Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിന്റെ മഞ്ഞ ജഴ്സി ഡിസൈൻ ചെയ്ത അൽദിർ ഗാർഷ്യ ഷ്ലീ അന്തരിച്ചു

Aldyr-Schlee-brazil-jersey-designer അൽദിർ ഗാർഷ്യ ഷ്ലീ

റിയോ ഡി ജനീറോ ∙ രണ്ട് ബ്രസീൽ–യുറഗ്വായ് മൽസരങ്ങൾക്കിടയിലെ ദൂരമാണ് അൽദിർ ഗാർഷ്യ ഷ്ലീയുടെ ജീവിതം. 1950 ലോകകപ്പിൽ മാറക്കാനയിൽ വെള്ളക്കുപ്പായമിട്ട് ബ്രസീൽ യുറഗ്വായോടു തോറ്റതിനു ശേഷം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഒരു മൽസരം പ്രഖ്യാപിച്ചു: ബ്രസീൽ ഫുട്ബോൾ ടീമിനു ഭാഗ്യം കൊണ്ടു വരാ‍ൻ ഒരു ജഴ്സി കിറ്റ് വേണം. ദേശീയ പതാകയിലെ നാലു നിറങ്ങളും അതിൽ വേണം. അന്ന് ഒരു പ്രാദേശിക ദിനപത്രത്തിൽ ഇല്ലസ്ട്രേറ്ററായി ജോലി നോക്കുകയായിരുന്ന പതിനെട്ടുകാരനായിരുന്ന അൽദിർ ഷ്ലീയാണ് ആ മൽസരത്തിൽ ജയിച്ചത്. ഷ്ലീ ഡിസൈൻ ചെയ്ത കുപ്പായക്കൂട്ട് ഇങ്ങനെ: കോളറിനു ചുറ്റും പച്ചനിറമുള്ള മഞ്ഞ ജഴ്സി, നീല ഷോർട്സ്, വെള്ള സോക്സ്.

സ്വന്തം നാട്ടിൽനിന്ന് റിയോ ഡി ജനീറോയിലേക്കു വിമാനയാത്രയായിരുന്നു ഷ്ലീക്കുള്ള സമ്മാനം. 1954 ലോകകപ്പിൽ ഷ്ലീ ഡിസൈൻ ചെയ്ത കിറ്റ് അണിഞ്ഞാണ് ബ്രസീൽ കളിച്ചത്. ആ കളി തോറ്റു പുറത്തായെങ്കിലും ജഴ്സി മാറ്റിയില്ല. അടുത്ത രണ്ടു ലോകകപ്പുകളിലും കിരീടം നേടുകയും ചെയ്തു. ഇങ്ങനെ ആണെങ്കിലും ഷ്ലീ ഒരു യുറഗ്വായ് ആരാധകനായിരുന്നു എന്നത് രഹസ്യം. ബ്രസീൽ–യുറഗ്വായ് അതിർത്തി പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. 1950 ലോകകപ്പിൽ പിന്തുണച്ചതും യുറഗ്വായ് ടീമിനെ തന്നെ. ഒടുവിൽ 83–ാം വയസ്സിൽ ഇന്നലെ ലോകത്തോടു വിട പറഞ്ഞതും ഒരു ബ്രസീൽ–യുറഗ്വായ് മൽസരത്തിന്റെ അന്ന്. അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയായ ഷ്ലീയോടുള്ള ആദരാഞ്ജലിയായി ഇന്നലെ മൽസരത്തിനു മുൻപ് ബ്രസീൽ കളിക്കാർ ഒരു മിനിറ്റ് നിശബ്ദരായി നിന്നു.