Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമനില കളയാതെ ഗോകുലം, റിയൽ കശ്മീർ

Gokulam-vs-Kashmir ഐ ലീഗ് ഫുട്ബോളിൽ ഗോകുലം താരം പ്ര‍ീതം സിങ് റിയൽ കശ്മീർ ഗോളി ബിലാൽ ഹുസൈൻ ഖാനെ മറികടന്ന് ഗോൾ നേടുന്നു. ചിത്ര‍ം: പി.എൻ.ശ്ര‍ീവൽസൻ∙ മനോരമ

കോഴിക്കോട് ∙ ട്വിറ്റർ പോരിനു പിന്നാലെ കളത്തിലെ പോരിൽ സമനില തെറ്റാതെ ഗോകുലം എഫ്സിയും റിയൽ കശ്മീരും. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഗോകുലത്തിനു വേണ്ടി 20–ാം മിനിറ്റിൽ മധ്യനിരതാരം പ്രീതം സിങ് വലകുലുക്കി. കശ്മീരിനായി 69–ാം മിനിറ്റിൽ മധ്യനിര താരം സുർചന്ദ്ര സിങ്ങാണ് ഗോൾ മടക്കിയത്. ഇതോടെ 8 കളിയിൽ 14 പോയിന്റുമായി റിയൽ കശ്മീർ മൂന്നാം സ്ഥാനം നിലനിർത്തി. ഗോകുലം ഈസ്റ്റ് ബംഗാളിനെ മറികടന്ന് ആറാം സ്ഥാനത്തെത്തി.

 ആധിപത്യം ഗോകുലത്തിനായിരുന്നെങ്കിലും അതു കളിയിൽ പ്രതിഫലിച്ചില്ല. രണ്ടു വട്ടമാണ് ഗോകുലത്തിനും ഗോളിനുമിടയിൽ  ക്രോസ് ബാർ വില്ലനായത്. കഴിഞ്ഞ കളിയിൽ തിളങ്ങിയ ക്രിസ്ത്യൻ സാബയും പുതുതായി ടീമിലെത്തിച്ച ജോയൽ സൺഡേയുമാണ് ഗോകുലത്തിനു വേണ്ടി മുന്നേറ്റ നിരയിലിറങ്ങിയത്. 

ഇരുവരും ചേർന്നു മികച്ച ചില നീക്കങ്ങൾ നെയ്തെങ്കിലും ബോക്സിനുള്ളിൽ നിരാശപ്പെടുത്തി.

ഷില്ലോങ് ലജോങ്ങിനെതിരെ 6–1നു വിജയിച്ച ടീമിനെ കശ്മീർ പരിശീലകൻ ഡേവിഡ് റോബർട്സൺ നിലനിർത്തിയപ്പോൾ 5 മാറ്റങ്ങളാണ് ബിനോ ജോർജ് വരുത്തിയത്. 

സർവീസസിനു കളിക്കാൻ പോയ ഗോളി ഷിബിൻരാജിനു പകരം അർണബ്ദാസ് ശർമ വന്നു. നൈജീരിയൻ താരം ജോയൽ സൺഡേ അരങ്ങേറ്റം കുറിച്ചപ്പോൾ മുഹമ്മദ് റാഷിദും പ്രീതം സിങ്ങും ആദ്യ 11–ൽ.

ഗോകുലം ഗോൾ

ഗോകുലത്തിന്റെ പകുതിയിൽ ലഭിച്ച ത്രോ എടുത്തത് കശ്മീർ താരം ഡിംപിൾ ഭഗത്. ത്രോ അരങ്ങേറ്റക്കാരൻ സൺഡേയുടെ കാലിലേക്ക്. വിടാതെ പിടിച്ച 2 എതിർ താരങ്ങളെ കബളിപ്പിച്ച് സൺഡേ പന്ത് അർജുൻ ജയരാജിനു നൽകി. 

അർജുൻ നൽകിയ പാസ് കശ്മീർ പ്രതിരോധത്തിൽ തട്ടി അവരുടെ ബോക്സിലേക്ക്. പന്തിലേക്ക് ഓടിയടുത്ത പ്രീതം സിങ്ങിന്റെ ഷോട്ട് ഗോൾ കീപ്പർ ബിലാൽ ഹുസൈൻ ഖാനെ കബളിപ്പിച്ച് വലയിൽ.മറുവശത്ത് കളി മെനയുന്നതിനു പകരം സ്ട്രൈക്കർമാരിലേക്കു പന്തെത്തിക്കുക എന്നതായിരുന്നു കശ്മീരിന്റെ തന്ത്രം. ലോങ്ങ് പാസുകൾ വഴി പലവട്ടം കശ്മീർ കേരള ബോക്സിലെത്തുകയും ചെയ്തു.

കശ്മീർ തിരിച്ചടി

ഗോൾ നേടാനുറച്ച് കശ്മീർ 57–ാം മിനിറ്റിൽ മധ്യനിര താരം നാഗെൻ തമാങ്ങിനു പകരം മുന്നേറ്റനിര താരം റിത്വിക് കുമാർ ദാസിനെ കൊണ്ടുവന്നു. പക്ഷേ ഗോൾ ഭാഗ്യമുണ്ടായത് 69–ാം മിനിറ്റിൽ. ഇടതു വിങ്ങിൽ നിന്നു ഘാന താരം കൊഫി ടീറ്റേ നൽകിയ ക്രോസ്ഫീൽഡ് പാസ് പിടിച്ചെടുത്ത് ബോക്സിനു പുറത്ത് വലതു നിന്ന് സുർചന്ദ്ര സിങ്ങിന്റെ ഷോട്ട്. 

ഗാലറി നിശബ്ദമായ നിമിഷം. തുടർന്നു ഗോകുലവും ആക്രമണത്തിനു മൂർച്ച കൂട്ടി. വിജയഗോൾ ലക്ഷ്യമിട്ട് ക്രിസ്ത്യൻ സാബയെ മാറ്റി സൂപ്പർ സബ് എസ്.രാജേഷിനെ ബിനോ കളത്തിലിറക്കി. 74–ാം മിനിറ്റിൽ ഒരുവട്ടം കൂടി ഗോകുലം ഗോൾ നേടിയെന്നു തോന്നിച്ചു. ഗ്വില്ലെർമോ കാസ്ട്രോ എടുത്ത ഫ്രീകിക്കിനു ഡാനിയൽ അടോ തല വച്ചു. ഇത്തവണയും ക്രോസ് ബാർ തന്നെ വില്ലൻ.

ചർച്ചിലിനെ വീഴ്ത്തി നെരോക 

ഇംഫാൽ∙ ഗോവ ചർച്ചിൽ ബ്രദേഴ്സിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഐ ലീഗ് ഫുട്ബോളിൽ നെരോക എഫ്സിക്കു തകർപ്പൻ വിജയം. ജയത്തോടെ നെരോക 14 പോയിന്റോടെ 2–ാം സ്ഥാനത്തെത്തി. ജാപ്പനീസ് മിഡ്ഫീൽഡർ കാറ്റ്സുമി യുസ 1, 87 മിനിറ്റുകളിൽ നേടിയ ഗോളാണ് നെരോകയെ ജേതാക്കളാക്കിയത്.