Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കളി കണ്ടാൽ ആരും ചോദിച്ചുപോകും, റൊണാൾഡോയായിരുന്നോ റയൽ?

real-madrid-ronaldo-zidan

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ട് യുവെന്റസിലേക്കു പോയപ്പോൾ കുറെയേറെ ആരാധകരും ഒപ്പം കൂടുമാറി. എന്നാൽ, റയലിന്റെ വീരചരിത്രത്തെ പ്രണയിക്കുന്ന കട്ട ആരാധാകർ അപ്പോഴും വിശ്വാസം മുറുകെപ്പിടിച്ച് ഒപ്പം നിന്നു. പക്ഷേ, അവർ പോലും മനസ്സു മടുത്തു പോകും റയൽ മഡ്രഡിന്റെ ഇപ്പോഴത്തെ പ്രകടനത്തിൽ. യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളുടെ നില അത്രയ്ക്കു പരിതപാകരമാണ്.

ലാ ലിഗയിൽ 13 കളികൾ പൂർത്തിയാക്കിയപ്പോൾ 5 തോൽവിയോടെ 20 പോയിന്റുമായി ആറാം സ്ഥാനത്താണ് മഡ്രിഡ്. ഈ ദശകത്തിൽ റയലിന്റെ ഏറ്റവും മോശം തുടക്കമാണിത്. കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ നിറംകെട്ടതിനെക്കാൾ കഷ്ടമാണ് അവസ്ഥ. 2005–06 സീസണിനു ശേഷം ഇത്രയും ദയനീയ സ്ഥിതിയിലേക്ക് ലീഗിൽ ക്ലബ് കൂപ്പുകുത്തുന്നത് ആദ്യം. ഈ സീസണിലെ ആദ്യ എൽ ക്ലാസികോയിൽ ബാർസിലോനയ്ക്കു മുന്നിൽ ആയുധം വച്ചു കീഴങ്ങിയപ്പോൾ, കോച്ച് ജൂലൻ ലോപട്വെഗിയുടെ തൊപ്പിയും തെറിച്ചു.

പകരമെത്തിയ അർജന്റീനക്കാരൻ സാന്റിയാഗോ സൊളാരിയുടെ സ്ഥിതിയും അത്ര സുഖകരമല്ല. താരതമ്യേന ദുർബലരായ എയ്ബറിനെതിരെ 0–3നു തകർന്നതോടെ സൊളാരിയും കടുപ്പമേറിയ ചോദ്യങ്ങളെ നേരിയുകയാണ്. ലാ ലിഗയിലെ ചിരവൈരികളായ ബാർസിലോനയും അത്‌ലറ്റിക്കോ മഡ്രിഡും ചില കളികളിൽ പോയിന്റു നഷ്ടാക്കിയതിനാൽ ലീഗിൽ റയലിന്റെ സാധ്യതകള്‍ അസ്തമിച്ചിട്ടില്ലെന്നു മാത്രം. സെവിയ്യ (26 പോയിന്റ്), ബാർസ (25), അത്‌ലറ്റിക്കോ (24), അലാവെസ് (23), എസ്പാന്യോൾ (21) എന്നീ ക്ലബ്ബുകളാണ് റയലിനു മുന്നിലുള്ളത്.

∙ ചോരുന്ന കരുത്ത്

2016–17 സീസണിനു പിന്നാലെ ഘട്ടം ഘട്ടമായി റയലിന്റെ കരുത്തു ചോർന്നു പോവുകയാണ്. പെപ്പെ, ഹാമിഷ് റോഡ്രിഗെസ്, ഡാനിലോ, അൽവാരോ മൊറാട്ട എന്നീ മികച്ച താരങ്ങളെ ഒഴിവാക്കിയതോടെയാണ് ടീമിന്റെ ദൗർബല്യങ്ങൾ ഓരോന്നായി വെളിപ്പെട്ടു തുടങ്ങിയത്. ഇത്തവണ ക്രിസ്റ്റ്യാനോയ്ക്കു പിന്നാലെ മിഡ്ഫീൽഡ് പ്രതിഭ ക്രൊയേഷ്യൻ താരാം മാറ്റിയോ കൊവാചിച്ചിനെയും റയൽ വേണ്ടെന്നു വച്ചു.

ജർമൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടിനു റയൽ വായ്പ അടിസ്ഥാനത്തിൽ വിട്ടുകൊടുത്ത മൊറോക്കോ പ്രതിരോധ താരം അഷ്റഫ് ഹക്കീമി ബുന്ദസ് ലിഗയിൽ മിന്നുന്ന കളിയാണു പുറത്തെടുക്കുന്നത്. പുതുതായെത്തിയ ബൽജിയൻ ഗോൾ കീപ്പർ തിബോ കോർട്ടോ, സ്പെയിൻകാരനായ റൈറ്റ് ബാക്ക് അ‍ൽവാരോ ഒഡ്രിയോസോള എന്നിവരുടെ പ്രകടനം ശരാശരിയാണ്. സ്ട്രൈക്കർ മരിയാനോ മോശമല്ലെങ്കിലും റൊണാൾഡോയ്ക്കു പകരമാവില്ല. 

