Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിന് ആദ്യ ഏഷ്യൻ കപ്പ് കിരീടം; ഇത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ‘അറബിക്കഥ’!

qatar-team-with-asian-cup ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടവുമായി ഖത്തർ ടീമംഗങ്ങൾ

അബുദാബി∙ ആരാധകർക്ക് അവിസ്മരണീയ ഫുട്ബോൾ രാവു സമ്മാനിച്ച് ഖത്തർ ഏഷ്യൻ കപ്പിൽ മുത്തമിട്ടു! നാലു വട്ടം ജേതാക്കളും ഏഷ്യയിലെ കരുത്തരുമായ ജപ്പാനെ 3–1നു വീഴ്ത്തിയാണു ഖത്തർ കന്നി കിരീടത്തിലെത്തിയത്. രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന വിജയത്തോടെ 2022ൽ നാട്ടിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള മുന്നൊരുക്കവും ഖത്തർ ഭംഗിയാക്കി. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള ജപ്പാൻ ആദ്യമായാണ് ഏഷ്യൻ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.

ഫിഫ റാങ്കിങിൽ 93–ാം സ്ഥാനക്കാരായ ഖത്തർ ഇറാഖ്, ദക്ഷിണ കൊറിയ, യുഎഇ എന്നിവരെ അട്ടിമറിച്ചാണു ഫൈനലിലെത്തിയത്. ഖത്തർ ഏഷ്യൻ കപ്പ് കിരീടം നേടുമെന്നു ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപു പ്രവചിച്ച മുൻ സ്പാനിഷ് താരം ചാവി ഹെർണാണ്ടെസിന്റെ വാക്കുകൾ ഇതോടെ കിറുകൃത്യമായി. വിജയത്തിനു വേണ്ടി ആക്രമിച്ചു കളിച്ച ഖത്തർ 12–ാം മിനിറ്റിൽ അൽമോസ് അലിയിലൂടെ ആദ്യ ഗോൾ നേടി (1–0).

27–ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹാത്തിമിലൂടെ ഖത്തർ ലീഡ് വർധിപ്പിച്ചു (2–0). മുന്നേറ്റ നിരയിലെ അക്രം അഫിഫിന്റെ മനോഹരമായ പാസിൽ നിന്നായിരുന്നു ഹാത്തിമിന്റെ ഗോൾ. രണ്ടാം പകുതിയിൽ ജപ്പാൻ കരുതിയാണ് ഇറങ്ങിയത്. ഖത്തർ പെനാൽറ്റി ബോക്സിനുള്ളിൽ പലതവണ ജപ്പാൻ താരങ്ങൾ അപകട ഭീഷണി മുഴക്കി. എന്നാൽ, ഖത്തർ പ്രതിരോധ നിരയും ഗോൾ കീപ്പർ സാദ് അൽ ഷീബും പിടിച്ചു നിന്നു.

എന്നാൽ, 69–ാം മിനിറ്റിൽ ഏഷ്യൻ കപ്പിൽ ആദ്യമായി ഖത്തറിന്റെ ഗോൾ വല കുലുങ്ങി (2–1). തകുമിയായിരുന്നു സ്കോറർ. ഒരു ഗോൾ മടക്കിയതിന്റെ ആവേശത്തിൽ ജപ്പാൻ താരങ്ങൾ ആക്രമിച്ചു കളിച്ചതോടെ ഖത്തർ പ്രതിരോധ കോട്ട ശക്തമാക്കി. ഇതിനിടെ, ക്യാപ്റ്റൻ മയ യോഷിദയുടെ ഹാൻഡ്ബോളിൽ നിന്നു ലഭിച്ച പെനാൽറ്റി അക്രം അഫിഫ് വലയിലെത്തിച്ചതോടെ ജപ്പാന്റെ പതനം പൂർണം (3–1).

ഗോളടിക്കാൻ

∙ അൽമോസ് അലി ടൂർണമെന്റിന്റെ താരം

ഏഷ്യൻ കപ്പിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ. ഫൈനലിലെ ഗോൾനേട്ടത്തോടെ ഖത്തർ യുവതാരം അൽമോസ് അലി ഒരു ഏഷ്യൻ കപ്പ് ടൂർണമെന്റിൽ ഏറ്റവും അധികം ഗോൾനേടുന്ന താരം (9 ഗോൾ) എന്ന റെക്കോർഡും സ്വന്തമാക്കി. ഇറാൻ ഇതിഹാസ താരം അലി ദേയി 1996ൽ സ്ഥാപിച്ച റെക്കോർഡാണു പഴങ്കഥയായത്. സുഡാൻ വംശജനായ ഇരുപത്തിരണ്ടുകാരൻ അൽമോസ് 2016 മുതൽ ഖത്തർ ദേശിയ ടീം അംഗമാണ്. ഏഷ്യൻ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ അൽമോസിനെ യൂറോപ്പിലെ വമ്പൻ ടീമുകൾ നോട്ടമിട്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.

പന്തെത്തിക്കാൻ

∙ പാസുകളുമായി കളം നിറഞ്ഞ് അക്രം അഫിഫ്

ഖത്തറിന്റെ മുന്നേറ്റ നിരക്കാരൻ അക്രം അഫിഫ് ടൂർണമെന്റിൽ ഒരു ഗോളാണു നേടിയത്; ഫൈനലിൽ പെനാൽറ്റിയിലൂടെ. പക്ഷേ, ഫൈനലിലെ മറ്റു 2 ഗോളുകൾ ഉൾപ്പെടെ ഖത്തർ സ്കോർ ചെയ്ത 10 ഗോളുകൾക്ക് പന്തെത്തിച്ചു കൊടുത്തത് അക്രം അഫിഫാണ്. ആസ്പയർ അക്കാദമിയുടെ സൃഷ്ടിയായ അഫിഫ് സ്പാനിഷ് ക്ലബ് വിയ്യാറയലിൽ നിന്ന് വായ്പ അടിസ്ഥാനത്തിലാണ് ഖത്തർ ക്ലബായ അൽ സദ്ദിനു കളിക്കുന്നത്.

പന്ത് പിടിക്കാൻ

∙ മിന്നൽ സേവുകളുമായി ഗോൾകീപ്പർ സാദ് അൽ ഷീബ്

ഖത്തറിന്റെ മുന്നേറ്റത്തിനു പിന്നിലെ നിശബ്ദനായ പോരാളിയായിരുന്നു ഖത്തർ സ്റ്റാർസ് ലീഗിൽ അൽ സദ്ദ് സ്പോർട്സ് ക്ലബ് ഗോൾ കീപ്പറായ സാദ് അൽ ഷീബ്. ടൂർണമെന്റിൽ ആദ്യമായി ഗോൾ വഴങ്ങിയത് ഇന്നലെ ജപ്പാനെതിരായ ഫൈനലിൽ. നിർണായക മൽസരങ്ങളിൽ ഒരിക്കൽ പോലും പിഴവു വരുത്താതെയായിരുന്നു അൽ ഷീബ് ഖത്തർ ഗോൾ വല കാത്തത്. ഏറ്റവും മികച്ച ഗോൾ കീപ്പറുടെ പുരസ്കാരം സിദിനെ തേടിയെത്തിയതും ഇതുകൊണ്ടുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.