Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുന്ദസ്‌ലിഗയിലേക്കു സ്വാഗതം: ലോതർ മത്തേയസ്

lothar-Matthaus-kochi ലോതർ മത്തേയസ് കൊച്ചിയിൽ ഫോട്ടോയ്ക്കായി പോസ് ചെയ്തപ്പോൾ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ ഇന്ത്യയിലെ കൗമാരതാരങ്ങൾക്കു യൂറോപ്പിലെ മറ്റേതൊരു ലീഗിൽ കളിക്കുന്നതിനേക്കാളും എളുപ്പത്തിൽ ബുന്ദസ്‌ലിഗയിൽ അവസരം കിട്ടുമെന്നു ജർമനിയുടെ ഇതിഹാസതാരം ലോതർ മത്തേയസ്.  ബുന്ദസ്‌ലിഗയും ഐഎംജി റിലയൻസും ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിനായി കൈകോർക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഐഎസ്എല്ലും റിലയൻസ് കളരിയിലെ കുട്ടികളുടെ മാച്ചും കാണാൻ എത്തിയതാണു ലോകകപ്പ് നേടിയ മുൻ ജർമൻ ക്യാപ്റ്റൻ. മത്തേയസ് ‘മനോരമ’യോട്:

∙ ബുന്ദസ്‌ലിഗയിൽ എളുപ്പം അവസരം എന്നതു വിശദീകരിക്കാമോ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിലുള്ളത്ര പണം ഞങ്ങൾക്കില്ല. കോടീശ്വരൻമാരായ വിദേശികൾക്കു വന്നു ഞങ്ങളുടെ ക്ലബുകൾ വാങ്ങാനാവില്ല. ജർമനിയിലെ ക്ലബുകൾ സ്വന്തം വരുമാനത്തിൽനിന്ന് അക്കാദമികളിൽ നിക്ഷേപിക്കുന്നു. ഭാവിയിലേക്കുള്ള കളിക്കാരെ വളർത്തുന്നു. ഇംഗ്ലണ്ടിലെ കൗമാരതാരങ്ങൾക്ക് അന്നാട്ടിൽ അവസരമില്ല. പക്ഷേ ‍ജർമനിയിൽ അവസരമുണ്ട്. ജെയ്ഡൻ സാഞ്ചോ ഉദാഹരണം. ബുന്ദസ്‌ലിഗയിലെ കൗമാരനിരയിൽ ഫ്രഞ്ചുകാരുണ്ട്, യുഎസ് താരങ്ങളുണ്ട്. ഇന്ത്യക്കാർക്കും അവസരം കിട്ടും.

∙ ഇന്ത്യക്കാർ ശാരീരികമായി ദുർബലരാണെന്നതിനെക്കുറിച്ച്?

ഇന്ത്യക്കാരെപ്പോലെയാണല്ലോ ഞാനും. എനിക്ക് അധികം ഉയരമില്ല, തടിമിടുക്കില്ല. ഏതാനും വർഷം മുൻപത്തെ ബാർസിലോന ടീമിനെ നോക്കൂ. മെസ്സി, ഇനിയേസ്റ്റ, ചാവി എന്നിവരിൽ ആരാണ് തടിമിടുക്കുള്ളവർ? തടിമിടുക്കിനും ഉയരത്തിനും അമിതപ്രാധാന്യമില്ല. മാനസികമായ കരുത്താണു പ്രധാനം.

∙ ഇന്ത്യ ലോകഫുട്ബോളിന്റെ മുൻനിരയിൽ എത്താൻ എന്താണു വേണ്ടത്, ജർമനിക്ക് എങ്ങനെ സഹായിക്കാനാവും?

പുതിയ തലമുറയെ വളർത്തണം. ഇന്ത്യയിലെ യുവപരിശീലകരെ പഠിപ്പിക്കാൻ ജർമനിയിലെ കോച്ചുമാർ വരണം. അതിന് രണ്ടു രാജ്യങ്ങളുടെയും ഫെഡറേഷനുകൾ തമ്മിൽ ചർച്ച ചെയ്യണം. നല്ല അധ്യാപകനുണ്ടെങ്കിൽ നല്ല വിദ്യാർഥിയുണ്ടാകും എന്ന പാഠം ഫുട്ബോളിലും അർഥവത്താണ്.

കുട്ടികളെ കളി പഠിപ്പിക്കേണ്ടതെങ്ങനെ എന്ന് ഇന്ത്യക്കാരെ പരിശീലിപ്പിക്കാൻ മികച്ച ജർമൻ കോച്ചുമാർ വരട്ടെ. ബന്ദസ്‌ലിഗയിലെ ടീമുകൾ ഇന്ത്യയിൽവന്നു കളിക്കണം. അപ്പോൾ ലോകം ഇന്ത്യൻ ഫുട്ബോളിനെ ശ്രദ്ധിക്കും. ഇന്ത്യ വലിയ ഫുട്ബോൾ വിപണിയാകും. ഐഎസ്എല്ലിലേക്ക് ജർമൻ പരിശീലകർവരും.

∙ മത്തേയസ് ഇന്ത്യയിൽ കോച്ചായി വരുമോ?

5 വർഷം മുൻപ് ചില ഏജൻസികൾ എന്നെ ക്ഷണിച്ചിരുന്നു. വരാൻ പറ്റിയില്ല.

∙ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി?

8 വർഷത്തിനകം ഇന്ത്യയ്ക്കു ലോകകപ്പ് ഫൈനൽറൗണ്ട് കളിക്കാമെന്നു ഞാൻ കരുതുന്നു. കഠിനാധ്വാനം ചെയ്താൽ 2022നു യോഗ്യത നേടാനായേക്കും.

മെസ്സിയെ കൂടുതൽ ഇഷ്ടം

‘‘മറഡോണ സ്മാർട്ടാണ്. പരസ്പരം അടുപ്പമുണ്ട്, ബഹുമാനവും. മെസ്സിയാണോ ക്രിസ്റ്റ്യാനോയാണു മികച്ചതെന്നു ചോദിച്ചാൽ, എന്റെ ചോയ്സ് മെസ്സി തന്നെ. മെസ്സിയുടെ കളിയാണ് ഇഷ്ടം. മെസ്സി കൂടുതൽ കാലം കളിക്കളത്തിലുണ്ടാകും എന്നു വിശ്വസിക്കുന്നു.’’