Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡ്സ്റ്റാർ ബൽഗ്രേഡ് എന്ന തീപ്പന്തം; ഏറ്റവും അപകടകാരികളായ ആരാധകരുള്ള ക്ലബുകളിലൊന്ന്

Red Star Belgrade

‘റെഡ്സ്റ്റാറിന്റെ കളിക്കാർ പന്തു കൊണ്ടു കളിക്കുന്നവരാണ്. അവരുടെ ആരാധകർ തീ കൊണ്ടും’– റെഡ്സ്റ്റാർ ബൽഗ്രേഡിനെ വിശേഷിപ്പിക്കാൻ ഇതല്ലാതെ മറ്റൊരു വിശേഷണമില്ല. ലോകത്തെ ഏറ്റവും വീര്യമേറിയ ആരാധക സമൂഹങ്ങളിലൊന്ന് പഴയ യുഗോസ്ലാവിയയിലെയും പുതിയ സെർബിയയിലെയും ഏറ്റവും പേരുകേട്ട ഈ ക്ലബിനു സ്വന്തം. തൊണ്ണൂറുകളിൽ റെഡ്സ്റ്റാറിന്റെ മൈതാനത്തു പോയി ജയിച്ചു വരിക എന്നത് മറ്റു ക്ലബുകൾക്ക് അഗ്നിയിൽ കുളിച്ചെത്തുന്നതു പോലെ കഠിനമായിരുന്നു. യുവേഫയുടെയും ഫിഫയുടെയും നിയന്ത്രണങ്ങൾ മൂലം റെഡ്സ്റ്റാർ ആരാധകർ ഒന്നടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഗാലറിയിലെ അവരുടെ ആരവങ്ങളും ആചാരങ്ങളും തുടരുന്നു. സെർബിയയിലെ ചിരവൈരികളായ പാർട്ടിസാൻ ക്ലബുമായും ക്രൊയേഷ്യൻ ക്ലബായ ഡൈനമോ സാഗ്രെബുമായും മൽസരിക്കുമ്പോൾ അത് ഏതറ്റം വരെയും പോകും.

പാർട്ടിസാൻ ക്ലബുമായുള്ള റെഡ്സ്റ്റാറിന്റെ വൈരം ലോക ഫുട്ബോളിലെ ഏറ്റവും വീര്യമേറിയവയിലൊന്നാണ്. ഇരുടീമുകൾക്കും വിവിധ കായികവിഭാഗങ്ങളിൽ ടീമുകളുണ്ടെങ്കിലും ഫുട്ബോളിൽ അതേറ്റവും രൂക്ഷം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുഗോസ്ലാവിയയിലെ ആന്റി ഫാസിസ്റ്റ് ചിന്താഗതിയുള്ള യുവാക്കളാണ് റെഡ്സ്റ്റാറിനു രൂപം നൽകിയത്. തൊട്ടു പിന്നാലെ യുഗോസ്ലാവ് പീപ്പിൾസ് ആർമിയുടെ കീഴിൽ പാർട്ടിസാനും രൂപം കൊണ്ടു. റെ‍ഡ്സ്റ്റാറിന്റെ ആരാധകർ ഡെലിജെ എന്നറിയപ്പെട്ടു– എന്നുവച്ചാൽ കഠിനഹൃദയരായവർ. പാർട്ടിസാൻ ആരാധകർ ശവക്കുഴി തോണ്ടുന്നവർ എന്ന അർഥത്തിൽ ഗ്രോബാരി എന്നും.

1990ൽ ക്രോട്ട് വംശജരുടെ സ്വന്തം ക്ലബ്ബായ ഡൈനമോ സാഗ്രെബും സെർബ് വംശജരുടെ ക്ലബ്ബായ റെഡ്സ്റ്റാർ ബൽഗ്രേഡും തമ്മിലുള്ള ഒരു മൽസരത്തിനിടെയാണ് യുഗൊസ്‌ലാവ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. മൈതാനത്തു തുടങ്ങിയ ആ പോരാട്ടം പിന്നീടു തെരുവിലേക്കും പടരുകയായിരുന്നു. 1990ലെ കുപ്രസിദ്ധമായ ആ മൽസരത്തിൽ ഒരു പൊലീസുകാരനെ ഇടിച്ചിട്ടയാളാണു പിന്നീട് 1998 ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിനെ നയിച്ച സോനിമിർ ബോബൻ. ഇപ്പോൾ ഫിഫയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലാണ് ബോബൻ.

1991ലെ യൂറോപ്യൻ കപ്പ് വിജയമാണ് റെഡ്സ്റ്റാറിന്റെ ചരിത്രത്തിലെ സുവർണരേഖ. 1987ൽ ക്ലബിന്റെ ജന്മദിനത്തിലാണ് ആ കുതിപ്പിന്റെ തുടക്കം. സ്വന്തം മൈതാനമായ മാറക്കാനയിൽ (ബ്രസീലിലെ മാറക്കാനയെ അനുസ്മരിച്ചാണ് റെഡ്സ്റ്റാർ ഹോം ഗ്രൗണ്ടിനു പേരു നൽകിയത്) റയൽ മഡ്രിഡിനെ തോൽപ്പിച്ചായിരുന്നു തുടക്കം. ഫൈനലിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയായിരുന്നു റെഡ്സ്റ്റാറിന്റെ എതിരാളികൾ. ഷൂട്ടൗട്ടിൽ റെഡ്സ്റ്റാറിന്റെ ജയം 5–3ന്. അതിനു ശേഷം ഇപ്പോൾ 26 വർഷങ്ങൾക്കു ശേഷമാണ് അവർ യോഗ്യത നേടുന്നത്. റെഡ്സ്റ്റാർ കാത്തു വച്ചതെന്താകും; അവരുടെ ആരാധകരും!