Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയെ തകർ‌ത്ത് ബ്രസീൽ‌; ലുക്കാക്കുവിന്റെ ഇരട്ട ഗോളിൽ ബൽജിയം

SOCCER-FRIENDLY-SAU-BRA/ സൗദിക്കെതിരായ കളിക്കിടെ ബ്രസീൽ താരം ഗബ്രിയേൽ ജിസ്യൂസിന് പരുക്കേറ്റപ്പോൾ.

റിയാദ്∙ സൗദിക്കെതിരെ സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലിന് 2–0 വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ഗബ്രിയേൽ ജിസ്യൂസ് ഇടവേളയ്ക്കു മുൻപു ബ്രസീലിനു ലീഡ് നൽകി. 

നെയ്മറുടെ കോർണറിൽ നിന്നായിരുന്നു സ്കോറിങ്. ആലക്സ് സാൻ‍ഡ്രോ ഇ​​ൻജറി ടൈമിൽ ലീഡുയർത്തി. ചൊവ്വാഴ്ച ചിരവൈരികളായ അർജന്റീനയുമായാണു ജിദ്ദയിൽ ബ്രസീലിന്റെ അടുത്ത കളി. മെസ്സി ഇല്ലാതെ കളത്തിലിറങ്ങിയ അർജന്റീന ഇറാഖിനെ കഴിഞ്ഞദിവസം നാലുഗോളിനു തകർത്തുവിട്ടിരുന്നു.

സൗദിക്കെതിരായ കളിയിൽ നിറംമങ്ങിപ്പോയ ബ്രസീലിനെയാണു കണ്ടത്. റഷ്യൻ ലോകകപ്പിന്റെ ആവേശവുമായിറങ്ങിയ സൗദി തുടക്കത്തിൽ ലീഡു നേടിയെന്നുവരെ തോന്നിച്ചു. ജിസ്യൂസിന്റെ ഒരു ഹെഡർ സൗദി ഗോളി രക്ഷപ്പെടുത്തിയതിനു പിന്നാലെയാണു ഗോൾ പിറന്നത്. കളി അവസാനിക്കാൻ പത്തുമിനിറ്റ് ബാക്കി നിൽക്കെ സൗദിയുടെ അൽ ഉവൈസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.

മറ്റൊരു മൽസരത്തിൽ യുവേഫ നേഷൻസ് ലീഗിൽ റൊമേലു ലുക്കാകുവിന്റെ ഇരട്ട ഗോളുകളിൽ ബൽജിയത്തിനു വിജയം. സ്വിറ്റ്സർലൻഡിനെ 2–1ന് ആണ് ബൽജിയം മറികടന്നത്.  സഹപരിശീലകൻ തിയറി ഒൻറിക്ക് വിജയത്തോടെ യാത്രയയപ്പ് നൽകാനും ടീമിനു കഴിഞ്ഞു. 58, 84 മിനിറ്റുകളിലായിരുന്നു ലോകകകപ്പ് സെമിഫൈനലിസ്റ്റുകളായ ബൽജിയത്തിനു വേണ്ടി ലുക്കാകു സ്കോർ ചെയ്തത്. എഴുപത്തിയാറാം മിനിറ്റിൽ ഗോളി തിബോ കോർട്ടോയെ കീഴ്‍പ്പെടുത്തി സ്വിസ് താരം മരിയോ ഗവാരനോവിച്ചും ഗോൾ നേടിയത് കിങ് ബൗദിൻ സ്റ്റേഡിയത്തെ ഞെട്ടിച്ചു.