ADVERTISEMENT

െബംഗളൂരു∙ സീസണിലെ 6 തോൽവികളുടെ അപമാനം ഒരൊറ്റ ജയം കൊണ്ടു കഴുകിക്കളയാമെന്ന ബ്ലാസ്റ്റേഴ്സ് മോഹം ബെംഗളൂരു എഫ്സിയുടെ പോരാട്ട വീര്യത്തിനു മുന്നിൽ വീണുടഞ്ഞു. ആദ്യ പകുതിയിലെ 2 തകർപ്പൻ ഗോളുകളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ അവസാന പകുതിയിലെ 2 ഗോളുകളിൽ ബെംഗളൂരു സമനിലയിൽ കുരുക്കി. സ്ലാവിസ സ്റ്റൊയനോവിച്ചും (16’) കറേജ് പെക്കുസനും (40’) ബ്ലാസ്റ്റേഴ്സിനായി വലയനക്കിയപ്പോൾ ഉദാന്ത സിങ് (69’), സുനിൽ ഛേത്രി (85’) എന്നിവരിലൂടെ ബെംഗളൂരുവിന്റെ ഉജ്വല തിരിച്ചടി. സീസണിലെ ആദ്യ പോരിൽ കൊൽക്കത്തയെ വീഴ്ത്തിയ ശേഷം ജയമറിഞ്ഞിട്ടില്ല, ബ്ലാസ്റ്റേഴ്സ്. വിജയ മധുരമില്ലാതെ പിന്നിട്ടതു 130 ദിവസം.

‘വി ഷാൽ വെയിറ്റ് ഇൻ ഹോപ് ടു സീ ദ് ഫുട്ബോൾ ദാറ്റ് വി ലവ്’ – ശ്രീ കണ്ഠീരവ സ്റ്റേഡിയം ഗാലറിയിൽ മഞ്ഞപ്പട വിരിച്ച കൂറ്റൻ ബാനറിലെ പ്രത്യാശ അതേ പടി നിലനിർത്താനായില്ല, ബ്ലാസ്റ്റേഴ്സിന്. ആദ്യ പകുതിയിലെ മിന്നൽത്തുടക്കം പക്ഷേ, 2 –ാം പകുതിയിൽ എവിടെയോ നഷ്ടമായി. അത്യന്തം വാശിയേറിയ പോരിന്റെ സാക്ഷ്യം പോലെ ബ്ലാസ്റ്റേഴ്സ് നാലും ബെംഗളൂരു രണ്ടും മഞ്ഞക്കാർഡ് കണ്ടു. പിന്നിൽ നിന്നു തിരിച്ചടിക്കാനുള്ള ബെംഗളൂരുവിന്റെ മികവു വീണ്ടും തെളിഞ്ഞു. 

തുടക്കത്തിൽ ബെംഗളൂരുവിന്റെ ആക്രമണം. കളിയിലെ ഗോൾത്തിരിവായി 14 –ാം മിനിറ്റിൽ ബെംഗളൂരു ഗോൾവലയ്ക്കു മുന്നിലേക്കു റാക്വിപിന്റെ മിന്നൽ ക്രോസ്. തട്ടിയകറ്റാൻ ശ്രമിച്ച ബെംഗളുരു മധ്യനിര താരം കീൻ ലെവിസിന്റെ കാലിൽ നിന്നു തെന്നിയ പന്തു ചുംബിച്ചതു കയ്യിൽ; ഹാൻഡ് ബോൾ. പെനൽറ്റി കിക്ക് ബ്ലാസ്റ്റേഴ്സിന്. സ്ലാവിസ സ്റ്റൊയനോവിച്ചിനു പിഴച്ചില്ല. 

ഗോൾ മടക്കാൻ ബെംഗളൂരു ആഞ്ഞുപിടിച്ചതോടെ ശ്രീകണ്ഠീരവയിലെ പുൽമൈതാനിക്കു തീപിടിച്ചു. 27 –ാം മിനിറ്റിൽ ലാൽറിൻദിക ബ്ലാസ്റ്റേഴ്സ് വലയനക്കിയെങ്കിലും ക്രോസ് നൽകിയ സുനിൽ ഛേത്രി ഓഫ് സൈഡിനു വിധിക്കപ്പെട്ടതോടെ നീലപ്പടയ്ക്കു നിരാശ. 40 –ാം മിനിറ്റിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോൾ. ദുംഗലിൽ നിന്നു ലഭിച്ച പാസിൽ പെക്കുസൻ വക ഫസ്റ്റ് ടൈം ലോങ് റേഞ്ചർ വലയുടെ മുകളിൽത്തട്ടിൽ തറച്ചപ്പോൾ ഗുർപ്രീത് ഒരിക്കൽക്കൂടി നിസഹായനായി. 

ഛേത്രി, ഉദാന്ത, മിക്കു

2– ാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെംഗളൂരു കളി തിരിച്ചു പിടിക്കുന്നതായിരുന്നു കാഴ്ച. സുനിൽ ഛേത്രിക്കു തലപ്പാകത്തിൽ ഉദാന്ത സിങ് നൽകിയ ക്രോസ് മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ബോക്സിനു തൊട്ടുപുറത്തു നിന്നു ഛേത്രി പായിച്ച മിന്നൽപ്പിണറിനെ ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ് കുത്തിയകറ്റി. മിക്കുവിനെക്കൂടി കളത്തിലിറക്കിയ ബെംഗളൂരു ആക്രമണത്തിനു മൂർച്ചയേറ്റി. 69 –ാം മിനിറ്റിൽ അതിനു ഫലവും കണ്ടു. ഛേത്രിയുടെ പാസിൽ ഉദാന്തയുടെ ഗോൾ. 85 –ാം മിനിറ്റിൽ ഛേത്രി ഗോൾ; കളി സമനിലയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com