Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റലിക്കു വിജയാശ്വാസം

italy-wins പോളണ്ടിനെതിരെ ഗോൾ നേടിയ ഇറ്റാലിയൻ താരം ക്രിസ്റ്റ്യാനോ ബിരാഗി (ഇടത്) കൈകളുയർത്തി ‘13’ എന്ന അടയാളം കാട്ടിയപ്പോൾ. കഴിഞ്ഞ മാർച്ചിൽ അന്തരിച്ച മുൻ ഇറ്റലി – ഫിയോറന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറിയോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജഴ്സി നമ്പർ അടയാളം ബിരാഗി പ്രദർശിപ്പിച്ചത്.

വാഴ്സോ ∙ ഇൻജറി ടൈമിൽ ക്രിസ്റ്റ്യാനോ ബിരാഗി എന്ന ഇരുപത്തിയാറുകാരൻ ഡിഫൻഡർ നടത്തിയ ഇന്ദ്രജാലത്തിൽ ഇറ്റലി രക്ഷപ്പെട്ടു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ലീഗ് എയിലെ  പോരാട്ടത്തിൽ പോളണ്ടിനെതിരെ അസൂറികൾക്ക് 1–0 വിജയം.    കഴിഞ്ഞ ലോകകപ്പിന് ഉൾപ്പെടെ യോഗ്യത നേടാൻ പറ്റാതെ പോയ ഇറ്റലിക്ക് ആശ്വാസനിശ്വാസം. പുതിയ കോച്ച് റോബർട്ടോ മാൻചീനിയുടെ കീഴിൽ ഇറ്റലി കുറിക്കുന്ന ആദ്യവിജയവുമായി ഇത്. തോൽവിയോടെ പോളണ്ട് ലീഗ് ബിയിലേക്കു തരംതാഴ്ത്തപ്പെട്ടു. 

കളിയിലുടനീളം മികച്ചു നിന്നിട്ടും പന്തു കൂടുതൽ നേരം കൈവശം വച്ചിട്ടും ഏറെ പാസുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടും ഗോൾ മാത്രം നേടാൻ കഴിയാതെ പോയ ഇറ്റലിയെ ബിരാഗിയുടെ ഗോൾ അക്ഷരാർഥത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു. 

‘ഇറ്റാലിയൻ ടീമിന്റെ പുതിയ കാലചക്രം ആരംഭിച്ചിരിക്കുന്നു. എല്ലാവരും നന്നായി കളിച്ചു. അർഹതപ്പെട്ട ഗോൾ വൈകിയാണെങ്കിലും നേടി. ഗോൾരഹിത സമനില ഒരുകാരണവശാലും ഈ കളിക്കു ചേരുന്ന അവസാനമാകില്ലായിരുന്നു’– മൽസരശേഷം കോച്ച് മാൻചീനി പറഞ്ഞു.

നേരത്തെ ഇറ്റലിയുടെ രണ്ടു കിടിലൻ ഗോൾ ഷോട്ടുകൾ പോസ്റ്റിൽ തട്ടി തെറിച്ചിരുന്നു. ഇറ്റാലിയൻ സീരി എ ക്ലബ് ഫിയോറന്റീനയുടെ താരമായ ബിരാഗി ഗോളടിച്ച ശേഷം നടത്തിയ ആഹ്ലാദപ്രകടനവും ശ്രദ്ധേയമായി. രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി 13 എന്നർഥം വരുന്ന ചിഹ്നം പ്രദർശിപ്പിച്ചാണ് ബിരാഗി ഗോൾനേട്ടം ആഘോഷിച്ചത്. കഴിഞ്ഞ മാർച്ചിൽ അന്തരിച്ച മുൻ ഫിയോറന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറിയോടുള്ള ആദരസൂചകമായിട്ടാണ്, അദ്ദേഹത്തിന്റെ ജഴ്സി നമ്പരായ 13 പ്രദർശിപ്പിച്ചത്. ‘ഞാൻ ഇറ്റലി ടീമിൽ ഇപ്പോൾ കളിക്കുന്നുവെങ്കിൽ അതിനു കാരണക്കാരൻ അസ്റ്റോറി കൂടിയാണ് ’– ബിരാഗി പറഞ്ഞു. 

കഴിഞ്ഞ ദിവസം യുക്രെയ്നോട് 1–1 സമനില വഴങ്ങിയ അതേ ഇറ്റലി ടീമിനെയാണു കോച്ച് പോളണ്ടിനെതിരെയും കളത്തിലിറക്കിയത്. 

നവംബർ 17ന്, ഗ്രൂപ്പ് ലീഡേഴ്സായ പോർച്ചുഗലിനെതിരെയാണ് ഇറ്റലിയുടെ അടുത്ത മൽസരം. മറ്റൊരു മൽസരത്തിൽ റഷ്യ 2–0ന് തുർക്കിയെ തോൽപിച്ചു. 

സൗഹൃദ മൽസരത്തിൽ പോർച്ചുഗലിന് വിജയം 

ഗ്ലാസ്ഗോ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യത്തിലും പോർച്ചുഗലിനു രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരത്തിൽ തകർപ്പൻ വിജയം. പോർച്ചുഗൽ 3–1നു സ്കോട്‌ലൻഡിനെ തോൽപിച്ചു. 

ഹെൽഡർ കോസ്റ്റ (43), ഡെർ (74), ബ്രുമ (84) എന്നിവരുടേതാണു ഗോളുകൾ. ഇൻജറി ടൈമിൽ (90+3) നൈസ്മിത്ത് സ്കോട്‌ലൻഡിനായി ഒരു ഗോൾ മടക്കി. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ 2 കളിയിൽ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണു പോർച്ചുഗൽ. 

ഇറ്റലി, പോളണ്ട് എന്നീ ടീമുകളെ ഇനി നേരിടാനുള്ള ടീം സ്കോട്‌ലൻഡിനെതിരെയുള്ള കളിയിൽ റിസർവ് താരങ്ങൾക്കാണു കൂടുതൽ അവസരം നൽകിയത്. റെനറ്റോ സാഞ്ചസ്, പെഡ്രോ മെൻഡസ്, ക്ലോഡിയോ റാമോസ്, വില്യം കാർവാലോ തുടങ്ങിയവരെ തുടക്കത്തിൽ ബെഞ്ചിലിരുത്തി. ഇവർ പിന്നീടു പകരക്കാരായി കളത്തിലിറങ്ങുകയും ചെയ്തു.