sections
MORE

ലോക ഫുട്ബോളിൽ ഡെംബെലെ ഡേ!

Ousmane-Dembele
SHARE

ബാർസിലോന∙ ഒസ്മാൻ ഡെംബെലെയും മൗസ ഡെംബെലെയും തമ്മിൽ രക്തബന്ധമില്ല; ഫുട്ബോൾ ബന്ധം മാത്രം! സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒസ്മാൻ ഡെംബെലയുടെ മികവിൽ ബാർസിലോനയും ഫ്രഞ്ച് ലീഗിൽ മൗസ ഡെംബെലെയുടെ ഗോളിൽ ഒളിംപിക് ലയോണും ജയിച്ചു കയറിയതോടെ ലോക ഫുട്ബോളിൽ ഇന്നലെ ‘‍ഡെംബെലെ ദിന’മായി. സ്പാനിഷ് ലീഗിൽ ഒസ്മാൻ ഡെംബെലെ, ലൂയി സ്വാരെസ്, ലയണൽ മെസ്സി എന്നിവരുടെ ഗോളിലാണ് ബാർസ ലെഗാനെസിനെ 3–1നു തോൽപ്പിച്ചത്.

രണ്ടാം പകുതിയിൽ ഇറങ്ങിയ മെസ്സിയാണ് ബാർസയുടെ ജയം പൂർത്തിയാക്കിയത്. സ്വാരെസിന്റെ ഗോളിനു വഴിയൊരുക്കിയ മെസ്സി പിന്നീട് ഇൻജറി ടൈമിൽ മൂന്നാം ഗോളും നേടി. മെസ്സിയുടെ തകർപ്പൻ ഷോട്ട് ലെഗാനെസ് ഗോൾകീപ്പർ പിച്ചു ക്യുയെല്ലാറിന്റെ കയ്യിൽ തട്ടി പൊങ്ങിയത് ഓടിയെത്തിയ സ്വാരെസ് വലയിലാക്കുകയായിരുന്നു.

ലെഗാനെസ് ഗോൾകീപ്പർ ഫൗളിനായി വാദിച്ചെങ്കിലും വിഎആർ പരിശോധിച്ച റഫറി ഗോൾ അനുവദിച്ചു. ജയത്തോടെ ബാർസ ഒന്നാം സ്ഥാനത്ത് ലീഡ് വീണ്ടും അഞ്ചു പോയിന്റാക്കി. ഫ്രഞ്ച് ലീഗിൽ സെന്റ് എറ്റീനെതിരെ 95–ാം മിനിറ്റിൽ നേടിയ ഗോളിലാണ് മൗസ ഡെംബെലെ ലയോണിനു വിജയം സമ്മാനിച്ചത്. 

ഡെംബെലെ എന്ന ‘കുമാർ’ 

ഫുട്ബോളിൽ ഡെംബെലെ എന്നത് രാശിയുള്ള പേരാണ്. ഡെംബെലെ എന്നു രണ്ടാം പേരുള്ള ഒട്ടേറെ ഫുട്ബോളർമാർ കളിക്കളത്തിലുണ്ട്. അവരിൽ പലരും ആഫ്രിക്കൻ രാജ്യമായ മാലിയിൽ കുടുംബവേരുകളുള്ളവരാണ്. ബാർസിലോനയുടെ ഫ്രഞ്ച് താരമായ ഒസ്മാൻ ഡെംബെലെ, ടോട്ടനമിന്റെ ബൽജിയം താരം മൂസ ഡെംബെല, ലയോണിന്റെ ഫ്രഞ്ച് താരം മൗസ ഡെംബെലെ എന്നിവരാണ് പ്രശസ്തരായ ഡെംബെലെമാർ. ഡെംബെലെ എന്നത് കുടുംബപ്പേരല്ല, നമ്മൾ ‘കുമാർ’ എന്നൊക്കെ പറയുന്ന പോലെ ഒരു പൊതുനാമമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA