Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലതുകൈക്കു പൊട്ടൽ സംഭവിച്ച മെസ്സിക്കു മൂന്നാഴ്ച വിശ്രമം; മിസ് യൂ, മെസ്സി!

Messi after sustaining an injury സെവിയ്യയുമായുള്ള മൽസരത്തിനിടെ പരുക്കേറ്റു വീണ ലയണൽ മെസ്സി.

ബാർസിലോന∙ സെവിയ്യയുമായുള്ള ലാലിഗ മൽസരം ബാർസിലോനയ്ക്കു സമ്മാനിച്ചതു പുഞ്ചിരിയും കണ്ണീരും. മൽസരം 4–2നു ജയിച്ചു പോയിന്റ് പട്ടികയിൽ തലപ്പത്തെത്തിയ ബാർസിലോനയ്ക്കു മൽസരത്തിനിടെ പരുക്കേറ്റ നായകൻ ലയണൽ മെസ്സിയുടെ സേവനം 3 ആഴ്ച്ചത്തേക്കു നഷ്ടമാകും. സെവിയ്യ താരം ഫ്രാങ്കോ വാസ്ക്വെസുമായി കൂട്ടിയിടിച്ചുവീണ മെസ്സിയുടെ വലതുകൈക്കു പൊട്ടലേറ്റു. വീഴ്ച്ചയ്ക്കിടെ മെസ്സിയുടെ കൈമുട്ട് പിന്നോട്ടു മടങ്ങിയതാണു വിനയായത്.

വേദനകൊണ്ടു പുളഞ്ഞു മൈതാനത്തുവീണ മെസ്സി പീന്നീടു കൈയിൽ ബാൻഡേജ് ചുറ്റി കളി തുടരാൻ ശ്രമിച്ചെങ്കിലും 26–ാം മിനിറ്റിൽ കളം വിട്ടു. പക്ഷേ അതിനോടകംതന്നെ മെസ്സി സെവിയ്യ പാളയത്തിൽ  2 വട്ടം നാശം വിതച്ചിരുന്നു. 2–ാം മിനിറ്റിൽ കുടിഞ്ഞോയുടെ ഗോളിനു വഴിയൊരുക്കിയ മെസ്സി 12–ാം മിനിറ്റിൽ സ്വന്തം പേരിൽ ഗോളും കുറിച്ചു.

മെസ്സിക്കു 3 ആഴ്ച വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതോടെ ബുധനാഴ്ച രാത്രി ഇന്റർ മിലാനെതിരെയുള്ള ചാപ്യൻസ് ലീഗ് ആദ്യ പാദ മൽസരവും ഞായറാഴ്ച നടക്കുന്ന എൽ ക്ലാസിക്കോയിലും മെസ്സി കളിക്കില്ല എന്ന കാര്യം ഉറപ്പായി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതിനു ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോയിൽ മെസ്സിയുടെ സ്ഥാനവും കളത്തിനു പുറത്താകും.  

നവംബർ 7ന് ഇന്റർ മിലാനുമായുള്ള ചാപ്യൻസ് ലീഗ് 2–ാം പാദ മൽസരത്തിനു മുൻപു മെസ്സിയുടെ പരുക്കിൽ നിന്നു മോചിതനായേക്കുമെന്നാണു ക്ലബ് അധികൃതരുടെ പ്രതീക്ഷ.

നാലടിച്ച് ബാർസ

നൂകാമ്പിലെ കളിയിൽ ലയണൽ മെസ്സിയുടെ ത്രൂപാസ് സമർഥമായി പിടിച്ചെടുത്ത കുടീഞ്ഞോ തുടക്കത്തിൽത്തന്നെ ബാർസയെ മുന്നിലെത്തിച്ചു. 10 മിനിറ്റികം മനോഹരമായ ഗോളിലൂടെ മെസ്സി ബാർസയുടെ ലീഡ് ഉയർത്തി. ലൂയി സ്വാരെസ് മറിച്ചു നൽകിയ പന്തു സ്വീകരിച്ച മെസ്സിയുടെ ബോക്സിനു പുറത്തുനിന്നുള്ള ഇടംകാലൻ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് (2–0). ‌

26–ാം മിനിറ്റിൽ മെസ്സി പരുക്കേറ്റു പുറത്തായതോടെ ഓസുമാനെ ഡെംബലെയെ കളത്തിലിറക്കാൻ ബാർസ കോച്ച് വെൽവെർദെ നിർബന്ധിതനായി. 63–ാം മിനിറ്റിൽ ലൂയി സ്വാരെസിനെ സെവിയ്യ താരം തോമസ് വാക്‌ലിക് ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി സ്വാരെസ്തന്നെ വലയിലെത്തിച്ചതോടെ ബാർസ 3–0നു മുന്നിൽ. പിന്നീട് ബാർസ താരം ക്ലെമന്റ് ലെങ്ലെറ്റ് വഴങ്ങിയ സെൽഫ് ഗോൾ സെവിയ്യയ്ക്കു തുണയായെങ്കിലും 88–ാം മിനിറ്റിൽ ഇവാൻ റാകിട്ടിച്ചിന്റെ ഗോൾ ബാർസ വിജയം സുനിശ്ചിതമാക്കി.

ഇതിനിടെ രണ്ടു തകർപ്പൻ ഡൈവിങ് സേവുകളിലൂടെ ബാർസ ഗോൾകീപ്പർ ടെർ സ്റ്റെഗനും ആരാധകരുടെ കൈയടി നേടി. മൽസരത്തിന്റെ അധിക സമയത്ത് ലൂയി മ്യൂറിയൽ സെവിയ്യയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും കാര്യമുണ്ടായില്ല (4–2). 

ജയത്തോടെ അലാവെസിനെ രണ്ടാം സ്ഥാനത്തേക്കു പിൻതള്ളിയ ബാർസ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ലവാന്തെയുമായുള്ള കളി തോറ്റ റയൽ പട്ടികയിൽ 5–ാം സ്ഥാനത്താണ്.