Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ ലീഗ് ഫുട്ബോൾ ഇന്നു മുതൽ

clt-bagan ഐ ലീഗ് മത്സരത്തിൽ ഗോകുലം എഫ്സിക്കെതിരെ കളിക്കാൻ കോഴിക്കോട്ട് എത്തിയ കൊൽക്കത്ത മോഹൻ ബഗാൻ താരങ്ങളായ ഹെൻറി കിസിക്കെയും മെഹ്താബ് ഹുസൈനും പരിശീലനത്തിൽ. ചിത്രം:മനോരമ

കോയമ്പത്തൂർ ∙ ഐ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണ് ഇന്നു കോയമ്പത്തൂരിൽ തുടക്കം. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പരീക്ഷണ ടീമായ ഇന്ത്യൻ ആരോസ്, ചെന്നൈ സിറ്റി എഫ്സിയെ ആദ്യ മൽസരത്തിൽ നേരിടും. നാളെ വൈകിട്ട് 5ന് കോഴിക്കോട്ട് ലീഗിലെ ഏക കേരള ടീമായ ഗോകുലം എഫ്സി കൊൽക്കത്ത മോഹൻ ബഗാനെയും നേരിടും. 

ഗോകുലം  എഫ്സിയെ നാളെ നേരിടുന്ന ബഗാൻ ടീം കോഴിക്കോട്ടെത്തി പരിശീലനം ആരംഭിച്ചു. കഴിഞ്ഞ സീസണിൽ ഗോകുലത്തിനു വേണ്ടി കളിച്ച ഹെൻറി കിസിക്കെ, ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന മെഹ്താബ് ഹുസൈൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുള്ള ബഗാനെതിരെ ഗോകുലവും മികച്ച ഒരുക്കങ്ങളാണ് നടത്തുന്നത്. മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമെയ്നു പുറമേ മൂഡെ മൂസ, ഫാബ്രീഷിയോ ഒർട്ടിസ്, ഗ്വില്ലെർമോ കാസ്ട്രോ തുടങ്ങിയവരും ഉൾപ്പെടുന്ന ഗോകുലത്തെ കീഴടക്കൽ ബഗാന് എളുപ്പമാവില്ല. പരിശീലകനെന്ന നിലയിൽ ബിനോ ജോർജിന്റെ രണ്ടാം വരവ് ടീമിനു ഗുണം ചെയ്യും. ആദ്യ മത്സരം ജയിച്ച് സീസൺ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗോകുലം താരങ്ങളായ ജർമെയ്ൻ, മൂസ, അടോ തുടങ്ങിയവർ വ്യക്തമാക്കി. 

6 മാസത്തെ ഫുട്ബോൾ മാമാങ്കത്തിന് 10 സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകളുണ്ട്. ജമ്മു കശ്മീരിൽനിന്നുള്ള റിയൽ കശ്മീർ എഫ്സിയാണ് ലീഗിലെ ഏക പുതുമുഖം. റിയലിനു സ്പോൺസർഷിപ് പ്രഖ്യാപിച്ചുകൊണ്ട് സ്പോർട്സ് ഉപകരണ നിർമാണക്കമ്പനിയായ അഡിഡാസ് രംഗത്തെത്തിയതു വലിയ ആവേശമാണു സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു ഫുട്ബോൾ ടീമിനെ ബിസിനസ് ഭീമന്മാരായ അഡിഡാസ് സ്പോൺസർ ചെയ്യുന്നത്.

നിലവിലെ ചാംപ്യന്മാരായ മിനർവ പഞ്ചാബ് ഉൾപ്പെടെ 11 ടീമുകളാണു ലീഗിലുള്ളത്.