Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ലക്ഷ്യമിട്ട് ജർമൻ ലീഗ്

robert-bundesliga ബുന്ദസ്‌ലിഗ സിഇഒ റോബർട്ട് ക്ലീൻ

കൊച്ചി ∙ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി ജർമനിയിലെ ടോപ് ലീഗായ ബുന്ദസ്‌ലിഗയും ഐഎംജി റിലയൻസും കൈകോർക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ ജർമനിയുടെ യൂത്ത് ഡവലപ്മെന്റ് സംവിധാനം ഫുട്ബോൾ വികസനത്തിന് ഉപയോഗപ്പെടുത്തും.

താഴേത്തട്ടിലെ ഫുട്ബോൾ വികസന പ്രവർത്തനങ്ങൾക്കു പുറമേ ജർമൻ സൂപ്പർ താരങ്ങളുടെ ഇന്ത്യാ സന്ദർശനം, ജർമനിയിൽനിന്നുള്ള ടീമുകളുമായുള്ള സൗഹൃദ മൽസരങ്ങൾ, ഫാൻ പാർക്കുകളുടെ നിർമാണം, വലിയ സ്ക്രീനിൽ ജർമനിയിലെ മൽസരങ്ങളുടെ നേരിട്ടുള്ള സംപ്രേഷണം തുടങ്ങിയവയാണു ലക്ഷ്യമിടുന്നത്. ബുന്ദസ്‌ലിഗ സിഇഒ റോബർട്ട് ക്ലീൻ ‘മനോരമ’യോട്:

∙ ഇന്ത്യയിൽ എന്തു നേട്ടമാണു ലക്ഷ്യമിടുന്നത്?

വലിയ വിപണിയാണ് ഇന്ത്യ. അണ്ടർ 17 ലോകകപ്പ് അതു തെളിയിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിലും കുതിപ്പിലും സഹായിക്കാൻ ഇതാണു പറ്റിയ സമയം. വികസനതന്ത്രം ഞങ്ങൾ തുടർച്ചയായി രൂപപ്പെടുത്തും. ‘ഫുട്ബോൾ ആസ് ഇറ്റ് ഈസ് മെന്റ് ടു ബി’ എന്ന മന്ത്രവും ബുന്ദസ്‌ലിഗയുടെ മൂല്യങ്ങളും ഉപയോഗിച്ച് ഇന്ത്യയുമായും ഇവിടത്തെ ആരാധകരുമായും ദീർഘകാലത്തെ ബന്ധമാണു ലക്ഷ്യമിടുന്നത്.

∙ ഇംഗ്ലീഷ് പ്രീമിയർ ലീഗും ലാ ലിഗയും ഇന്ത്യൻ ഫുട്ബോളിൽ ഇടപെടാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയെ വശത്താക്കാൻ നിങ്ങളെന്താണു ചെയ്യാൻ പോകുന്നത്?

യൂറോപ്യൻ ലീഗുകളിൽ ഗോൾസമൃദ്ധി കൂടുതൽ ജർമനിയിലാണ്. ഏറ്റവും നല്ല സ്റ്റേഡിയങ്ങൾ ഞങ്ങളുടേതാണ്. ലീഗ് കാണാൻ ശരാശരി 44,000 കാണികളുണ്ട്. ലോകത്ത് ഒന്നാം സ്ഥാനം. താരനിരയുണ്ട്.

 ഇതെല്ലാം ഇന്ത്യൻ കാണികളെ ആകർഷിക്കുന്നുണ്ട്. ഞങ്ങളുടെ ഫെയ്സ്ബുക് ആരാധകരിൽ 45% ഏഷ്യയിലാണ്. മാധ്യമ പങ്കാളികളായ സ്റ്റാർ സ്പോർട്സിന് ഇന്ത്യയിലുള്ള സ്വാധീനം ചെറുതല്ല. 

വളർച്ചയ്ക്കുള്ള സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കാൻ പ്രാദേശിക തന്ത്രങ്ങളാണു ഞങ്ങളുടെ അടിസ്ഥാനം. അതുകൊണ്ടാണ് ഐഎംജി റിലയൻസുമായി കൈകോർക്കുന്നത്.

∙ ഐഎസ്എല്ലിന്റെ സ്വാധീനം?

ലീഗ് ശൈശവാവസ്ഥയിലാണ്. മൽസരക്ഷമത വർധിക്കണം. ഐഎസ്എല്ലുമായി പ്രഫഷനൽ പരിചയസമ്പത്ത് പങ്കിടുന്നതും പരിഗണനയിലുണ്ട്.