sections
MORE

പിഎസ്ജിക്ക് മധുരപ്രതികാരം: ഗ്വിൻഗാംപിനെ തകർത്തത് 9–0ന്

PSG-celebration
SHARE

പാരിസ് ∙ ഒൻപതു നാൾ കാത്തിരുന്ന് പിഎസ്ജി പകരം വീട്ടി– ലീഗ് കപ്പിൽ തങ്ങളെ തോൽപ്പിച്ച ഗ്വിൻഗാംപിന്റെ വലയിൽ ഒൻപതു ഗോളുകൾ! സ്കൂൾ കുട്ടികളെപ്പോലെ കളിച്ച ഗ്വിൻഗാംപ് ഡിഫൻസിനെ കാഴ്ച്ചക്കാരാക്കി പിഎസ്ജിയുടെ ലോകോത്തര മുന്നേറ്റനിര ഗോളുകൾ പങ്കുവച്ചു; കവാനി–3, എംബപെ–3, നെയ്മർ–2, മ്യൂനിയർ–1. ഹോം ഗ്രൗണ്ടിൽ പിഎസ്ജിയുടെ ഏറ്റവും വലിയ വിജയമാണിത്. 12 മാസം മുൻപ് ‍ഡിജോണിനെ 8–0നു തകർത്ത റെക്കോർഡാണ് മറികടന്നത്. എന്നാൽ പിഎസ്ജിയുടെ എക്കാലത്തെയും വലിയ വിജയം ഇതല്ല– 1994ൽ കോട്ട് ഷോദിനെ തോൽപ്പിച്ചത് 10–0ന്! 

വെറാറ്റി ഔട്ട്

വൻവിജയത്തിനിടയിലും മിഡ്ഫീൽഡർ മാർക്കോ വെറാറ്റിക്കു പരുക്കേറ്റത് പിഎസ്ജിക്കു തിരിച്ചടിയായി. വെറാറ്റിയുടെ പരുക്ക് ഗുരുതരമാണെന്നാണ് പിഎസ്ജി കോച്ച് തോമസ് ടൂഷൽ പറഞ്ഞത്. അങ്ങനെയെങ്കിൽ സന്തോഷം മാഞ്ചസ്റ്റർ യുണൈറ്റഡിനാണ്. അടുത്ത മാസം ഇരു ടീമുകളും തമ്മിലുള്ള ചാംപ്യൻസ് ലീഗ് പ്രീ–ക്വാർട്ടർ പോരാട്ടത്തിൽ ഇറ്റാലിയൻ താരം ഉണ്ടാകില്ല. 11–ാം മിനിറ്റിൽ ഡാനി ആൽവസിന്റെ ആകാശപ്പാസിൽ നിന്ന് നെയ്മറാണ് പിഎസ്ജിയുടെ ഗോളടി തുടങ്ങിയത്. ഇടവേളയ്ക്കു പിരിഞ്ഞപ്പോഴേക്കും എംബപെയുടെ ഇരട്ടഗോളും കൂടിയായതോടെ പിഎസ്ജി 3–0നു മുന്നിൽ. രണ്ടാം പകുതിയിൽ പിഎസ്ജി കൂട്ടത്തോടെ ഗോളടിച്ചു കയറിയതോടെ ഗ്വിൻഗാംപ് മുഖം താഴ്ത്തി. 

ഒൻ‌റി, കഷ്ടം!

മൊണാക്കോ പരിശീലക സ്ഥാനത്ത് തിയറി ഒൻ‌റിയുടെ കഷ്ടകാലം തുടരുന്നു. സ്ട്രാസ്ബർഗിനോട് 1–5നു തോറ്റതോടെ മൊണാക്കോ തരംതാഴ്ത്തൽ ഭീഷണിയിൽ തന്നെ. ഈയിടെ ടീമിലെത്തിയ ബ്രസീലിയൻ വെറ്ററൻ താരം നാൽഡോ ഏഴാം മിനുറ്റിൽ തന്നെ ചുവപ്പു കാർഡ് വാങ്ങിയതാണ് മൊണാക്കോയുടെ താളം തെറ്റിച്ചത്. റഫറിയുടെ കടുത്ത വിധിയിൽ മനസ്സിടിഞ്ഞു പോയ മൊണാക്കോ താരങ്ങൾ അതോടെ കളി കൈവിട്ടു. രണ്ടാം പകുതിയിൽ സ്ട്രാസ്ബർഗ് ക്യാപ്റ്റൻ സ്റ്റെഫാൻ മിത്രോവിച്ചും ചുവപ്പു കാർഡ് വാങ്ങിയെങ്കിലും മൊണാക്കോയുടെ വിധിയിൽ മാറ്റമുണ്ടായില്ല.

ഗോളുകൾ 58

പിഎസ്ജി താരങ്ങളായ എംബപെ, കവാനി, നെയ്മർ എന്നിവർ സീസണിൽ ഇതുവരെ നേടിയത് 58 ഗോളുകൾ. ലീഗിൽ 17 ഗോളുകളുമായി എംബപെയാണ് മുന്നിൽ. കവാനി 14 ഗോളുകളുമായി രണ്ടാമതും നെയ്മർ 13 ഗോളുകളുമായി മൂന്നാം സ്ഥാനത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA