Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് റൊണാൾഡോ പറഞ്ഞു: എനിക്ക് പഠിപ്പില്ല, പക്ഷേ ഞാൻ വിഡ്ഢിയല്ല

ronaldo-angry ക്രിസ്റ്റ്യാനോ റൊണാൾഡോ

മഡ്രിഡ്∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായുള്ള ബന്ധം ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനിപ്പിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്ത്. റഷ്യൻ ലോകകപ്പിനു പിന്നാലെയാണ് താരം റയൽ വിട്ടതെങ്കിലും, പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനുള്ള റൊണാൾഡോയുടെ ശ്രമം 2017 മേയ് മാസത്തിൽത്തന്നെ തുടങ്ങിയിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഒരു സ്പാനിഷ് പത്രമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

2017 മേയ് മാസത്തിൽ തന്റെ ഏജന്റായ ജോർജ് മെൻഡസ്, ഉപദേശക സംഘം എന്നിവരുമായി റൊണാൾഡോ കൂടിക്കാഴ്ച നടത്തിയിരുന്നു. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് നോട്ടിസ് ലഭിച്ചപ്പോഴായിരുന്നു ഇത്. ഈ യോഗത്തിൽ റൊണാൾഡോ കുപിതനായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നികുതിയുമായി ബന്ധപ്പെട്ട് റിസ്ക് എടുക്കാൻ തനിക്കു താൽപര്യമില്ലെന്ന് ഈ കൂടിക്കാഴ്ചയിൽ റൊണാൾഡോ തന്റെ ഉപദേശകരെ അറിയിച്ചിരുന്നു.

‘ഞാൻ അധികം പഠിച്ചിട്ടില്ല. ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം ഫുട്ബോൾ കളിക്കുകയെന്നതാണ്. പക്ഷേ ഞാൻ തീരെ വിഡ്ഢിയല്ല. ആരെയും എനിക്കു വിശ്വാസവുമില്ല. ഈ കാരണത്താലാണ് നിയമോപദേശകരുടെ സഹായം തേടുമ്പോൾ അവർ ആവശ്യപ്പെടുന്നതിലും 30 ശതമാനം തുക അധികം ഞാൻ നൽകുന്നത്. പ്രശ്നങ്ങളുണ്ടാക്കാൻ എനിക്കു താൽപര്യമില്ല. നിയമപരമായിത്തന്നെ മുന്നോട്ടുപോകണം’ – റൊണാള്‍ഡോ വ്യക്തമാക്കി.

മാസങ്ങൾക്കുശേഷം നികുതിയിടപാടുമായി ബന്ധപ്പെട്ട് സ്പാനിഷ് അധികൃതരുമായി കരാറിൽ ഒപ്പിടുമ്പോഴും റൊണാൾഡോ കുപിതനായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

‘നികുതി അടയ്ക്കരുതെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം. നികുതി അടയ്ക്കേണ്ടത് സ്പോൺസർമാരാണ്. പിന്നെ എന്നെ എന്തിന് കുറ്റപ്പെടുത്തണം? – റൊണാൾഡോ ചോദിച്ചു.

നികുതി വെട്ടിച്ചെന്ന കേസ് ഒതുക്കിത്തീർക്കാൻ വലിയ തുക നൽകേണ്ടി വന്നതോടെ റയൽ മഡ്രിഡ് ഇക്കാര്യത്തിൽ സഹായിക്കുമെന്നായിരുന്നു താരത്തിന്റെ പ്രതീക്ഷ. സമാനമായ കേസിൽ ഉൾപ്പെട്ട ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ ബാർസിലോന സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

അതേസമയം, ഇക്കാര്യത്തിൽ റൊണാൾഡോയുമായും അദ്ദേഹത്തിനെതിരായ കേസുമായും അകലം പാലിക്കുന്ന നിലപാടാണ് റയൽ കൈക്കൊണ്ടത്. ഇത് ചതിയായാണ് റൊണാൾഡോ കണ്ടത്. മാത്രമല്ല, ബാർസയിൽ മെസ്സിക്ക് തന്നേക്കാൾ പ്രതിഫലം ലഭിക്കുന്നതും പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം നെയ്മർ പ്രതിഫലക്കാര്യത്തിൽ തന്നെ പിന്നിലാക്കിയതും റൊണാൾഡോയെ അസ്വസ്ഥനാക്കിയെന്ന് റിപ്പോർട്ട് പറയുന്നു. പ്രതിഫലക്കാര്യം റൊണാൾഡോ ഡ്രസിങ് റൂമിൽ അനാവശ്യമായി ചർച്ച ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് പരിശീലകനായിരുന്ന സിനദീൻ സിദാൻ ക്ലബ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

റയൽ മഡ്രിഡിന്റെ എക്കാലത്തേയും മികച്ച താരമായി ഇതിഹാസതാരം അൽഫ്രെഡോ ഡി സ്റ്റെഫാനോയെ ക്ലബ് അവതരിപ്പിക്കുന്നതിലും റൊണാൾഡോയ്ക്ക് അതൃപ്തിയുണ്ടായിരുന്നതായി പറയുന്നു.

‘അവർ എന്നെ എപ്പോഴും ഡി സ്റ്റെഫാനോയ്ക്ക് പിന്നിലാണ് പ്രതിഷ്ഠിക്കുന്നത്. ഇതിൽ കൂടുതൽ ഞാൻ ഈ ക്ലബ്ബിനായി എന്തു ചെയ്യാനാണ്’ – റൊണാൾഡോ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.