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടി മാർത്ത തലയുയർത്തി നിന്നു. 2011 ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിനപ്പുറം പോയില്ലെങ്കിലും മാർത്ത തന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 14 ആയി ഉയർത്തി. 2015 ലോകകപ്പിലെ ആദ്യ മൽസരത്തിൽത്തന്നെ തന്റെ പതിനഞ്ചാം ഗോളും പട്ടികയിലാക്കിയ മാർത്ത ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പെൺതാരമെന്ന പെരുമയും നേടി. 2014ൽ ബ്രസീലിൽ നടന്ന പുരുഷ ലോകകപ്പിന്റെ അംബാസഡർമാരിലെ ഏക വനിതയായിരുന്നു മാർത്ത.