Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകീയം യുണൈറ്റഡ്; രണ്ടു ഗോളിനു പിന്നിലായ ശേഷം 3–2 ജയം

sanchez വിജയഗോൾ നേടിയ അലക്സിസ് സാഞ്ചെസിനെ റൊമേലു ലുക്കാക്കു അഭിനന്ദിക്കുന്നു.

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവിസ്മരണീയ വിജയം. 69–ാം മിനിറ്റ് വരെ 0–2നു പിന്നിട്ടു നിന്ന യുണൈറ്റഡ് മൂന്നു ഗോളുകൾ തിരിച്ചടിച്ച് ന്യൂകാസിലിനെ കീഴടക്കി (3–2). മൽസരത്തിന്റെ ആദ്യ 10 മിനിറ്റിനകം രണ്ടു ഗോളടിച്ച ന്യൂകാസിൽ മൽസരം അനായാസം സ്വന്തമാക്കുമെന്നു തോന്നിച്ചെങ്കിലും യുവാൻ മാട്ടയുടെയും (70), ആന്റണി മാർഷ്യലിന്റെയും (76) ഗോളിൽ സമനില പിടിച്ച യുണൈറ്റഡിനായി 90–ാം മിനിറ്റിൽ അലക്സിസ് സാഞ്ചസ് വിജയഗോളടിച്ചു.

മറ്റൊരു മൽസരത്തിൽ കാർഡിഫ് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനു ടോട്ടനം കീഴടക്കി. എറിക് ഡയറാണ് (8') ഗോളടിച്ചത്. കളിയിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്താനായെങ്കിലും ഗോളടിക്കാനാകാതെ പോയതാണു കാർഡിഫിനെ തുടർച്ചായ ആറാം തോൽവിയിലേക്കു തള്ളിയിട്ടത്. രണ്ടാം പകുതിയിൽ ഷോൺ മോറിസന്റെ ഹെഡർ പോസ്റ്റിലിടിച്ചതും കാർഡിഫിനു നിരാശയായി. ‌എട്ടാം മിനിറ്റിൽ ലഭിച്ച കോർണറിനൊടുവിൽ ബോക്സിലേക്കെത്തിയ പന്തിൽ ഡേവിഡ്സൻ സാഞ്ചെസിന്റെ ഹെഡർ ലക്ഷ്യം തെറ്റിയെങ്കിലും പന്തു ചെന്നതു ബോക്സിനു മുന്നിൽ നിലയുറപ്പിച്ചിരുന്ന ലമേലയുടെ നേർക്കാണ്. ലമേല പന്ത് അനായാസം ഗോൾവര കടത്തി (1–0).