Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കണക്കിലും മുന്നിൽ റോണോ തന്നെ; മറഡോണ, സിദാൻ, കക്കാ പിന്നിൽ!

Cristiano Ronaldo

റോം ∙ സ്പാനിഷ് ലീഗിനെ തന്നെ അപ്രസക്തമാക്കിയ നീക്കമായിരുന്നു റയൽ മഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്റസിലേക്കുള്ള മാറ്റം. റൊണാൾഡോയുടെ വരവ് സെറി എയിൽ ഉണ്ടാക്കിയ ഉണർവ് പോലെ തന്നെയാണ് യുവെന്റസിലുമുണ്ടായ മാറ്റവും. ലീഗിലെ ആദ്യത്തെ 19 കളികളിൽ നിന്ന് റൊണാൾഡോ നേടിയത് 14 ഗോളുകൾ. ഇറ്റാലിയൻ ലീഗിലേക്ക് വന്ന സൂപ്പർതാരനിരയിൽ ഡിയേഗോ മറഡോണ മുതൽ സിനദിൻ സിദാൻ വരെ പ്രമുഖരുടെ പട തന്നെയുണ്ട്.

എന്നാൽ സീസന്റെ പകുതിയെന്നറിയപ്പെടുന്ന ഡിസംബറിനു മുൻപ് 14 ഗോളുകൾ നേടാൻ ഒരു പ്രതിഭക്കും കഴിഞ്ഞിട്ടില്ല. ആദ്യ സീസണിൽ റൊണാൾഡോയെപ്പോലെ മിന്നാൻ എത്രപേർക്ക് കഴിഞ്ഞു ?

∙ റൂദ് ഗുള്ളിറ്റ് (എസി മിലാൻ)

ഡച്ച് ഫുട്ബോൾ ഇതിഹാസം ഗുള്ളിറ്റിന് എസി മിലാനിലെ തുടക്കം മോശമായിരുന്നു. ഇറ്റാലിയൻ ഭാഷ പോലെ ഗോളും വഴങ്ങാതെ നിന്നു. ആദ്യ സീസണിലെ ആദ്യ പകുതിയിൽ നേടാൻ കഴിഞ്ഞത് വെറും രണ്ടു ഗോളുകൾ.

∙ കക്കാ (എസി മിലാൻ)

സാവോപോളയിൽ നിന്നെത്തിയ കക്കാ വിന്റർ ബ്രേക്കിനു മുൻപ് എസി മിലാനുവേണ്ടി നേടിയത് വെറും രണ്ടു ഗോളുകൾ. എന്നാൽ കക്ക പിന്നീട് പൊളിച്ചു. സീസണിൽ പത്തു ഗോളുകൾ. ലീഗിലെ താരം എന്ന ബഹുമതി.

∙ മറഡോണ (നാപ്പോളി)

ബാർസിലോനയിൽ നിന്ന് 1984 ൽ നാപ്പോളിയിൽ മറഡോണ എത്തിയപ്പോൾ ഫുട്ബോൾ ലോകം കുലുങ്ങി. ഡിസംബറിൽ ആദ്യ സീസന്റെ പകുതിയിൽ മറഡോണ നേടിയത് രണ്ടു ഗോളുകൾ മാത്രം. ആദ്യ സീസണിൽ ടീം എത്തിയത് പന്ത്രണ്ടാം സ്ഥാനത്ത്. എന്നിട്ടും ആറുവർഷം ഇറ്റാലിയൻ ലീഗിൽ മറഡോണ മിന്നി നിന്നു. രണ്ടു തവണ നാപ്പോളി ലീഗ് ജേതാക്കളുമായി.

∙ വാൻബാസ്റ്റൻ (എസി മിലാൻ)

എസി മിലാനുവേണ്ടി ലീഗിലെ ആദ്യ കളിയിൽ ഹാട്രിക് നേടിയാണ് വാൻബാസ്റ്റൻ തുടങ്ങിയത്. എന്നാൽ പരുക്ക് ബാസ്റ്റനെ പിടിച്ചുകെട്ടി. ആദ്യ സീസണിൽ എസി മിലാൻ ചാംപ്യൻമാരായെങ്കിലും ബാസ്റ്റന്റെ സംഭാവന മൂന്നു ഗോളിലൊതുങ്ങി. എന്നാൽ രണ്ടാം സീസണിൽ വാൻബാസ്റ്റൻ തനിക്കിട്ട മാർക്ക് ശരിയെന്നു തെളിയിച്ചു. നേടിയത് 19 ഗോളുകൾ.

∙ സിനദിൻ സിദാൻ (യുവെന്റസ്)

സിദാൻ യുവെന്റസിൽ വന്ന ആദ്യ സീസണിൽ (1996) ആകെ നേടിയത് അഞ്ചു ഗോളുകളാണ്. ഡിസംബറിൽ സീസന്റെ പകുതിയിൽ നേടാൻ കഴിഞ്ഞത് മൂന്നു ഗോളുകളും. ചാംപ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് യുവെന്റസിനു വഴിതുറന്നത് സിദാന്റെ ഗോളുകളായിരുന്നു. രണ്ടു തവണ ചാംപ്യൻസ് ലീഗ് ഫൈനലിൽ സിദാന്റെ യുവെന്റസ് തോറ്റു.

∙ റൊണാൾഡോ (ഇന്റർ മിലാൻ)

ഇറ്റാലിയൻ ലീഗിൽ ഇടിമിന്നലായിരുന്നു റൊണാൾഡോ. ഇന്റർമിലാനിലെത്തിയ ആദ്യ സീസണിൽ തന്നെ 25 ഗോളുകൾ. ഡിസംബറിൽ അവസാനിച്ച സീസണിന്റെ പകുതിയിൽ ഒൻപതു ഗോളുമായി വരവറിയിച്ച റൊണാൾഡോ പിന്നീട് പതിനാറുഗോളുകൾ കൂടി അടിച്ചുകൂട്ടി ലീഗിലെ മികച്ച താരമായി.