ലോകകപ്പിനു പിന്നാലെ വ‍ൻ താരങ്ങളെ സ്വന്തമാക്കുന്നത് റയലിന്റെ പതിവായിരുന്നു. ബ്രസീൽതാരം റൊണാൾഡോ, ഇറ്റലിയുടെ കന്നവാരോ, ജർമൻ താരങ്ങളായ മെസൂട് ഓസിൽ, ടോണി ക്രോസ് തുടങ്ങിയവർ അങ്ങനെയെത്തിയവരാണ്. ഇത്തവണ ഈ ഗണത്തിൽപ്പെടുന്ന ആരെയും റയൽ ഇതുവരെ ടീമിലെടുത്തിട്ടില്ല.

∙ തണുപ്പൻ ഫോം

റയലിന്റെ താരങ്ങൾക്ക് ഒന്നടങ്കം ഫോം നഷ്ടപ്പെട്ട അവസ്ഥയാണ്. ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിന്റെ പ്രകടനമാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ സീസണിൽ റയലിനും ക്രൊയേഷ്യയ്ക്കും വേണ്ടി ഉജ്വലമായി കളിച്ച മോഡ്രിച്ചിന്റെ നിഴലാണ് ഈ വർഷം.

ലോകകപ്പ് ജേതാവ് കൂടിയായ റാഫേൽ വരാൻ, റയലിന്റെ ക്യാപ്റ്റൻ സെർജിയോ റാമോസ് എന്നിവർ പ്രതിരോധത്തിൽ വരുത്തുന്ന പിഴവുകളും ഈ സീസണിൽ റയലിനു പരിഹരിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെ മിന്നും താരങ്ങളായിരുന്ന ഇസ്കോ, മാർക്കോ അസെൻസിയോ എന്നിവരും മികച്ച ഫോമിന്റെ അടുത്തെങ്ങുമല്ല.

∙ പ്രതിരോധപ്പിഴവ്

ഈ സീസണിൽ ലീഗിലടക്കം ഇതുവരെ കളിച്ച 19 കളികളിൽ ഏഴെണ്ണത്തിൽ മാത്രമാണ് റയൽ ഗോൾ വഴങ്ങാതിരുന്നത്. ഇതിൽത്തന്നെ ലാലിഗയിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെയുള്ള പ്രകടനവും (0–0) ചാംപ്യൻസ് ലീഗിൽ റോമയ്ക്കെതിരെയുള്ള വിജയവും (3–0) മാത്രമാണ് കൊള്ളാവുന്ന ടീമുകൾക്കെതിരെയുള്ളത്.

പക്ഷേ, സൂപ്പർ കപ്പിൽ അത്‌ലറ്റിക്കോ 4–2നു കെട്ടുകെട്ടിച്ചതുമാണ്. ലീഗിൽ സെവ്വിയയ്ക്കെതിരെ 0–3, ബാർസയ്ക്കെതിരെ 1–5, എയ്ബറിനെതിരെ 0–3 എന്നിങ്ങനെയാണു വലിയ തോൽവികൾ. ലാ ലിഗയിൽ ഏവേ മൽസരങ്ങളിൽ കൂടുതൽ ഗോൾ വഴങ്ങിയ രണ്ടാമത്തെ ടീം (19) എന്ന ചീത്തപ്പേരും റയലിനുണ്ട്.

∙ മുൻനിരയിലെ വിടവ്

മുൻനിരയിൽ റൊണാൾഡോയുടെ അസാന്നിധ്യം നികത്താൻ പോന്ന ആരുമില്ലാത്തതാണ് വലിയ പ്രശ്നം. തികവുറ്റ സ്ട്രൈക്കറുടെ ഗണത്തിൽപ്പെടാത്ത ഫ്രഞ്ച് താരം കരീം ബെൻസീമയ്ക്കോ വെൽഷ്താരം ഗാരത് ബെയ്‍ലിനോ ടീമിനെ നയിക്കാൻ ശേഷിയുണ്ടെന്നു തോന്നുന്നില്ല. ഇസ്കോയുടെയും അസെൻസിയോയുടെയും ഫോമില്ലായ്മയും മുൻനിരയുടെ കരുത്തു ചോർത്തുന്നു.

∙ പരുക്കിന്റെ കളി

പ്രമുഖ താരങ്ങൾ പരുക്കിന്റെ പടിയിലമർന്നതും റയലിന്റെ പ്രകടനങ്ങളുടെ നിറം കെടുത്തി. ഡാനി കാർവാൽ, ബെയ്‌ൽ, നാച്ചോ, കാസെമിറോ, റാമോസ്, സെർജിയോ റെഗ്വിലോൺ,ഹിസ്യൂസ് വല്ലെയോ, ബെൻസീമ തുടങ്ങിവരെല്ലാം പലപ്പോഴായി പുറത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ മൽസരത്തിൽ ഒഡ്രിയോസോളയ്ക്കു പരുക്കേറ്റു. ലാ ലിഗയിൽ പരുക്കുമൂലം ഏറ്റവും കൂടുതൽ താരങ്ങൾ പുറത്തിരിക്കുന്ന ടീമെന്ന ദൗർഭാഗ്യവും റയലിനെ പിന്തുടരുന്നു.