sections
MORE

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വിൻഗാദയുടെ തന്ത്രങ്ങൾ

kerala-blasters-coach
SHARE

കൊച്ചി ∙ ഒരപ്രതീക്ഷിത വിളിയാണു നെലോ വിൻഗാദയെന്ന പ്രശസ്ത പോർച്ചുഗീസ് ഫുട്ബോൾ പരിശീലകനെ കേരളത്തിലെത്തിച്ചത്; കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക വേഷത്തിലേക്ക്. നെലോയെ കാത്തിരിക്കുന്നതു വെല്ലുവിളികളുടെ മൂന്നര മാസം. ഹ്രസ്വകാല കരാറായതിനാൽ അതിനു ശേഷമെന്തെന്നു തീരുമാനിക്കേണ്ടതു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തന്നെ! 

‘‘ മികച്ച പ്രകടനം സാധ്യമാകുമെന്നാണു വിശ്വാസം. ഏറ്റവും പ്രധാന ഘടകം ഞാനല്ല, കളിക്കാരാണ്. സ്വാഭാവിക രീതിയിൽ കളിക്കാനാണ് അവരോട് ആവശ്യപ്പെടുന്നത്. പരമാവധി കഴിവുകൾ പുറത്തെടുക്കണം. ഓരോ കളിക്കാരനും 10 ശതമാനം കൂടുതൽ മികവു പുറത്തെടുത്താൽ തന്നെ കളി മാറും!’’– തേവര റിവിയേറ സ്യൂട്സിലെ പൂൾ സൈഡിലിരുന്നു നെലോ പതിഞ്ഞ ശബ്ദത്തിൽ പറയുന്നു, ഗൗരവം വിടാതെ.

‘‘ ഏഷ്യൻ കപ്പ് കാണാൻ ഞാൻ ദുബായിലുണ്ടായിരുന്നു. അപ്പോഴാണു കേരളത്തിൽ നിന്നു വിളി വന്നതും ടീം മാനേജ്മെന്റുമായി കൂടിക്കണ്ടതും. പിന്നെയല്ലാം പെട്ടെന്നായിരുന്നു.’’

ഐഎസ്എലിലേക്കു നെലോയുടെ രണ്ടാം വരവാണിത്. 2016 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചായിരുന്നു. പോർച്ചുഗൽ, ജോർദാൻ, ഈജിപ്ത്, മലേഷ്യ തുടങ്ങി ദേശീയ ടീമുകളെ പരിശീലിപ്പിച്ച അദ്ദേഹം സൗദി അറേബ്യയെ ഏഷ്യൻ ചാംപ്യൻമാരുമാക്കി. വിൻഗാദ ‘മനോരമ’യോടു സംസാരിക്കുന്നു. 

ആക്രമണ ശൈലി

അതെല്ലാം കളിക്കാരെ ആശ്രയിച്ചിരിക്കും. കോച്ചിങ് കരിയറിൽ കുറെ കിരീടങ്ങൾ നേടാനായിട്ടുണ്ട്. ഏഷ്യയിലും യൂറോപ്പിലും പല ടീമുകളെ പരിശീലിപ്പിച്ചു. സൗദി ടീമിൽ മികച്ച 2 സ്ട്രൈക്കർമാരെ കേന്ദ്രീകരിച്ചായിരുന്നു കളി. ഈജിപ്റ്റിൽ ഒരു സ്ട്രൈക്കർക്കു പിന്നിൽ രണ്ടാം സ്ട്രൈക്കറെ വിന്യസിച്ചു. കൊറിയയിൽ ഏക സ്ട്രൈക്കറായിരുന്നു ആയുധം. 

 ഗോൾ അടിക്കുന്നതുപോലെ തന്നെ പ്രധാനമാണു ഗോൾ വഴങ്ങാതിരിക്കുന്നതും. ബ്ലാസ്റ്റേഴ്സിന്റെ പിന്നറ്റം മുതൽ മുൻനിര വരെ ഒരുപോലെ ഒരുക്കണം. ശക്തമായി പ്രതിരോധിക്കണം, ആക്രമിക്കാനും അതേ മികവു കാട്ടണം. അതാണു ഫുട്ബോൾ. ടീമിനെക്കുറിച്ചു പരമാവധി കാര്യങ്ങൾ മനസിലാക്കാനാണ് ആദ്യശ്രമം. ടീമിന്റെ കളികളുടെ വിഡിയോകൾ കണ്ടു. 

മൗറീഞ്ഞോയുടെ സഹപാഠി

എന്റെ ജോലിയുടെ ഏറ്റവും പ്രധാന ഭാഗം ടീമിനു മാനസിക പിന്തുണ നൽകുകയാണ്. അവർ എന്നെ കേൾക്കുമെന്നാണ് എന്റെ വിശ്വാസം. ഈ ആരാധകരുടെ പിന്തുണ ടീമിന് ആവശ്യമാണ്. 

മൂന്നര മാസമേ തൽക്കാലം മുന്നിലുള്ളൂ. ഐഎസ്എലിൽ മെച്ചപ്പെട്ട ഫലം, സൂപ്പർ കപ്പ്... എല്ലാം നന്നായാൽ ഒരുപക്ഷേ, കൂടുതൽ കാലം ഇവിടുണ്ടായേക്കാം! നോക്കൂ, മാഞ്ചസ്റ്റർ യുണൈറ്റിന്റെ കോച്ചായിരുന്ന ഹോസെ മൗറിഞ്ഞോയുടെ അവസ്ഥ. 2022 വരെയോ മറ്റോ കരാറുണ്ടായിരുന്നു. പക്ഷേ, അതിനു മുൻപെ പുറത്താക്കി. പോർച്ചുഗലിൽ സർവകലാശാലാ പഠനകാലത്ത് എന്റെ സുഹൃത്തായിരുന്നു മൗറീഞ്ഞോ. അദ്ദേഹത്തിന്റെ പിതാവ് എന്റെ കോച്ചുമായിരുന്നു. 

പ്രഫസർ എന്ന വിളിപ്പേര് 

എനിക്കിഷ്ടമാണത്. ഫുട്ബോൾ കളിച്ചു തുടങ്ങിയപ്പോൾ, കുടുംബപ്പേരായ എഡ്വാർദോ എന്നാരും എന്നെ വിളിച്ചില്ല. നെലോ എന്നു വിളിച്ചു. വീട്ടുകാരും അങ്ങനെ വിളിച്ചു തുടങ്ങി. സർവകലാശാലയിൽ അധ്യാപകനായ ശേഷമാണു കോച്ചായത്. അതോടെ, പലരും ‘പ്രഫസർ നെലോ’ എന്നു വിളിച്ചു തുടങ്ങി! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA