Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥിരം പരിശീലകനായപ്പോൾ സോളാരിക്കും അടിതെറ്റി; റയലിനു ദയനീയ തോൽവി (3–0)

eiber-celebration റയൽ മഡ്രിഡിനെ തോൽപ്പിച്ച ഐബർ താരങ്ങളുടെ ആഹ്ലാദം.

ഐബർ∙ താൽക്കാലിക പരിശീകനെന്ന നിലയിൽ സാന്തിയാഗോ സോളാരിക്കു കീഴിൽ നേടിയ റയൽ മഡ്രിഡ് നേടിയ വിജയങ്ങളും ‘താൽക്കാലികം’ മാത്രം. രാജ്യാന്തര മൽസരങ്ങളുടെ ചെറിയ ഇടവേളയ്ക്കുശേഷം പുനഃരാരംഭിച്ച സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിന് ദയനീയ തോൽവി. ഐബറിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ തോറ്റത്. ഇതോടെ, റയലിന്റെ സ്ഥിരം പരിശീലകനായുള്ള സ്പാനിഷ് ലീഗ് അരങ്ങേറ്റത്തിൽ സോളാരിക്കും ‘തോൽവിത്തുടക്കം’.

റയലിനെതിരെ ഐബർ ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്നു. ഗോൺസാലോ എസ്കലാന്റെ (16), സെർജി എൻറിച്ച് (52), കിക്കെ (57) എന്നിവരാണ് ഐബറിന്റെ ഗോളുകൾ നേടിയത്. സീസണിലെ ആറാം വിജയം കുറിച്ച ഐബർ 13 മൽസരങ്ങളിൽനിന്ന് 18 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്തെത്തി. അഞ്ചാം തോൽവി വഴങ്ങിയ റയലാകട്ടെ, ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. 12 മൽസരങ്ങളിൽനിന്നും 24 പോയിന്റുമായി ബാർസിലോനയാണ് ലീഗിൽ ഒന്നാമത്.

സ്പാനിഷ് പരിശീലകൻ ജുലൻ ലോപറ്റെഗുയിക്കു കീഴിൽ ടീം തുടർച്ചയായി തോറ്റതോടെ റയൽ മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തുടർന്ന് റയലിന്റെ തന്നെ ബി ടീം പരിശീകലനായിരുന്ന സാന്തിയാഗോ സോളാരിക്ക് സീനിയർ ടീമിന്റെ താൽക്കാലിക ചുമതല നൽകി. സോളാരിക്കു കീഴിൽ തുടർച്ചയായി നാലു മൽസരങ്ങൾ ടീം ജയിച്ചതോടെ റയൽ സ്ഥിരം പരിശീലകനായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥിരം പരിശീലകനായുള്ള ആദ്യ അങ്കത്തിൽ സോളാരിയും പരാജയം രുചിച്ചത്. ഇനി ചാംപ്യൻസ് ലീഗിൽ ചൊവ്വാഴ്ച എ.എസ്. റോമയ്ക്കെതിരെയാണ് റയലിന്റെ അടുത്ത മൽസരം.