Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജയ്യരായി ലിവർപൂൾ മുന്നോട്ട്

klopp ലിവർപൂൾ കോച്ച് ക്ലോപ്പ്

ലണ്ടൻ∙ പാതിവഴി പിന്നിട്ട ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്രിസ്മസിനു പിരിയുമ്പോൾ സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന ലിവർപൂളാണ് പോയിന്റ് പട്ടികയുടെ തലപ്പത്ത്. 18 കളിയിൽ 48 പോയിന്റാണ് ചെമ്പടയുടെ സമ്പാദ്യം. 44 പോയിന്റോടെ മുൻ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തൊട്ടുപിന്നിലുണ്ട്. അവസാന മൽസരത്തിൽ എവർട്ടനെ 6–2നു കീഴടക്കിയ ടോട്ടനം 42 പോയിന്റോടെ പട്ടികയിലെ മൂന്നാം സ്ഥാനം നിലനിർത്തി. സീസണിലെ ഉജ്വല തുടക്കത്തിനുശേഷം ചെൽസി 37 പോയിന്റോടെ നാലാം സ്ഥാനത്തേക്കിറങ്ങി. ഇക്കുറി ക്രിസ്മസ് പിറ്റേന്നു തന്നെ പ്രീമിയർ ലീഗ് മൽസരങ്ങൾക്കു തുടക്കമാകും.

ടോപ് സ്കോറർ: പിയറി എമിറിക് 

ഓബമെയാങ് (ആർസനൽ)

ഗോൾ നേട്ടം: 12

ബാർസ മുന്നോട്ട്

മഡ്രിഡ്∙ ലയണൽ മെസ്സിയുടെ പ്രകടനമികവിൽ സെൽറ്റ വീഗോയെ 2–0നു കീഴടക്കിയ ബാർസിലോന സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായി 2018നോടു വിടപറയും. സീസണിന്റെ ഇടയ്ക്കു വച്ചു പിടികൂടിയ മോശം ഫോമിനെ മറികടന്നാണ് ബാർസ ഒന്നാം സ്ഥാനത്തേക്കു (37 പോയിന്റ്) തിരിച്ചെത്തിയത്. 34 പോയിന്റോടെ ആന്റോയ്ൻ ഗ്രീസ്മാന്റെ അത്‌ലറ്റിക്കോ മഡ്രിഡാണു രണ്ടാമത്. ക്ലബ് ലോകകപ്പ് നേട്ടത്തോടെ തിളങ്ങാനായെങ്കിലും ലാ ലിഗയിൽ നിറം മങ്ങിയ റയൽ മഡ്രിഡ് 29 പോയിന്റോടെ പട്ടികയിലെ നാലാം സ്ഥാനക്കാരിയി ക്രിസ്മസ് ആഘോഷിക്കും. സെവിയ്യയാണു പോയിന്റ് പട്ടികയിൽ മൂന്നാമത് (32 പോയിന്റ്). 

ടോപ് സ്കോറർ: ലയണൽ മെസ്സി 

(ബാർസിലോന)

ഗോൾനേട്ടം: 15

ഇറ്റലിയിൽ യുവെ

റോം∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടന്നുവരവോടെ കൂടുതൽ കരുത്തുകൈവന്ന യുവെന്റസ് ഏഴുപോയിന്റ് ലീഡോടെ ഇറ്റാലിയൻ ലീഗ് പോയിന്റ് പട്ടികയുടെ ഒന്നാം സ്ഥാനം (49 പോയിന്റ്) ഭദ്രമാക്കി. പുതിയ പരീശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ താളം കണ്ടെത്തിക്കഴിഞ്ഞ നാപ്പോളി (41 പോയിന്റ്) രണ്ടാം സ്ഥാനത്തുള്ള പട്ടികയിൽ ഇന്റർ മിലാനാണു മൂന്നാം സ്ഥാനത്ത്. ടോപ് സ്കോറർ: ക്രിസിസ്റ്റോഫ് 

പിയാറ്റേക്ക് (ജിനോവ)

ഗോൾ നേട്ടം: 13

ഡോർട്ട്മുണ്ട് സൂപ്പർ

ബർലിൻ∙ സൂപ്പർ സബ്ബായി കളിത്തിലിറങ്ങി ഗോളടി മേളം തുടരുന്ന പാക്കോ അർക്കാസറിന്റെയും ക്യാപ്റ്റൻ മാർക്കോ റ്യൂസിന്റെയും മികവിൽ ജർമൻ ബുന്ദസ്‌ലിഗയിലെ ഒന്നാം സ്ഥാനക്കരുടെ തിളക്കത്തോടെയാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ക്രിസ്മസ് അവധിക്കു പിരിയുന്നത്. ഡോർട്ട്മുണ്ടിന് 42 പോയിന്റുണ്ട്. കഴിഞ്ഞ സീസണിലെ ചാംപ്യൻ ടീമായ ബയൺ മ്യൂണിക്ക് ലീഗ് പാതിവഴിയിലെത്തുമ്പോൾ 34 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.  

ടോപ് സ്കോറർ: പാക്കോ 

അൽക്കാസർ (ഡോർട്ട്മുണ്ട്)

ഗോൾ നേട്ടം: 10