sections
MORE

കോൺസ്റ്റന്റൈൻന്റെ മടക്കം, തല കുനിക്കാതെ

stephen-constatntine-indian-football-coach
SHARE

∙ ഫിഫ റാങ്കിങ്ങിൽ 173– ാം സ്ഥാനത്തായിരുന്ന ഇന്ത്യ 97–ാം സ്ഥാനത്ത് എത്താനുള്ള കാരണക്കാരിൽ മുഖ്യൻ കോൺസ്റ്റന്റൈൻ തന്നെ

‌നിൽക്കണോ, അതോ പോകണോ എന്ന ചോദ്യത്തിനു കാത്തില്ല, കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പടിയിറങ്ങി. ഏഷ്യൻ കപ്പ് ഫുട്ബോൾ ആദ്യറൗണ്ടിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ തിങ്കൾ രാത്രി വൈകി അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു. തല ഉയർത്തിപ്പിടിച്ചാണ് കോൺസ്റ്റന്റൈൻ മടങ്ങുന്നത്. ഫിഫ റാങ്കിങ്ങിൽ 173– ാം സ്ഥാനത്തുനിന്ന് 97–ാം സ്ഥാനത്ത് ഇന്ത്യയിന്നു കസേരയിട്ടിരിക്കാൻ കാരണക്കാരിൽ മുഖ്യൻ ഈ ഇംഗ്ലിഷുകാരൻ തന്നെ!. 

2002ൽ ആണ് കോൺസ്റ്റന്റൈൻ അദ്യമായി ഇന്ത്യയുടെ പരിശീലക പദവി ഏറ്റെടുത്തത്. വിയറ്റ്നാമിൽ എൽജി കപ്പ് വിജയം, ആഫ്രോ ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്ഥാനം എന്നിവ ആ കാലഘട്ടത്തിലെ പൊൻതൂവലുകളായി.  2005ൽ ഇന്ത്യ വിട്ട കോൺസ്റ്റന്റൈൻ 2015 ൽ മടങ്ങിയെത്തി; ന്യൂസീലൻഡുകാരൻ വിം കോവർമാൻസിനു പകരക്കാരനായി. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനം ഈ കാലയളവിലായിരുന്നു.

തോൽവിയറിയാതെ തുടർച്ചയായി 13 വിജയങ്ങൾ. 2016 ജൂണിൽ ലാവോസിനെ തോൽപിച്ച് ജൈത്രയാത്ര തുടങ്ങിയ ഇന്ത്യ, ഏഷ്യൻ കപ്പ് യോഗ്യതാ മൽസരത്തിൽ കഴിഞ്ഞ മാർച്ചിൽ കിർഗിസ്ഥാനോടു പരാജയപ്പെടുന്നതു വരെ തുടർന്നു ആ കുതിപ്പ്.  2015ൽ സാഫ് ചാംപ്യൻഷിപ്, കെനിയയെ തോൽപിച്ച് ഇന്റർ കോണ്ടിനെന്റൽ കപ്പ്, ഏഷ്യൻ കപ്പ് യോഗ്യത എന്നിവ നേടിക്കൊടുക്കാൻ കഴിഞ്ഞത് കോൺസ്റ്റന്റൈന്റെ നേട്ടമാണ്. കളിയഴകിന്റെയും മികച്ച തന്ത്രങ്ങളുടെയും വക്താവ് ആയിരുന്നില്ല അദ്ദേഹം.

ടീമിനെ ഇളക്കിപ്പണിയാൻ ഒരുക്കവുമായിരുന്നില്ല. പ്രതിഭയുള്ള താരങ്ങൾ അവസരം കിട്ടാതെ പുറത്തിരിക്കുമ്പോളും ടീം പൊളിക്കാൻ കോൺസ്റ്റൻന്റൈൻ തയാറാകാത്തത് ഏറെ പഴി കേൾപ്പിച്ചു.
ഏറ്റവുമൊടുവിൽ മൈക്കിൾ സൂസൈരാജിനും ജോബി ജസ്റ്റിനുമായി കളിപ്രേമികൾ മുറവിളി കൂട്ടിയെങ്കിലും അതു കേട്ടില്ല. ടീം മാറ്റുന്നതിനു പകരം ക്യാപ്റ്റൻമാരെ മാറ്റി മാറ്റി കളികൾ മുന്നോട്ടുകൊണ്ടുപോയി.  കോൺസ്റ്റന്റൈന്റെ മടക്കം ഒരുതരത്തിൽ ഇന്ത്യൻ ഫുട്ബോളിനു ഗുണകരമാണ്. കൂടുതൽ കളിയനുഭവമുള്ള പരിശീലകനെ തേടാൻ ഏറ്റവും നല്ല അവസരം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA