Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ലീഗിൽ യുണൈറ്റഡിനെ വീഴ്ത്തി യുവെ

juventus-ronaldo ഗോൾ നേടിയ ഡിബാലയെ അഭിനന്ദിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ ∙ ഓൾ‍ഡ് ട്രാഫഡിൽ ഹോസെ മൗറിഞ്ഞോ വീണ്ടും മുഖം താഴ്ത്തി മടങ്ങി. പഴയ തട്ടകത്തിലേക്കു മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്റസ് മൗറിഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ  ഒരു ഗോളിനു കീഴടക്കി ചാംപ്യൻസ് ലീഗിൽ തലയെടുപ്പോടെ  മുന്നോട്ട്. ഗ്രൂപ്പ് എച്ചിൽ മൂന്നു കളികളും വിജയിച്ച് യുവെന്റസിന് 9 പോയിന്റായി. പൗലോ ഡിബാലയാണ് പതിനേഴാം മിനിറ്റിൽ റൊണാൾഡോയുടെ ക്രോസിൽ നിന്ന് ഗോൾ നേടിയത്. യുണൈറ്റഡിന്റെ സ്പാനിഷ്  ഗോളി ഡേവിഡ് ഡിജിയയുടെ ഉജ്വലമായ സേവുകൾ ഇല്ലായിരുന്നെങ്കിൽ സ്വന്തം തട്ടകത്തു ടീമിന്റെ തോൽവി ദയനീയമായേനെ. മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ് യുണൈറ്റഡ് ഇപ്പോൾ.

 മാസിമിലിയാനോ അലെഗ്രിയുടെ ടീം കൂടുതൽ വേഗത്തിൽ, മൂർച്ചയിൽ, ഫീൽഡ് വിഷനിൽ മുന്നിൽ നിന്നു. പലഘട്ടത്തിലും യുവെന്റസിന്റെ സ്പീഡ് ഗെയിമിനൊപ്പമെത്താൻ യുണൈറ്റഡിനായില്ല. യുണൈറ്റഡിന്റെ മാനസപുത്രൻ റൊണാൾഡോയോടുള്ള ആരാധകരുടെ സ്നേഹം പലഘട്ടങ്ങളിലും അതിരുവിട്ടു. കനത്ത സുരക്ഷയിൽ നടക്കുന്ന മൽസരമായിട്ടും റൊണോയെ തേടി രണ്ടു തവണ ആരാധകർ ഗ്രൗണ്ടിനു നടുവിലേക്ക് ഓടിക്കയറി. 

പതിനേഴാം മിനിറ്റിലെ യുവെന്റസ് ഗോൾ കൃത്യമായ മേധാവിത്വത്തിന്റെ ഫലമായിരുന്നു. വലതുവിങ്ങിൽ നിന്ന് റൊണാൾഡോ താഴ്ത്തി നൽകിയ ക്രോസിൽ ഡിബാലയ്ക്ക് പിഴച്ചില്ല. റൊണാൾ‍ഡോയുടെ ഫ്രീകിക്ക് യുണൈറ്റഡ് ഗോളി ഡിജിയയുടെ മിടുക്കുകൊണ്ടു മാത്രമാണ് ഗോളാകാതെ പോയത്. കളി ഇടവേളക്കു പിരിയുമ്പോൾ  67 ശതമാനം പൊസെഷൻ യുവെന്റസിനായിരുന്നു. 

ജോർജിയോ ചില്ലിനിയും ലിയാനാഡോ ബെനൂച്ചിയും നയിച്ച പ്രതിരോധനിരയുടെ മികവ് ബ്ലെയ്സ് മറ്റ്യൂഡിയുടെ കഠിനാധ്വാനം എന്നിവ യുവെന്റസിന്റെ പ്രതിഭയെ  വേറിട്ടു നിർത്തി. എതിരാളികൾ റൊണാൾഡോയെ  കേന്ദ്രീകരിച്ചപ്പോൾ ഡിബാലയ്ക്കു ലഭിച്ച സ്വാതന്ത്ര്യം ഗോളിനും വഴിയൊരുക്കി.

യുണൈറ്റഡിന്റെ വണ്ടി ലേറ്റാണ് 

ലണ്ടൻ ∙ ചാംപ്യൻസ് ലീഗിൽ തുടർച്ചയായി രണ്ടാമത്തെ കളിയിലും വൈകിയെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫയുടെ അപ്രീതിക്കിരയായി. വലെൻസിയക്കെതിരെയുള്ള കളിയിൽ യുണൈറ്റഡ് ഗ്രൗണ്ടിലെത്താൻ വൈകിയതുമൂലം കിക്കോഫ് അഞ്ചുമിനിറ്റ് വൈകിയിരുന്നു. ഈ പരിപാടി ആവർത്തിക്കാതിരിക്കാൻ ഇക്കുറി ഓൾഡ് ട്രാഫഡ് ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുള്ള ഹിൽട്ടൻ ഹോട്ടലാണ് ടീം തിരഞ്ഞെടുത്തത്.വെറും ഒരു കിലോമീറ്റർ മാത്രമകലെയുള്ള ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലെത്താൻ ഇക്കുറി ഒരുമണിക്കൂറെടുത്തു.റോഡുപണിയിൽപ്പെട്ട് വണ്ടി ഇഴഞ്ഞു നീങ്ങിയപ്പോൾ കോച്ച് ഹോസെമൗറിഞ്ഞോ ഇറങ്ങി നടക്കുകയായിരുന്നു.

sp-benzema ഗോൾ നേടിയ ബെൻസേമ മറ്റു താരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ

റയലിനു വിജയം

മഡ്രിഡ് ∙ വിജയത്തിന്റെ ട്രാക്കിൽ തിരിച്ചെത്തിയ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക് ക്ലബ്ബായ വിക്ടോറിയ പ്ലസനെതിരെ 2–1 ന്റെ വിജയം സ്വന്തമാക്കി. കഴിഞ്ഞ അഞ്ചു കളികളിൽ വിജയം അകന്നുപോയ ജുലെൻ ലോപ്പെറ്റെഗുയിയുടെ ടീമിന് ചാംപ്യൻസ് ലീഗ് വിജയം നേർത്ത ആശ്വാസമായി. വിജയം നേടിയിട്ടും ടീമിനെ സ്വന്തം ഗ്രൗണ്ടിൽ ആരാധകർ കൂവിയാണ് തിരിച്ചയച്ചത്.ചാംപ്യൻസ് ലീഗിൽ മിന്നുന്ന വിജയങ്ങളുടെ ചരിത്രമുള്ള റയലിനെ മുന്നിലെത്തിച്ചത് കരിംബെൻസേമയുടെ ഹെഡറാണ്. ലൂക്കാസ് വസ്കാസിന്റെ ക്രോസിൽ നിന്ന് മികച്ച ഹെഡർ. മാർസലോയാണ് റയലിന്റെ രണ്ടാമത്തെ ഗോൾ നേടിയത്; 55– ാം മിനിറ്റിൽ.

78–ാം മിനിറ്റിൽ പാട്രിക് ഹ്രോസോവ്സ്കി വിക്ടോറിയയുടെ ആശ്വാസ ഗോൾ നേടി.മൂന്നു കളികൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പ് ജിയിൽ റയലിനും ഇറ്റാലിയൻ ക്ലബ്ബ് എ.എസ്.റോമയ്ക്കും ആറു പോയിന്റ് വീതമുണ്ട്.ഞായറാഴ്ചത്തെ റയൽ– ബാർസ എൽക്ലാസിക്കോയിൽ വിജയം നേടാനുള്ള ഊർജം തേടിയാണ് റയൽ കളത്തിലിറങ്ങിയത്.

sp-david-silva ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവയുടെ (21) ആഹ്ലാദപ്രകടനം

ഷക്തറിന്റെ ശക്തി ചോർത്തി സിറ്റി

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രഹരശേഷി പ്രീമിയർ ലീഗിൽ മാത്രമല്ല ചാംപ്യൻസ് ലീഗിലും വ്യക്തമാണ്. അയൽവാസികളായ യുണൈറ്റഡ് യുവെന്റസ് തിരയിൽ മുങ്ങിപ്പോയപ്പോൾ  പെപ് ഗ്വാർഡിയോളയുടെ സിറ്റി  ഏകപക്ഷീയമായ മൂന്നു ഗോളിന്  യുക്രൈൻ ക്ലബ്ബായ ഷക്തർ ഡോണെസ്കിനെ തകർത്തുവിട്ടു. ഡേവിഡ് സിൽവ, അയ്മെറിക് ലപോർട്ടെ, പകരക്കാരനായിറങ്ങിയ ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.

ഗ്രൂപ്പ് എഫിൽ ആദ്യ കളി തന്നെ തോറ്റു തുടങ്ങിയ സിറ്റി തന്നെയാണ് ആറു പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമത്. കഴിഞ്ഞ ഏഴ് ആഭ്യന്തര മൽസരങ്ങളിൽ ഷക്തറിനെ ഹോംഗ്രൗണ്ടിൽ തോൽപ്പിക്കാൻ യൂറോപ്യൻ ടീമുകൾക്കു കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റിൽ നിന്ന് 1700 മൈൽ താണ്ടിയെത്തിയ പെപ്പിന്റെ കുട്ടികൾക്ക് അതു കഴിഞ്ഞു .പ്രീമിയർ ലീഗിലെ കളിയാവേശം സിറ്റി ചാംപ്യൻസ് ലീഗിൽ പുറത്തെടുക്കുന്നില്ലെന്ന പരാതിയും പെപ്പിനു തൽക്കാലം മാറിക്കിട്ടി. പരുക്കിനു ശേഷം ആദ്യ ഇലവനിലേക്കു മടങ്ങിയെത്തിയ കെവിൻ ഡിബ്രൂയ്നെ മികച്ച ഫോമിലെത്തിയത് സിറ്റിക്ക് ആശ്വാസമായി.രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി നേടാൻ സിറ്റിക്ക് അവസരം ലഭിച്ചതായിരുന്നു.