sections
MORE

എട്ടു വയസ്സുകാരനെ കാണാൻ വിമാനം വൈകിപ്പിച്ചു; ആരാധകരുടെ ഹൃദയം കവർന്ന് സലാ

Mohamed-Salah
SHARE

ദുബായ്∙ മടക്കയാത്ര നീട്ടിവച്ച് ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സലാ കുരുന്ന് ആരാധകന്റെ മോഹം സഫലമാക്കി. ദുബായ് പൊലീസിന്റെ സഹായത്തോടെയായിരുന്നു എട്ടുവയസ്സുകാരനായ ഈജിപ്ഷ്യൻ ബാലൻ മുഹമ്മദ് അംജദ് അസ്സംരിയുടെ മോഹസാഫല്യം. അംജദ് കാത്തു വച്ച ജഴ്സിയിൽ ഇഷ്ടതാരം സലാ ഒപ്പിട്ടു നൽകി. മതിവരുവോളം ഫോട്ടോയ്ക്കു പോസ് ചെയ്തു.

Mohammed-Salah
ലിവർപൂൾ താരം മുഹമ്മദ് സലായ്ക്കൊപ്പം മുഹമ്മദ് അംജദ് അസ്സംരി, മുത്തച്ഛൻ മുഹമ്മദ് അശ്ശാമി എന്നിവർ.

2018ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്പോർട്സ് അവാർഡ് സ്വീകരിക്കാനെത്തിയതായിരുന്നു, ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാ. പുരസ്കാരച്ചടങ്ങിനു മുത്തച്ഛനൊപ്പം എത്തിയ മുഹമ്മദ് അംജദ് സലായുടെ ഒപ്പു വാങ്ങാൻ ഒരു ജഴ്സി കയ്യിൽ കരുതിയിരുന്നു.

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നു പുരസ്കാരം സ്വീകരിച്ചയുടൻ സലാ വേദിക്കു പിന്നിലൂടെ സ്ഥലംവിട്ടു. ഇതുമൂലം മുഹമ്മദ് അംജദിനു സലായെ നേരിൽ കാണാനായില്ല. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കുട്ടിയുടെ വിവരം തിരക്കിയ ദുബായ് പൊലീസ് മേധാവി മേജർ അബ്ദുല്ല ഖലീഫ അൽ മർറി വിവരം സലായെ അറിയിക്കുകയായിരുന്നു.

തുടർന്ന്, സ്വകാര്യ വിമാനത്തിൽ ലണ്ടനിലേക്കു പുറപ്പെടാൻ തയാറായ സലാ യാത്ര വൈകിപ്പിക്കാൻ തീരുമാനിച്ചു. പൊലീസിനൊപ്പം വിമാനത്താവളത്തിലെത്തിയ കുഞ്ഞ് ആരാധകന്റെ ജഴ്സിയിൽ ഒപ്പു ചാർത്തിയ മുഹമ്മദ് സലാ അംജദിന് ഒപ്പം നിന്നു ചിത്രങ്ങളെടുക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA