sections
MORE

എഎഫ്സി ഏഷ്യൻ കപ്പ്: യുഎഇക്കെതിരെ ഇന്ത്യയ്ക്ക് തോൽവി (2–0)

india-uae-afc
SHARE

ഏഷ്യൻ കപ്പ് ഫുട്ബോളിൽ യുഎഇക്കെതിരെ ഇന്ത്യയ്ക്കു തോൽവി (2–0). 14ന് ബഹ്റൈനെതിരെയാണ് അടുത്ത കളി. ഇന്ത്യ–യുഎഇ മൽസരം അബുദാബി സായെദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം ഐ.എം വിജയൻ മനോരമയ്ക്കായി റിപ്പോർട്ട് ചെയ്യുന്നു. 

അബുദാബി ∙ കഷ്ടമായിപ്പോയി; എന്തു നല്ല കളിയായിരുന്നു! ആദ്യ പകുതിയിൽ ഛേത്രിയുടെ ആ രണ്ട് ചാൻസുകളും രണ്ടാം പകുതിയിൽ രണ്ടു ഷോട്ടുകൾ ക്രോസ് ബാറിലിടിച്ചും മിസ്സായില്ലായിരുന്നെങ്കിൽ! കളിക്കണക്ക് വച്ച് യുഎഇ തന്നെയായിരുന്നു മികച്ച ടീമെന്നു പറയാം. പക്ഷേ വാശിയും വീര്യവും ഇന്ത്യയ്ക്കായിരുന്നു കൂടുതൽ. ഇന്ത്യയുടെ ആ കളി എനിക്കിഷ്ടപ്പെട്ടു. നല്ല വേഗത്തിലുള്ള മുന്നേറ്റവുമായിരുന്നു ടീമിന്റേത്. പക്ഷേ അതേ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകൾ അപ്പോൾ സൂക്ഷിക്കണം. ഡിഫൻസിൽ നല്ല ശാരീരിക ശേഷിയുള്ളവർ ഉണ്ടായതും യുഎഇക്കു തുണയായി. ഛേത്രിയെയും ജെജെയെയും ആഷിഖിനെയും അതു ബാധിച്ചു. ഏരിയൽ ബോളുകൾ മിക്കതും അവർക്കാണു കിട്ടിയത്. എങ്കിലും സാരമില്ല. ബഹ്റൈനെതിരെ കളി ബാക്കിയുണ്ടല്ലോ..അതിൽ ജയിച്ച് രണ്ടാം റൗണ്ടിൽ കടക്കണം.

∙ അതിവേഗം ഉദാന്ത ‌

ആദ്യ പകുതിയിൽ ഉദാന്തയുടെ വേഗത്തെയാണ് ഇന്ത്യ ആശ്രയിച്ചത്. യുഎഇ പന്തു കൈവശം വച്ചു കളിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യ ലോങ്ബോളുകളിലൂടെ മുന്നേറ്റങ്ങളുണ്ടാക്കി. ഉദാന്തയുടെ ഓട്ടങ്ങൾ യുഎഇ പ്രതിരോധത്തെ ശരിക്കും വലച്ചു. 11–ാം മിനിറ്റിൽ ഇന്ത്യയ്ക്ക് ആദ്യ അവസരം. യുഎഇ മിഡ്ഫീൽഡിൽ നിന്നു പന്തു റാഞ്ചിയ ഛേത്രി അത് ആഷിഖിനു നൽകി. ആഷിഖിന്റെ ഷോട്ട് യുഎഇ ഗോൾകീപ്പർ ഖാലിദ് ഈസ ഒറ്റക്കൈ കൊണ്ടു തട്ടിയകറ്റി. 23–ാം മിനിറ്റിൽ ഇന്ത്യ തലയിൽ കൈവച്ച നിമിഷം പിന്നെയും. അനിരുദ്ധ് ഥാപ്പയുടെ ക്രോസ് ഛേത്രി ഹെഡ് ചെയ്തത് കൃത്യം ഗോൾകീപ്പറുടെ നേരെയായിപ്പോയി! 

∙ യുഎഇ ഗോൾ 

ആവേശത്തോടെ കയറിക്കളിച്ച ഇന്ത്യയ്ക്ക് 41–ാം മിനിറ്റിൽ ശിക്ഷ. മധ്യവരയ്ക്കപ്പുറം നിന്നു വന്ന പന്ത് അലി മബ്ഖൂതിന്റെ കാലിൽ. ഇന്ത്യൻ പ്രതിരോധം ആദ്യം തന്നെ അതു തടയേണ്ടതായിരുന്നു. പക്ഷേ സമയം കിട്ടിയ അലി അത് ഖൽഫാൻ മുബാറകിനു നൽകി. മുബാറകിന്റെ കോണളന്നുള്ള ഷോട്ട് വലയിൽ. പിന്നാലെ ഛേത്രിക്കു വീണ്ടും സുവർണാവസരം. ഗുർപ്രീത് നീട്ടിയടിച്ച പന്തിൽ ഛേത്രിയുടെ ഫീൽഡ് ഷോട്ട് മികച്ചതായിരുന്നു. പക്ഷേ പോസ്റ്റിനെ ചാരിയുരുമ്മി പുറത്തേക്ക്. 

∙ വീണ്ടും നിർഭാഗ്യം 

കഴിഞ്ഞ കളിയിൽ പകരക്കാരനായിറങ്ങി ഗോളടിച്ച ജെജെയെ കോച്ച് സ്റ്റീഫൻ കോൺ‍സ്റ്റന്റൈൻ രണ്ടാം പകുതിയിൽ ഇറക്കി. 53–ാം മിനിറ്റിൽ ജെജെയുടെ വോളി പക്ഷേ ഉയരെപ്പറന്നു പോയി. ജെജെ ഒരുക്കിക്കൊടുത്ത നീക്കത്തിൽ നിന്ന് ഉദാന്തയുടെ ഷോട്ട് ക്രോസ് ബാറിലിടിച്ചതോടെ ഇന്ത്യയ്ക്കു വീണ്ടും നിർഭാഗ്യം. 75–ാം മിനിറ്റിൽ യുഎഇ താരം അൽ ഹമാദിയുടെ ഷോട്ട് ഗോളാകാതെ പോയത് ഇന്ത്യയ്ക്കു കിട്ടിയ ഭാഗ്യമായി എന്നും പറയാം. 88–ാം മിനിറ്റിൽ അലി മബ്ഖൂതിന്റെ ഗോൾ വന്നതോടെ ഈ കളിയിൽ ഇന്ത്യയുടെ സാധ്യത തീർന്നു. മൽസരത്തിന്റെ കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ്സിൽ വായിക്കാം....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA