Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോ...കുലം ...ഗോ ! ഗോകുലം കേരള എഫ്സി പോയിന്റ് പട്ടികയിൽ രണ്ടാമത്

gokulam-fc-i-league കോഴിക്കോട്ട് ഐ ലീഗ് ഫുട്ബോളിൽ മിനർവ പഞ്ചാബ് എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിയുടെ എസ്. രാജേഷ് ഹെഡറിലൂടെ ഗോൾ നേടുന്നു. ചിത്രം: പി.എൻ.ശ്രീവത്സൻ ∙ മനോരമ

കോഴിക്കോട് ∙ റെയിൽവേയിൽ നിന്നു വായ്പ വാങ്ങിയ എസ്.രാജേഷിന്റെ തോളിലേറി ഗോകുലം കേരള എഫ്സി വിജയത്തിലേക്കു കൂകിപ്പാഞ്ഞു. 60–ാം മിനിറ്റിൽ രാജേഷ് നേടിയ ഗോളിൽ നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബ് എഫ്സിയെ 1–0നു തോൽപിച്ച് ഐ ലീഗ് ഫുട്ബോളിൽ ഗോകുലത്തിനു തുടർച്ചയായ രണ്ടാം ജയം. 5 കളിയിൽ നിന്ന് 8 പോയിന്റുമായി പട്ടികയിൽ ഗോകുലം രണ്ടാമത്. ഗോകുലത്തിന്റെ അടുത്ത കളി 30നു ചർച്ചിൽ ബ്രദേഴ്സിനെതിരെ. വിജയഗോൾ നേടിയ രാജേഷാണു കളിയിലെ കേമൻ. 

ജനറേറ്റർ തകരാറുമൂലം ഫ്ലഡ്‌‌ലൈറ്റുകളിലൊന്ന് അണഞ്ഞതിനാൽ ആദ്യപകുതിയിൽ 20 മിനിറ്റ് കളി തടസ്സപ്പെട്ടു. കളിയിൽ ആവേശം മൂത്തു വരുമ്പോഴായിരുന്നു നിറം കെടുത്തി വെളിച്ചം നിലച്ചത്. ആദ്യപകുതിയിൽ മിനർവയുടെ ആധിപത്യമായിരുന്നു. നൈജീരിയൻ താരം ഡൊണാറ്റസ് എഡാഫേ മുൻനിരയിൽ കുതിച്ചുപാഞ്ഞപ്പോൾ ഗോകുലത്തിന്റെ പ്രതിരോധനിരയിൽ ഡാനിയൽ അഡോയും ഫാബ്രിഷ്യോ ഒർട്ടിസും കെ.ദീപകും വിയർത്തു. 

രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ ബ്രസീൽ താരം ഗില്ലെർമോ കാസ്ട്രോയാണു ഗോളിലേക്കു വഴി തുറന്ന നീക്കത്തിനു തുടക്കമിട്ടത്. ബോക്സ് ലക്ഷ്യമാക്കി പന്തുമായി ഓടിക്കയറിയ കാസ്ട്രോ വി.പി.സുഹൈറിനു പന്തു മറിച്ചു. വിങ്ങിലൂടെ ഓടിയെത്തിയ ഗനി അഹമ്മദ് നിഗത്തിനെ ലക്ഷ്യമാക്കി സുഹൈറിന്റെ പാസ്. ഓടിക്കയറിയ ഗനി ഗോൾവലയ്ക്കു മുന്നിലേക്കു ക്രോസിട്ടു. അതു പ്രതീക്ഷിച്ച് പാഞ്ഞെത്തിയ രാജേഷിന്റെ ഉഗ്രൻ ഹെഡർ. ഗോൾ. കഴിഞ്ഞ കളിയിൽ ഗോൾമുഖത്തേക്കു പറന്നു നിരങ്ങിയെത്തി ഗോകുലത്തിനായി അവസാനഗോൾ നേടിയ രാജേഷ് ഇക്കുറി ഒരൊറ്റ ഗോളിലൂടെ ടീമിന്റെ ഭാവി നിശ്ചയിച്ചു.