Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ഗോളടിച്ചു; പക്ഷേ, റയൽ തോറ്റു!

Gareth Bale അവസരം പാഴാക്കിയ റയൽ താരം ഗരെത് ബെയ്‌ലിന്റെ നിരാശ. കരിം ബെൻസിമ സമീപം.

മഡ്രിഡ്∙ വരാനുള്ളതു വഴിയിൽ തങ്ങില്ല എന്നാണല്ലോ; പ്രതിരോധനിരതാരം റഫേൽ വരാന്റെ പിഴവുകൾ റയൽ മഡ്രിഡിനു സമ്മാനിച്ചത് ലാ ലിഗയിലെ തുടർച്ചയായ മൂന്നാം തോൽവി. ലെവാന്തെയോടു സ്വന്തം തട്ടകത്തിൽ ഇക്കുറി 2–1നാണ് റയൽ കീഴടങ്ങിയത്. റയലിന്റെ 482 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർഡ് ഗോൾവരൾച്ചയ്ക്ക് മാർസെലോ വിരാമം ഇട്ടെങ്കിലും ടീമിനെ ജയിപ്പിക്കാൻ ഇതു മതിയായില്ല. ഹൊസെ ലൂയി മൊറാലെസ് (7'), റോജർ മാർട്ടി (13') എന്നിവരാണ് ലെവാന്തെയുടെ സ്കോറർമാർ. മൽസരത്തിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തിയ റയലിന്റെ മൂന്നു ഗോൾഷോട്ടുകൾ ലെവാന്തെ പോസ്റ്റിൽ ഇടിച്ചു മടങ്ങി.

ആദ്യ പകുതിയിൽ മാർക്കസ് അസെൻസിയോ നേടിയ ഗോൾ വിഎആർ പരിശോധനയിലൂടെ നിഷേധിക്കപ്പെട്ടതും റയലിനു വിനയായി. മൽസരത്തിന്റെ തുടക്കത്തിൽ സെർ‌ജിയോ പോസ്റ്റിഗോയുട ലോങ് ബോൾ മുന്നോട്ടോടിയെടുത്ത് പ്രതിരോധിക്കാനുള്ള വരാന്റെ നീക്കം പാളിയതു മുതലെടുത്ത് മൊറാലെസ് ലെവാന്തെയ്ക്കു ലീഡ് നൽകി. ആറു മിനിറ്റിനകം പെനൽറ്റി ബോക്സിനുള്ളിൽ വരാന്റെ കൈ പന്തിൽ തട്ടിയതിനു ലഭിച്ച പെനൽറ്റി മാർട്ടി വലയിലെത്തിച്ചതോടെ റയൽ ഞെട്ടിത്തരിച്ചു.

രണ്ടാം പകുതിയിൽ റയൽ പരിശീലകൻ ജുലൻ ലോപറ്റെഗുയി ഗരെത് ബെയ്‌ലിനെയും കരിം ബെൻസിമയെയും കളത്തിലിറക്കിയതോടെയാണ് റയലിന്റെ ഗോൾ വരൾച്ചയ്ക്ക് അറുതിയായത്. 72–ാം മിനിറ്റിൽ ബെൻസിമ ടച്ച് ലൈനിൽനിന്നു കട്ട് ചെയ്തു നൽകിയ പന്തിൽനിന്നു മാർസെലോ ഗോളടിച്ചു.