ADVERTISEMENT

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്സിയെ 3 ഗോളുകൾക്കു തകർത്തശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് നെലോ വിൻഗാദ പറഞ്ഞു: ‘‘ബെംഗളൂരു മൽസരത്തിനു ശേഷം ഞങ്ങളുടെ ആത്മവിശ്വാസം ഏറെ മെച്ചപ്പെട്ടു’’ – അതു ശരിയെന്നു തെളിയിക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം. സ്വന്തം മണ്ണിൽ 384 ദിവസത്തിനു ശേഷമുള്ള ജയം. 

‘‘അഭിമാനത്തോടെ പൊരുതണം. പ്രഫഷനൽ താരങ്ങൾ ഏതു പ്രതികൂല സാഹചര്യത്തിലും ടീമിനായി പൊരുതണം. പണം വരും, പോകും. പക്ഷേ, അഭിമാനം നഷ്ടപ്പെടുത്താനാകില്ല’’ – ഈ മാസം 5 നു ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ മീഡിയ കോൺഫറൻസ് ഹാളിൽ ചെറു സംഘം മാധ്യമ പ്രവർത്തകർക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് കോച്ച് നെലോ വിൻഗാദ ഇതു പറയുമ്പോൾ പരാജിതന്റെ തത്വചിന്ത എന്നേ പലരും കരുതിക്കാണൂ.

പക്ഷേ, പിറ്റേന്നു രാവിൽ ഐഎസ്എലിലെ സൂപ്പർ ടീമായ ബെംഗളുരൂ എഫ്സിയെ അവരുടെ തട്ടകത്തിൽ വിറപ്പിച്ചപ്പോൾ പലരും നെലോയുടെ വാക്കുകൾ ഓർത്തു കാണണം. ആ മികവിന്റെ ആവർത്തനമായിരുന്നു വെള്ളിയാഴ്ച കൊച്ചിയിൽ.

വിശ്വാസം വീണ്ടെടുത്ത്

 ഡേവിഡ്  ജയിംസിനു പകരക്കാരനായെത്തിയ നെലോയുടെ ആദ്യ ജോലി ടീമിന് ആത്മവിശ്വാസം പകരുകയായിരുന്നു. പ്രഫസർ എന്നു വിളിപ്പേരുള്ള നെലോയുടെ ‘ശിക്ഷണം’ ഫലിച്ചു തുടങ്ങിയെന്നു വേണം കരുതാൻ. കളിക്കാരുടെ പരുക്കും സസ്പെൻഷനുമാണു ബെംഗളൂരുവിനെതിരെ 4 മാറ്റങ്ങളുമായി ടീമിനെ കളത്തിലിറക്കാൻ നെലോയെ നിർബന്ധിതനാക്കിയത്. ആ തീരുമാനം ഫലിച്ചു. പകരക്കാരായിരുന്ന കിസിത്തോയും പെക്കുസനും ആദ്യ 11 ൽ എത്തിയതോടെ മധ്യനിരയിൽ സഹൽ അബ്ദുൽ സമദിനും ദുംഗലിനും പറ്റിയ പങ്കാളികളായി. 

അതോടെ, മുന്നേറ്റനിരയിൽ മതേയ് പൊപ്ലാട്നിക്കിനും സ്ലാവിസയ്ക്കും പന്തു കിട്ടിത്തുടങ്ങി. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ശേഷിയുള്ള സഹലും കയറിയിറങ്ങിക്കളിച്ച ദുംഗലും എതിർനിര കീറിമുറിച്ചു. അതേ ടീമിനെയാണു നെലോ ചെന്നൈയിനെതിരെയും കളിപ്പിച്ചത്. പെസിച്ചിനു പകരം അനസ് എത്തിയത് ഏക മാറ്റം.

ഗോളടിക്കാനും തടുക്കാനും

സീസണിലെ ആദ്യ കളിയിലെ ഗോൾ നേട്ടത്തിനുശേഷം മങ്ങിപ്പോയ മതേയ് പൊപ്ലാട്നിക്കിന്റെ തിരിച്ചുവരവു ബ്ലാസ്റ്റേഴ്സിനെ സന്തോഷിപ്പിക്കും. കൊച്ചു പയ്യനാണു ധീരജ് സിങ് എങ്കിലും വല കാക്കുമ്പോൾ പുപ്പുലി. ഇനി, എതിരാളികൾ ശക്തരായ ഗോവയാണ്. ഗോവയിൽ കാർണിവലൊരുക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികവിന്റെ പരമാവധി പുറത്തെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com