Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിനെ ‘ഇന്ത്യൻ ടീമിലെടുത്തു’; സഹൽ, അനസ്, ആഷിഖ് സാധ്യതാ ടീമിൽ

sahal-abdul-samad സഹൽ അബ്ദുൽ സമദ്

ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ത്യൻ ടീമിലേക്ക്. 2019ലെ എഎഫ്സി ഏഷ്യൻ കപ്പിനുള്ള 34 അംഗ സാധ്യതാ ടീമിലാണ് സഹലും ഇടം കണ്ടെത്തിയത്. സഹലിനു പുറമെ കേരളാ ബ്ലാസ്റ്റേഴ്സിൽ തന്നെയുള്ള അനസ് എടത്തൊടിക, എഫ്സി പുണെ സിറ്റിയുടെ താരമായ ആഷിഖ് കുരുണിയൻ എന്നീ മലയാളി താരങ്ങളും സാധ്യതാ പട്ടികയിലുണ്ട്.

അടുത്ത മാസം (2019 ജനുവരി) യുഎഇയിലാണ് ഏഷ്യൻകപ്പ് നടക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 34 അംഗ ടീമിൽനിന്ന് ആറു പേരെ ഒഴിവാക്കി 28 അംഗ ഇന്ത്യൻ ടീം ഡിസംബർ 20ന് യുഎഇയിലേക്കു പോകും. അവിടെ നടക്കുന്ന പരിശീല ക്യാംപിൽനിന്ന് അന്തിമ ടീമിലെ 23 പേരെ പ്രഖ്യാപിക്കും. ഇവരാണ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. ജനുവരി ആറിനാണ് ടൂർണമെന്റ് ആരംഭിക്കുക.

ഏഷ്യൻ കപ്പു നടക്കുന്നതിനാൽ ഈ സമയത്ത് ഐഎസ്എല്ലിന് ഇടവേളയായിരിക്കും. സഹലിനു പുറമെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത് നിലവിൽ ഐഎസ്എല്ലിൽ എടികെയ്ക്കു കളിക്കുന്ന കോമൾ തട്ടാലിനെയും ദേശീയ ടീമിലേക്കു വിളിച്ചിട്ടുണ്ട്. 

ഐഎസ്എല്ലിൽ തീർത്തും മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഇക്കുറി ടീമിൽ ഇടംപിടിച്ച താരങ്ങളിൽ ഏറ്റവും കൂടുതൽ പേർ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്നാണ്. സഹലും അനസ്സും ഉൾപ്പെടെ അഞ്ചു പേരെയാണ് ബ്ലാസ്റ്റേഴ്സിൽനിന്ന് ദേശീയ ടീമിലെടുത്തത്. ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, പ്രതിരോധനിരയിലെ കരുത്തൻ ലാൽറുവാത്താര, മധ്യനിര താരം ഹാളിചരൺ നർസാരി എന്നിവരാണ് ടീമിൽ ഇടം കണ്ടെത്തിയ മറ്റു ബ്ലാസ്റ്റേഴ്സ് താരങ്ങൾ.

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞാൽ ഇന്ത്യൻ ടീമിലേക്കു കൂടുതൽ താരങ്ങളെ സംഭാവന നൽകിയിരിക്കുന്ന ക്ലബ്ബുകൾ ഡൽഹി ഡൈനാമോസ്, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, എഫ്സി പുണെ സിറ്റി, എടികെ എന്നിവയാണ്. ഈ ടീമുകളിൽനിന്ന് നാലുപേർ വീതം ദേശീയ ടീമിൽ ഇടംപിടിച്ചു. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധനിര താരം സലാം രഞ്ജൻ സിങ് മാത്രമാണ് ഐ ലീഗിൽനിന്ന് ദേശീയ ടീമിലെത്തിയത്.

ഏഷ്യൻകപ്പിൽ ബഹ്റൈനും ആതിഥേയരായ യുഎഇയും തായ്‌ലൻഡും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. അബുദാബിയിലെ അൽ നഹ്യാൻ സ്റ്റേഡിയത്തിൽ തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.

ഇന്ത്യയുടെ 34 അംഗ സാധ്യതാ ടീം

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാൽ കെയ്ത്ത്

ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, സർതാക് ഗൊലൂയ്, സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിങ്, സുഭാശിഷ് ബോസ്, നാരായൺ ദാസ്, നിഷു കുമാർ, ലാൽറുവാത്താര, ജെറി ലാൽറിൻസ്വാല

മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, നിഖിൽ പൂജാരി, പ്രണോയ് ഹാൾഡർ, റൗളിൻ ബോർഗസ്, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, ഹാലിചരൺ നർസാരി, ആഷിഖ് കുരുണിയൻ, ജർമൻപ്രീത് സിങ്, ബികാഷ് ജെയ്റു, ലാലിയൻസുവാല ചാങ്തെ, സഹൽ അബ്ദുൽ സമദ്, കോമൾ തട്ടാൽ, ജാക്കിചന്ദ് സിങ്

ഫോർവേഡുകൾ: സുനിൽ ഛേത്രി, ജെജെ ലാൽപെഖൂലെ, സുമീത് പാസി, ഫാറൂഖ് ചൗധരി, ബൽവന്ത് സിങ്, മൻവിർ സിങ്

related stories