ADVERTISEMENT

ഐ ലീഗ് ഫുട്ബോളിൽ സ്വന്തം ഗ്രൗണ്ടിൽ വിജയം തേടി ഗോകുലം കേരള എഫ്സി ഇന്നു വൈകിട്ട് 5ന് ഇന്ത്യൻ ആരോസിനെ നേരിടുന്നു. ലീഗിൽ ദയനീയമാണ് ഇപ്പോൾ ഗോകുലത്തിന്റെ സ്ഥിതി. കഴിഞ്ഞ 10 കളികളിൽ ആറും തോറ്റു. 4ൽ സമനില. 12 പോയിന്റുമായി 10ാം സ്ഥാനത്ത്. പിന്നിൽ ഷില്ലോങ് ലജോങ് മാത്രം. 16 പോയിന്റുമായി 7ാം സ്ഥാനത്താണ് ഇന്ത്യൻ ഫുട്ബോളിലെ കുട്ടിത്താരങ്ങളെ അണിനിരത്തുന്ന ആരോസ്.

കോഴിക്കോട് ∙ മാറ്റങ്ങൾ ഗുണം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണു ഗോകുലം ഇന്നു കളത്തിലിറങ്ങുന്നത്. പരിശീലക സ്ഥാനത്തു ബിനോ ജോർജ് ഉണ്ടെങ്കിലും പുതുതായി എത്തിയ ടെക്നിക്കൽ ഡയറക്ടർ ഗിഫ്റ്റ് റയ്ഖന്റെ മേൽനോട്ടത്തിലാണു ടീം ഇപ്പോൾ കളത്തിലിറങ്ങുന്നത്. ഗിഫ്റ്റ് വന്നിട്ടും വിജയം വന്നിട്ടില്ല. ചില കളികളിൽ ലീഡ് കളഞ്ഞു കുളിച്ച് സമനില വഴങ്ങുകയും ചെയ്തു. ക്യാപ്റ്റൻ സ്ഥാനത്തേക്കു മലയാളിതാരം വി.പി.സുഹൈറിന്റെ വരവും കളത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് ആരാധക പ്രതീക്ഷ.

നവംബർ 18നു കോർപറേഷൻ സ്റ്റേഡിയത്തിൽ മിനർവ പഞ്ചാബിനെ തോൽപിച്ചശേഷം ഒരൊറ്റ വിജയംപോലും നേടാൻ ഗോകുലത്തിനു കഴി‍ഞ്ഞിട്ടില്ല. കളത്തിനു പുറത്തും ഗോകുലത്തിനു കഷ്ടകാലമാണ്. റിയൽ കശ്മീരിനെ നേരിടാൻ ശ്രീനഗറിൽ പോയപ്പോൾ മഞ്ഞാണു വില്ലനായത്. നന്നായി പൊരുതിയെങ്കിലും മഞ്ഞുവീഴ്ചയോടു പിടിച്ചു നിൽക്കാനാവാതെ കളിയിൽ ഒരു ഗോളിനു തോറ്റു. 

പിന്നീട് 6 ദിവസം കനത്ത മഞ്ഞുമൂലം അവിടെ കുടുങ്ങി. 9ന് ഐസോളുമായി കോഴിക്കോട്ടു നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഒരുവിധത്തിൽ നാട്ടിലെത്തി പരിശീലനം തുടർന്ന ശേഷമാണു നാളെ കളത്തിലിറങ്ങുന്നത്. മലയാളി താരം കെ. പി. രാഹുൽ ഉൾപ്പെടുന്ന കൗമാനിരയാണ് ആരോസിനായി അമ്പുകൾ പായിക്കുന്നത്. കഴിഞ്ഞ 5 കളികളിൽ നാലും തോറ്റതിന്റെ ക്ഷീണം മാറ്റാനാകും കുട്ടിപ്പട കളത്തിലിറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com