sections
MORE

യുവതലമുറയ്ക്ക് വഴിമാറുന്നു: 31-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് അനസ് എടത്തൊടിക

anas-edathodika
SHARE

മലപ്പുറം∙ ഏഷ്യൻ കപ്പ് ഫുട്ബോളിലെ തോൽവിക്കു പിന്നാലെ മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് വിരമിക്കൽ. 2017 മാർച്ചിൽ 30–ാം വയസ്സിൽ ദേശീയ ടീം ജഴ്സിയിൽ അരങ്ങേറിയ അനസ്, അതിനുശേഷം സെന്റർ ബാക്ക് പൊസിഷനിൽ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈന്റെ വിശ്വസ്തനായിരുന്നു. 17 കളികളിൽ ദേശീയ ജഴ്സിയണിഞ്ഞു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഈ മുപ്പത്തൊന്നുകാരൻ, ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമാണ്.

ഏഷ്യൻ കപ്പിലെ അവസാന ഗ്രൂപ്പു മൽസരത്തിൽ ബഹ്റൈനെതിരെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും അഞ്ചാം മിനിറ്റിൽത്തന്നെ പരുക്കേറ്റു തിരിച്ചുകയറി. മൽസരം തോറ്റ ഇന്ത്യ‍ ടൂർണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. മൽസരം തോറ്റതിനു പിന്നാലെ കോൺസ്റ്റന്റൈൻ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്തുവീട്ടിൽ മുഹമ്മദ്കുട്ടിയുടെയും ഖദീജയുടെയും മകനായ അനസ് എന്ന ഈ സെന്റർ ബാക്ക് കൊണ്ടോട്ടി ഇഎംഇഎ സ്കൂൾ, കോളജ്, മഞ്ചേരി എൻഎസ്എസ് കോളജ് ടീമുകളിലൂടെയാണു കളിച്ചുവളർന്നത്. 2007ൽ മുംബൈ എഫ്സിയിൽ എത്തിപ്പെട്ടു. 2011ൽ പുണെ എഫ്സിയിൽ. 2013ൽ ക്യാപ്റ്റനുമായി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ അനസ് വീണ്ടും താരമായി. ഐഎസ്എൽ നാലാം സീസണിൽ ഇന്ത്യൻ പ്ലെയർ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരം അനസ് എടത്തൊടികയായിരുന്നു. 1.10 കോടി രൂപയ്ക്കാണ് അനസിനെ ഐഎസ്എല്ലിലെ പുതിയ ക്ലബ്ബായ ജംഷഡ്പുർ എഫ്സി കൊത്തിയെടുത്തത്. ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസിനും കളിച്ചിട്ടുള്ള അനസ് നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമാണ്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ഐ ലീഗിൽ മോഹൻ ബഗാനു കളിക്കവെ രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം നേടി.

ട്വിറ്ററിൽ അനസ് കുറിച്ച വാക്കുകൾ

‘വലിയ ഹൃദയഭാരത്തോടെയാണ് രാജ്യാന്തര ഫുട്ബോളിൽനിന്നുള്ള വിരമിക്കൽ ഞാൻ പ്രഖ്യാപിക്കുന്നത്. കൈക്കൊള്ളാനും അംഗീകരിക്കാനും ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു ഇത്. കൂടുതൽ വർഷങ്ങൾ ഇനിയും പരമാവധി കളിക്കണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും കൂടുതൽ മികച്ച പ്രകടനത്തിനു പ്രാപ്തിയുള്ള യുവാക്കൾക്കായി വഴിമാറേണ്ട സമയമായി എന്നു ഞാൻ കരുതുന്നു. 11 വർഷമെടുത്താണ് ഞാൻ ദേശീയ ടീമിൽ ഇടം കണ്ടെത്തിയത്. ചെറിയ കാലയളവെങ്കിലും രാജ്യത്തിനായി കളിക്കാൻ ലഭിച്ച അവസരങ്ങൾ അതുല്യമാണ്. ലഭിച്ച അവസരങ്ങളിലെല്ലാം കഴിവിന്റെ പരമാവധി ടീമിനായി പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

ബഹ്റൈനെതിരായ മൽസരത്തിന്റെ ആദ്യ മിനിറ്റുകളിൽത്തന്നെ പരുക്കേറ്റു കയറേണ്ടി വന്നത് ഏറെ വേദനിപ്പിച്ചു. ഈ വേദന എന്നെ എക്കാലവും വേട്ടയാടും. എന്നിൽ വിശ്വാസമർപ്പിക്കുകയും അവസരങ്ങൾ നൽകുകയും ചെയ്ത പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈനു ഹൃദയം നിറഞ്ഞ നന്ദി. അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്രയിൽ സർവ പിന്തുണയും നൽകിയ എല്ലാ കോച്ചിങ് സ്റ്റാഫിനും സഹതാരങ്ങൾക്കും ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി. രാജ്യം കണ്ട ഏറ്റവും മികച്ച ചില താരങ്ങൾക്കൊപ്പം ദേശീയ ടീമിനായി കളിക്കാൻ ഭാഗ്യം ലഭിച്ച ഞാൻ അതീവ ഭാഗ്യവാനാണ്.

ദേശീയ ജഴ്സിയണിഞ്ഞ് ടണലിലൂടെ സന്ദേശ് ജിങ്കാനൊപ്പം മൈതാനത്തേക്കുള്ള യാത്രകൾ എക്കാലവും ഞാൻ‌ ഓർമിക്കും. പ്രതിരോധത്തിൽ അദ്ദേഹത്തോടൊപ്പം മികച്ച കൂട്ടുകെട്ടു തീർക്കാൻ സാധിച്ചിരുന്നു. താങ്കളോടൊപ്പമുള്ള നിമിഷങ്ങൾ ഒരു വികാരമായിരുന്നു സഹോദരാ!

ജെജെ, എന്റെ ഏറ്റവും മികച്ച റൂം മേറ്റ് നിങ്ങളായിരുന്നു. ഈ നിമിഷങ്ങളും ഞാൻ മിസ് ചെയ്യും. രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കാൻ എല്ലാ ആശംസകളും നേരുന്നു. നാമൊന്നിച്ചുള്ള ഓർമകള്‍ എക്കാലവും എന്നോടൊപ്പമുണ്ടാകും.

അനസ് എടത്തൊടിക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA