Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്രയും വീര്യം, ഇതാദ്യം ! ലോക ഫുട്ബോളിലെ ഏറ്റവും വീര്യമുള്ള ക്ലബ് കുടിപ്പകയുടെ കഥ

Boca-Juniors-River-Plate

അർജന്റീനയിൽ കുഞ്ഞുങ്ങൾ ജനിക്കുന്നതു തന്നെ ബോക്ക ജൂനിയേഴ്സിന്റെയോ റിവർപ്ലേറ്റിന്റേയോ ജഴ്സിയണിഞ്ഞിട്ടാണ് എന്നതാണ് പറച്ചിൽ. ലോക ഫുട്ബോളിലെ എന്നല്ല, കായികലോകത്തെ തന്നെ ഏറ്റവും വീര്യമുള്ള കുടിപ്പകകളിലൊന്നാണ് അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്നുള്ള ഈ രണ്ട് ക്ലബുകളും തമ്മിലുള്ളത്. ഇംഗ്ലണ്ടിൽ നിന്നിറങ്ങുന്ന ദ് ഒബ്‌സർവർ പത്രം കായിക പ്രേമികൾ നിർബന്ധമായും കാണേണ്ട അൻപത് കായിക ഇനങ്ങളുടെ ഒരു പട്ടിക 2004ൽ പ്രസിദ്ധീകരിച്ചിരുന്നു.

അതിൽ ഒന്നാമത് പറഞ്ഞതിങ്ങനെ: ബ്യൂണസ് ഐറിസിലെ ബോംബെനേര സ്‌റ്റേഡിയത്തിലെ ബോക്കാ ജൂനിയേഴ്‌സ്- അത്‌ലറ്റിക്കോ റിവർപ്ലേറ്റ് മൽസരം കാണുക. ആ മൽസരം തെക്കേ അമേരിക്കയുടെ ക്ലബ് ചാംപ്യൻഷിപ്പായ കോപ്പ ലിബർട്ടഡോറസിന്റെ ഫൈനലിൽ ആണെങ്കിലോ..? നൂറ്റാണ്ടിലൊരിക്കൽ എന്നു തന്നെ പറയണം. കാരണം ലിബർട്ടഡോറസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ബൊക്കയും റിവർപ്ലേറ്റും ഇത്തവണ ഫൈനലിൽ ഏറ്റുമുട്ടുന്നത്. 

അർജന്റീനയിലെ 40% ആളുകൾ ബോക്കയെയും 33% പേർ റിവർപ്ലേറ്റിനെയും പിന്തുണയ്‌ക്കുന്നുവെന്നാണ് സർവേ കണക്കുകൾ. ആരാധകവൃന്ദത്തിന്റെ മൊത്തംശതമാനക്കണക്കെടുത്താൽ ലോകത്തിൽ ഏറ്റവുമധികം പിന്തുണ ബൊക്കയ്‌ക്കാണെന്ന സർവേ ഫലങ്ങൾ വേറെയുമുണ്ട്. ബ്യൂണസ് ഐറിസിലെ പ്രകൃതിരമണീയമായ ലാ ബോക്കാ ഏരിയയിലാണ് രണ്ടു ക്ലബുകളുടെയും തുടക്കം. കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ബെൽഗ്രാനോ പ്രദേശത്തേക്ക് റിപവർപ്ലേറ്റ് പിന്നീട് ആസ്‌ഥാനം മാറ്റി. ബോക്കാ പക്ഷേ, ആദ്യ സ്‌ഥാനത്തുതന്നെ തുടർന്നു.

അർജന്റീന ജനതയുടെ പകുതിയിലധികം തങ്ങളുടെ ആരാധകരാണെന്ന് അവകാശപ്പെടുന്ന ബോക്കാ 1905 ഏപ്രിൽ മൂന്നിനാണ് സ്‌ഥാപിക്കപ്പെട്ടത്. പ്ലേറ്റ് നദീമുഖത്തെ തുറമുഖ നഗരിയിൽ കുറേ ചെറുപ്പക്കാർ ഒരു ഫുട്‌ബോൾ ക്ലബ് വേണമെന്ന് തീരുമാനിക്കുകയായിരുന്നു.  പഴന്തുണിയും റബർ ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ നാടൻ പന്തുകളായിരുന്നു തുറമുഖ തൊഴിലാളികളുടെ അന്നത്തെ ഫുട്‌ബോൾ. പക്ഷേ, ക്ലബ് രൂപവൽക്കരണത്തോടെ യഥാർഥ ഫുട്‌ബോൾ തന്നെ മൈതാനത്തെത്തി.

ഫുട്‌ബോളിന്റെ തറവാട് എന്ന നിലയിൽ ആരാധനയോടെ കാണുന്ന ഇംഗ്ലണ്ടുമായുള്ള ബന്ധം സൂചിപ്പിക്കുവാനായിരുന്നു ക്ലബിന്റെ പേരിൽ ജൂനിയേഴ്‌സ് ചേർത്തത്. ബോക്കായിലെ ജൂനിയർമാർ എന്ന അർഥത്തിൽ തന്നെ. ക്ലബിന്റെ കളിക്കാരനായി വളർന്ന് ലോക താരമായി ഉയർന്ന ഡീഗോ മറഡോണ സ്വന്തം ജഴ്‌സിയെപ്പറ്റി പറഞ്ഞു. ‘ലോകത്തിൽ ഏറ്റവും മനോഹരമായ ജഴ്‌സി.’ ബോക്കാ-റിവർപ്ലേറ്റ് മൽസരത്തിൽ നിറഞ്ഞുകവിയുന്ന ലാ ബോംബെനേര സ്‌റ്റേഡിയത്തെപ്പറ്റിയും ആരാധകർക്ക് വികാര തീവ്രമായ വിശേഷണങ്ങളുണ്ട്. ‘എത്ര ആളുകൾ നിറഞ്ഞാലും സ്‌റ്റേഡിയം തകരുകയില്ല, ഞങ്ങളുടെ ഹൃദയമിടിപ്പാണിത്’.

ബോക്കയ്ക്കും നാലു വർഷം മുൻപെ റിവർപ്ലേറ്റ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്–1901 മേയ് 25ന്. പെഡ്രോ മാർട്ടിനെസ് എന്ന സംഘാടകനായിരുന്നു റിവർ പ്ലേറ്റ് എന്ന പേർ നിർദേശിച്ചത്.
നാവികർ തുറമുഖത്ത് ഇറക്കുന്ന വലിയ പെട്ടികളാണ് ഇങ്ങനെയൊരു പേർ നിർദേശിക്കുവാൻ പ്രചോദനമായതെന്നാണ് പറയപ്പെടുന്നത്.  ബോക്കയും റിവർപ്ലേറ്റും രംഗത്തിറക്കിയ കളിക്കാരുടെ നിര ലോകഫുട്‌ബോളിൽ എക്കാലത്തും നക്ഷത്രശോഭയോടെ തിളങ്ങി നിൽക്കും. റിവർപ്ലേറ്റിന്റെ ഏറ്റവും വലിയ സംഭാവന ആൽ‍ഫ്രെഡോ ഡിസ്‌റ്റെഫാനോയും ബോക്കയുടേത് ഡിയേഗോ മറഡോണയുമാണ്.

ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് ആരാധകരുടെ കൂടി മൽസരമാണ്. ബോക്ക ആരാധകർ റിവർപ്ലേറ്റുകാരെ ചങ്കുറപ്പില്ലാത്തവർ എന്ന അർഥത്തിൽ ‘ചിക്കൻസ്’ എന്നു വിളിക്കുന്നു. റിവർ ആരാധകർ ബോക്കയ്ക്കാരെ ‘കുട്ടിപ്പന്നികൾ‌’ എന്നും!

ബോക്ക ജൂനിയേഴ്സിനു വേണ്ടി കളിച്ച പ്രശസ്ത താരങ്ങൾ:

ഡിയേഗോ മറഡോണ, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, യുവാൻ റോമൻ റിക്വെൽമി, കാർലോസ് ടെവസ്, മാർട്ടിൻ പാലെർമോ, ക്ലോഡിയോ കനീജിയ

‌റിവർപ്ലേറ്റിനു വേണ്ടി കളിച്ച പ്രശസ്ത താരങ്ങൾ:

ആൽഫ്രെഡോ ഡിസ്റ്റെഫാനോ, ഹെർനൻ ക്രെസ്പോ, ഏരിയൽ ഒർട്ടേഗ, ഹവിയർ സാവിയോള, ഡാനിയേൽ പാസറെല്ല, മരിയോ കെംപസ്

246

ബോക്കയും റിവർപ്ലേറ്റും ഇതുവരെ ഏറ്റുമുട്ടിയത് 246 മൽസരങ്ങളിൽ. ഇതിൽ 88 കളികൾ ബോക്ക ജയിച്ചു. 81 കളികൾ റിവറും. 77 മൽസരങ്ങൾ സമനിലയായി