ADVERTISEMENT

കരുത്തരായ ബെംഗളൂരുവിനെ അടിച്ചെത്തിയ ചെന്നൈയിൻ എഫ്സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിനു 3–0 ജയം. ഗോളടിച്ചത് മതേയ് പൊപ്ലാട്നിക് (23’, 55’), മലയാളി താരം സഹൽ അബ്ദുൽ സമദ് (71’). 16 കളിയിൽ 2 ജയം, 14 പോയിന്റ്. ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 8–ാം സ്ഥാനത്തേക്ക്. 

കൊച്ചി ∙ വെറും കളിയല്ല; കളിയാട്ടം തന്നെ! കളിയുണ്ടോ എന്നു ചോദിച്ചവർക്കും ഇനിയെന്തു കളി എന്നു പറഞ്ഞവർക്കും മറുപടി. ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു തിമിർത്തു, ജയിച്ചു. ഐഎസ്എൽ 5–ാം സീസണിൽ ഉദ്ഘാടന മൽസരത്തിനുശേഷം ആദ്യജയം. ചെന്നൈയിൻ എഫ്സി മുട്ടുകുത്തി.

∙ മാതേജ് തുടങ്ങി

വലതു പാർശ്വത്തിൽനിന്ന് റാകിപ്പിന്റെ ത്രോ. ബോക്സിലേക്കു വന്നപ്പോൾ പെക്കുസൻ വലതുകാൽകൊണ്ട് ഗോളിനു മുന്നിലേക്കു മറിക്കുന്നു. കനപ്പെട്ട അടിയൊന്നുമല്ല. പക്ഷേ വീണു തടുക്കാൻ ശ്രമിച്ച ഗോളി കരൺജീത്തിന്റെ വലതു കയ്യിൽത്തട്ടി പന്തുയർന്നു. 

തലപ്പൊക്കത്തിനും മേലേ ഉയർന്ന പന്തിൽ ഉയർന്നുചാടി മതേയ് തലകൊണ്ടു പന്തു ചെത്തി വിടുന്നു. ടീമിനോടുള്ള പ്രണയം തീരാത്തവർക്ക് സ്നേഹമുത്തം പോലൊരു ഗോൾ. സീസണിലെ ഉദ്ഘാടന മൽസരത്തിൽ ഇതുപോലെ അവസരം മുതലെടുത്തൊരു ഗോൾ പൊപ്ലാട്നിക് നേടിയിരുന്നു, എടികെയ്ക്ക് എതിരെ, അവരുടെ തട്ടകത്തിൽ. അതുമൊരു ഹെഡർ. 

∙ സഹൽ–ദുംഗൽ ജുഗൽബന്ദി

വലത്തു നിന്നു സഹലിന്റെ കാലിൽനിന്നു പ്രതിരോധം പിളർത്തുന്ന പാസ്. സ്റ്റൊയനോവിച്ച് പന്തു വീണ്ടും നടുവിലേക്കു വിടുന്നു. ഗോളിയുടെ സകല പിടിയും വിടുന്നു. ആളില്ലാ വലയിലേക്ക് പൊപ്ലാട്നിക്കിന്റെ ഷോട്ട് (2–0). 

71–ാം മിനിറ്റിൽ വീണ്ടും സഹലും ദുംഗലും ചേർന്നൊരു കളിയാട്ടം. സഹൽ ബോക്സിനുള്ളിലേക്കു പന്തു വിട്ടപ്പോൾ മെയിൽസൻ ആൽവെസ് തടുക്കാൻ ശ്രമിച്ചു. ഫലിച്ചില്ല. 

പന്തുവീണ്ടും സഹലിന്റെ കാലിലേക്ക്. ഇടങ്കാൽകൊണ്ടൊരു വീക്ക്. കരൺജീത് സിങ്ങിന്റെ കണ്ണുകളിൽ ഇരുട്ടുകയറ്റി പന്ത് വലയ്ക്കകത്തേക്ക് (3–0). സഹലിന്റെ ആദ്യഗോൾ. കഠിനാധ്വാനത്തിനുള്ള സമ്മാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com