Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു കളികളിൽ ജയിക്കാതെ, ഗോളടിക്കാതെ റയൽ; ലോപ്പടെഗി രക്ഷപ്പെടുമോ..?

Julen Lopetegui ലോപ്പടെഗി

വിറ്റോറിയ ∙ റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പതിവു സ്വഭാവം വച്ചാണെങ്കിൽ ടീം പരിശീലകൻ ജുലെൻ ലോപ്പ‍ടെഗിയുടെ സർവീസ് ബുക്കിൽ ബ്ലാക്ക് മാർക്ക് വീണു കഴിഞ്ഞു. ഉടനടി പുറത്താക്കുക എന്ന കടുംകൈയ്ക്ക് പെരസ് മുതിരില്ലായെങ്കിലും ടീം വിജയവഴിയിലെത്തേണ്ടത് മഡ്രിഡിൽ ലോപ്പടെഗിയുടെ സമാധാനത്തിന് അനിവാര്യം.

സ്പാനിഷ് ലീഗിൽ അലാവെസിനെതിരെ ഞെട്ടിക്കുന്ന തോൽവിയോടെ റയൽ വിജയമറിയാതെ പിന്നിട്ടത് നാലു കളികൾ. 1985നു ശേഷം ഇതാദ്യമായാണ് റയൽ തുടരെ നാലു കളികളിൽ ഗോളടിക്കാതിരിക്കുന്നതും. 95–ാം മിനിറ്റിൽ മാനു ഗാർഷ്യ നേടിയ ഗോളിലാണ് അലാവെസ് അവിസ്മരണീയ ജയം കുറിച്ചത്. സ്വന്തം മൈതാനത്ത് 87 വർഷത്തിനിടെ ഇതാദ്യമായാണ് അവർ റയലിനെതിരെ ജയിക്കുന്നത്. മൽസരശേഷം മെൻഡിസൊറോറ്റ്സ മൈതാനത്തേക്ക് ഓടിക്കയറിയാണ് അലാവെസ് ആരാധകർ വിജയം ആഘോഷിച്ചത്. ജയത്തോടെ അലാവെസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് റയലിന് ഒപ്പമെത്തി. 

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം ടീമിന്റെ പ്രധാന ഗോൾ സ്കോറർമാരായ ഗാരെത് ബെയ്‌ലിനും 

കരിം ബെൻസേമയ്ക്കും നേരെയുള്ള ചോദ്യചിഹ്നം കൂടിയായി തോൽവി. പരുക്കേറ്റ ഇരുവരെയും ലോപ്പടെഗിക്കു പിൻവലിക്കേണ്ടി വന്നു. സിഎസ്കെഎ മോസ്കോയ്ക്കെതിരെ റയൽ തോറ്റ ചാംപ്യൻസ് ലീഗ് മൽസരത്തിൽ ബെയ്ൽ കളിച്ചിരുന്നില്ല. മൽസരശേഷം തനിക്കു മേലുള്ള സമ്മർദ്ദത്തെക്കുറിച്ചു ചോദ്യമുയർന്നിപ്പോൾ ലോപ്പടെഗിയുടെ മറുപടിയിങ്ങനെ: ‘‘ഇത് നിങ്ങൾക്ക് താൽപര്യമുള്ള ചോദ്യമായിരിക്കാം. പക്ഷേ എനിക്കങ്ങനെയല്ല..’’ ടീം ക്യാപ്റ്റൻ സെർജിയോ റാമോസും ലോപ്പെടെഗിയെ പിന്തുണച്ചു. ‘‘പുറത്താക്കുക എന്നതൊക്കെ ഇപ്പോൾ കടന്ന ചിന്തയാണ്..’’– റാമോസ് പറഞ്ഞു.