ADVERTISEMENT

സ്ട്രൈക്കർമാർ ‘സെൽഫിഷ്’ ആകണം. എതിരാളികളുടെ ബോക്സിൽ പന്തു കിട്ടിയാൽ വലയിലേക്കു നിറയൊഴിക്കുന്ന സ്ട്രൈക്കറാകും ഏതൊരു പരിശീലകന്റെയും ആഗ്രഹം. ഗോളിനു മുന്നിൽ മറ്റെല്ലാം മറന്നു ഗോൾ മാത്രം ലക്ഷ്യമിടുന്ന ഷാർപ്പ് ഷൂട്ടർ. അത്തരത്തിലൊരാൾ മാഞ്ചസ്റ്റർ സിറ്റിയുടെ പത്താം നമ്പർ കുപ്പായത്തിലുണ്ട് – സെർജിയോ ‘കുൻ’ അഗ്യൂറോ. 18 വാര ബോക്സിൽ ഗോൾ, ഗോൾ, ഗോൾ എന്ന വികാരവും ലക്ഷ്യവും മാത്രം സെറ്റ് ചെയ്ത ഗോളടിയന്ത്രമാണ് അർജന്റീന താരം.

222 ഗോളുകളുമായി സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററെന്ന റെക്കോർഡുകാരനായിട്ടും അഗ്യൂറോയുടെ പേരിലുള്ളതു 41 അസിസ്റ്റ് മാത്രം. അതേ, ‘സെൽഫിഷ്’ തന്നെയാണ് അഗ്യൂറോ. ഗോളിനു മുന്നിൽ പന്തു കിട്ടിയാൽ വല ചലിപ്പിക്കാനുള്ള മിടുക്കിലാണു താരം പെപ്പ് ഗ്വാർഡിയോളയുടെ പ്രിയപ്പെട്ട ‘സെൽഫി‌ഷ് സ്ട്രൈക്കർ’ ആകുന്നത്. 

സിറ്റിയുടെ വജ്രായുധം

ഒരാഴ്ചയ്ക്കുള്ളിൽ 2 ഹാട്രിക് – ഇംഗ്ലിഷ് കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ അശ്വമേധത്തിന്റെ കടിഞ്ഞാൺ കുൻ അഗ്യൂറോയുടെ ബൂട്ടുകളിലാണ്. അഗ്യൂറോയുടെ ഗോളസ്ത്രങ്ങൾ ചെന്നുവീണ വലകൾ കൂടി കാണണം സിറ്റി സ്ട്രൈക്കറുടെ മാറ്റ് അറിയാൻ. ആദ്യം ആർസനൽ. പിന്നാലെ ചെൽസി. യൂറോപ്പിലെതന്നെ എണ്ണം പറഞ്ഞ ടീമുകൾ. ചെൽസിക്കെതിരായ നിർണായക മൽസരത്തിൽ തകർപ്പൻ ലോങ് റേഞ്ചറിലൂടെ തുടങ്ങി പെനാൽറ്റി കിക്കിലൂടെ പൂർത്തിയാക്കിയ ഹാട്രിക്കിനൊടുവിൽ ഒട്ടേറെ റെക്കോർഡുകളും അഗ്യൂറോയുടെ പേരിലായിക്കഴിഞ്ഞു. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽതന്നെ തുടർച്ചയായ രണ്ടു ഹോം മൽസരങ്ങളിൽ ഹാട്രിക് നേട്ടം കുറിക്കുന്ന അഞ്ചാമത്തെ താരം മാത്രമാണ് അഗ്യൂറോ.

സിറ്റിക്കു വേണ്ടി 10 വർഷം കളിക്കണമെന്ന ആഗ്രഹവുമായി അർജന്റീന താരം ഇംഗ്ലണ്ടിലെത്തും മുൻപേയാണ് ഏറ്റവുമൊടുവിൽ ഈ നേട്ടം പിറന്നത്. 2010 ൽ ചെൽസി താരം ദിദ്‌യെർ ദ്രോഗ്ബയുടെ വകയായിരുന്നു ഈ ഗോൾവേട്ട. ഒൻപതാം തവണയാണ് സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയം അഗ്യൂറോയുടെ ഹാട്രിക് നേട്ടത്തിനു സാക്ഷിയാകുന്നത്. പ്രീമിയർ ലീഗിൽ ഒരേ മൈതാനത്തു നിന്ന് ഇത്രയും ഹാട്രിക് അടിച്ചുകൂട്ടിയ വേറൊരു താരമില്ല. പഴങ്കഥയായതു തിയറി ഓന്റിയുടെ റെക്കോർഡ്.

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ അർജന്റീന താരത്തിന്റെ 11– ാം ഹാട്രിക് നേട്ടം കൂടിയാണു കെപ്പ അരിസബലാഗ കാത്ത ചെൽസി വലയിൽ നിക്ഷേപിക്കപ്പെട്ടത്. ലീഗിലെ റെക്കോർഡ് സംഖ്യയാണിത്. സാക്ഷാൽ അലൻ ഷിയററുടെ ഹാട്രിക് തിളക്കത്തിനൊപ്പമായി ഇതോടെ അഗ്യൂറോ. 2011–12 സീസൺ തുടങ്ങി 229 പ്രീമിയർ ലീഗ് മൽസരങ്ങളിൽ നിന്നാണു അഗ്യൂറോയുടെ റെക്കോർഡ് നേട്ടം. 20 വർഷം മുൻപ് ഇതിന്റെ ഇരട്ടിയോളം മൽസരം അധികം കളിച്ചായിരുന്നു ന്യൂകാസിൽ ഇതിഹാസം ഷിയറർ റെക്കോർ‍ഡ് സൃഷ്ടിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com