ADVERTISEMENT

മിലാൻ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലാസിക് ഹെഡറിൽ ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ യുവെന്റസിന് മൂന്നു ഗോൾ ജയം. ഒന്നാം സ്ഥാനത്ത് ടീമിന്റെ ലീഡ് 11 പോയിന്റ്. സാസ്വോളെയ്ക്കെതിരെയാണ് കഴിഞ്ഞ കളിയിലെ ആലസ്യം മറന്ന് ടീം വിജയവുമായി കുതിച്ചത്. 23 ാം മിനിറ്റിൽ സാമി ഖദീരയുടെ ഗോളിൽ യുവെന്റസ് ലീഡ് എടുത്തു.

എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹെഡർ. ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിനു മുൻപ് തന്റെ ഫോം വിളിച്ചറിയിച്ച ഗോൾ. യുവെന്റസിനു വേണ്ടി റൊണാൾഡോയുടെ ഇരുപതാമത്തെ ഗോളാണിത്. എമ്രെ ചാൻ മൂന്നാം ഗോൾ നേടി.പാർമയുമായി കഴിഞ്ഞ കളിയിൽ ടീം സമനിലയിൽ പിരി‍ഞ്ഞതിനാൽ ഇത്തവണ കരുതലോടെയാണ് കളിച്ചത്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള നാപ്പോളി ഫിയോറന്റീനയുമായി സമനിലയിൽ പിരി‍ഞ്ഞു.

മൂന്നാം സ്ഥാനത്തുള്ള ഇന്റർമിലാൻ യുവെന്റസിനേക്കാൾ 20 പോയിന്റ് പിന്നിലാണ്. അർജന്റീനയുടെ പൗളോ   താരം ഡിബാലെയെ പുറത്തിരുത്തിയാണ് യുവെന്റസ് ടീമിനെ ഇറക്കിയത്. റൊണാൾഡോ–ഡിബാല കൂട്ടുകെട്ട് മികച്ചതാണെങ്കിലും ടീം സമതുലിതമാകാൻ എല്ലാ പരീക്ഷണങ്ങളും വേണമെന്ന നിലപാടിലാണ് കോച്ച് മാസ്സിമിലാനോ അലെഗ്രി. കളിയുടെ അന്ത്യഘട്ടങ്ങളിൽ ഡിബാലെ ഇറങ്ങുകയും മൂന്നാംഗോളിന് വഴിയൊരുക്കുകയും ചെയ്തു.

അതേസമയം, ലാലിഗയിൽ അത്‍ലറ്റിക്കോ ബിൽബാവോയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബാർസിലോനയുടെ ലീഗ് കിരീടത്തിലേക്കുള്ള മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു. തുടയിലേറ്റ പരുക്കുമൂലം റയലിനെതിരെ അരമണിക്കൂർ മാത്രം കളിച്ച മെസ്സി ഇത്തവണ പൂർണതോതിൽ ഫിറ്റ് ആകാതെയാണ് ഗ്രൗണ്ടിലിറങ്ങിയത്.ബാർസയും മെസ്സിയും നിറംമങ്ങിയ മൽസരത്തിൽ ടീം ഭാഗ്യത്തിനാണ് തോൽവിയിൽ നിന്നു രക്ഷപ്പെട്ടതു തന്നെ.

കഴിഞ്ഞ മൂന്നു കളിയിലും വിജയം അകന്നുപോയ ബാർസിലോന ഇപ്പോഴും ലീഗിൽ ആറുപോയിന്റ് മുന്നിലാണ്.ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ്ബ് ലയോണുമായാണ് ബാർസയുടെ അടുത്ത പ്രധാന മൽസരം.നാലു ദിവസത്തിനുള്ളിൽ റയലുമായി രണ്ടു പോരാട്ടവും ഈ മാസം കാത്തിരിക്കുന്നു.ഒന്ന് കോപ്പ ഡെൽ റെയിലും ഒന്ന് ലീഗിലും.

പിഎസ്ജിക്കെതിരെ പുതിയ യുണൈറ്റഡ്

മാഞ്ചസ്റ്റർ ∙ യുവേഫ ചാംപ്യൻസ് ലീഗിൽ വീണ്ടും പന്തുരുളും കാലം.  പ്രീക്വാർട്ടറിൽ ഇന്ന് യൂറോപ്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ മാ‍ഞ്ചസ്റ്റർ യുണൈറ്റഡ് പുത്തൻ പണക്കാരായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടുന്നു. ഇറ്റാലിയൻ ക്ലബ് റോമ പോർച്ചുഗൽ ടീം  പോർട്ടോയുമായും ഇന്ന് ഏറ്റുമുട്ടും. ഇംഗ്ലിഷ് ക്ലബ് ടോട്ടനവും ജർമൻ ക്ലബ് ഡോർട്ട്മുണ്ടും നാളെ കളത്തിൽ. റയൽമഡ്രിഡിന്റെ നാളത്തെ എതിരാളികൾ അയാക്സ് ആംസ്റ്റർഡാമാണ്.

ഫ്രഞ്ച് ലീഗിലെ അപരാജിതമായ കുതിപ്പ് ചാംപ്യൻസ് ലീഗിൽ പുറത്തെടുക്കാൻ ശ്രമിക്കുകയാണ് പിഎസ്ജി. ടീം പണമെറിഞ്ഞ് കരുത്തു നേടിയിട്ടും വലിയ വേദികളിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനമാണ് പിഎസ്ജി നേരിടുന്നത്.ഖത്തറിന്റെ എണ്ണപ്പണം 2011 മുതൽ പാരീസ് സെന്റ് ജെർമെയ്നിലേക്ക് ഒഴുകിത്തുടങ്ങിയതോടെയാണ് ടീം വലിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com