Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലബ് ലോകകപ്പിലെ ഹാട്രിക് റയലിസം!

Club World Cup - Real Madrid ക്ലബ് ലോകകപ്പ് കിരീടവുമായി റയൽ മഡ്രിഡ് താരങ്ങൾ

അബുദാബി∙ ബലോൻ ദ് ഓർ ജേതാവ് ലൂക്കാ മോഡ്രിച്ച് നിറഞ്ഞാടിയപ്പോൾ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് ഉശിരൻ വിജയം. ആതിഥേയ ക്ലബ് അൽ ഐൻ എഫ്സിയെ 4–1നു കീഴടക്കിയ റയൽ ക്ലബ് ലോകകപ്പിൽ ഹാട്രിക് കിരീടം സ്വന്തമാക്കി. ഒരു ഗോൾ നേടുകയും ഒന്നിനുവഴിയൊരുക്കുകയും ചെയ്ത മോഡ്രിച്ചാണു ഫൈനലിന്റെ താരം. റയലിനൊപ്പം ഹാട്രിക് ചാംപ്യൻസ് ലീഗ് കിരീടം നേടിയ മോഡ്രിച്ച് ഇതോടെ ഹാട്രിക് ക്ലബ് ലോകകപ്പ് കിരീടത്തിനും അർഹനായി. 

ലാറ്റിനമേരിക്കൻ ചാംപ്യന്മാരായ അർജന്റീന ക്ലബ് റിവർപ്ലേറ്റിനെ സെമിയിൽ അട്ടമറിച്ചെത്തിയ അൽ ഐൻ എഫ്സി ഫൈനലിൽ റയലിന് എതിരാളികളേ ആയിരുന്നില്ല. മോഡ്രിച്ച് (14), ലോറന്റെ (60), സെർജിയോ റാമോസ് (78) എന്നിവരാണു ഗോളടിച്ച റയൽ താരങ്ങൾ. 

ഇൻജറി ടൈമിൽ  അൽ ഐൻ താരം നദീറിന്റെ സെൽഫ് ഗോളും കൂടിയായപ്പോൾ റയൽ പട്ടിക പൂർണം. 86–ാം മിനിറ്റിൽ ഷിയോറ്റാനിയുടേതാണ് അൽ ഐൻ ക്ലബ്ബിന്റെ ഏകഗോൾ. മൂന്നാം സ്ഥാന മൽസരത്തിൽ റിവർപ്ലേറ്റ് 4–0ന് ഏഷ്യൻ ചാംപ്യന്മാരായ ജപ്പാൻ ക്ലബ് കാഷിമ അന്റ്‌ലേഴ്സിനെ തോൽപിച്ചു. 

വൻകര ചാംപ്യന്മാർ പങ്കെടുക്കുന്ന വാർഷിക ടൂർണമെന്റായ ഫിഫ ക്ലബ് ലോകകപ്പിൽ തുടർച്ചയായി 3 വർഷം കിരീടം നേടുന്ന ആദ്യ ടീമായി റയൽ മഡ്രിഡ്.

റയൽ മഡ്രിഡിന്റെ ക്ലബ് ലോകകപ്പ് കിരീടനേട്ടം ആകെ ഏഴ്. 1960, 1998, 2002, 2014, 2016, 2017, 2018 വർഷങ്ങളിലെ ജേതാക്കളാണു റയൽ.