sections
MORE

ജയിച്ചു വാ! ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് ആശംസയുമായി ഐ.എം. വിജയൻ

im-vijayan-6
SHARE

2011ലെ ഏഷ്യൻ കപ്പിൽ ബഹ്റൈനെതിരെ 5–2നു തോറ്റു മടങ്ങിയ ഇന്ത്യയാകില്ല ഇന്നു കളത്തിൽ. ആദ്യ രണ്ടു കളിയിലും ഗംഭീര പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഭാഗ്യം ഒപ്പം നിന്നപ്പോൾ തായ്‌ലൻഡിനെതിരെ 4–1നു ജയിച്ചു , ഭാഗ്യം കൈവിട്ടപ്പോഴാകട്ടെ, യുഎഇയ്ക്കെതിരെ 2–0‌നു തോറ്റു. 2 മൽസരങ്ങളിലും ഇന്ത്യയുടെ ഗെയിം പ്ലാനു മാറ്റമുണ്ടായില്ല എന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ആക്രമണ ഫുട്ബോളാണ് നമ്മുടെ ശൈലി.

ടൂർണമെന്റിനു വളരെ മുൻപുതന്നെ ഇന്ത്യ അറ്റാക്കിങ് ഫുട്ബോളിലേക്കു ചുവടു മാറ്റിയിരുന്നു എന്നതാണു സത്യം. അടുത്തിടെ നടന്ന സൗഹൃദ മൽസരങ്ങളിൽ ഒമാനെയും ചൈനയെയും ഗോൾരഹിത സമനിലയിൽ തളച്ചതിനു ശേഷമാണ് ഇന്ത്യ ഏഷ്യൻ കപ്പിന് എത്തുന്നത്. ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള ഈ ടീമുകൾക്കെതിരെ ഉഴപ്പിക്കളിച്ചല്ല ഇന്ത്യ സമനില പിടിച്ചത്. ഗോളടിക്കാൻ ഉറപ്പിച്ചുതന്നെയാണ് രണ്ടു മൽസരങ്ങളിലും ഇന്ത്യ ഇറങ്ങിയത്. എതിർ ടീം പ്രതിരോധനിര കരുത്തുറ്റതായതിനാൽ ഇന്ത്യയെ ഗോളടിപ്പിക്കാതെ പിടിച്ചു നിർത്താനായി എന്നു മാത്രം.

യുഎഇക്കെതിരായ മൽസരത്തിൽ ജയിക്കാനാകാതെ പോയെങ്കിലും സ്റ്റേഡിയത്തിൽനിന്ന് ഇന്ത്യ മടങ്ങിയത് തല ഉയർത്തിപ്പിടിച്ചുതന്നെ. മൽസരത്തിൽ ഗോളവസരങ്ങൾ ഒരുക്കുന്നതിൽ നമ്മളാണ് മികച്ചുനിന്നത്. എന്തു സുന്ദരമായാണ് ഉദാന്തയും ആഷിഖും കളിച്ചത്!

മുന്നേറ്റനിരയിൽ ഛേത്രിക്കു പറ്റിയ കൂട്ടാളിയെന്ന് ആഷിഖ് കുരുണിയൻ തെളിയിച്ചുകഴിഞ്ഞു. പന്തിനായുള്ള പോരാട്ടത്തിൽ ആഷിഖിനെ പിടിച്ചുനിർത്താൻ എതിർ ടീം ഡിഫൻസ് നന്നേ പണിപ്പെടും. നല്ല വേഗമാണവന്. എതിർടീം ഡിഫൻസിന്റെ നിമിഷ നേരത്തെ അശ്രദ്ധ മതി അവനു ബോക്സിലേക്ക് ഓടിയെത്താൽ. തായ്‌ലൻഡിനെതരായ മൽസരത്തിൽ ഛേത്രിയുടെ രണ്ടാം ഗോളിനു വഴിയൊരുക്കിയ ഒറ്റ വൺടച്ച് പാസിലൂടെ അവൻ ക്ലാസ് പ്രകടമാക്കി. 

ഡിഫൻസീവ് ഫുട്ബോളിൽ കടിച്ചു തൂങ്ങി ഇന്ത്യ കളി മടുപ്പിക്കില്ലെന്നുറപ്പ്.  ഈ രീതിയിൽ കളിച്ചാൽ മതി, വിജയം താനേ വന്നുകൊള്ളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA