ADVERTISEMENT

കോഴിക്കോട്∙ തുടർച്ചയായ 11–ാം കളിയിലും വിജയം നേടാനാവാതെ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി. ഇന്ത്യൻ ആരോസ് 1–1നു ഗോകുലത്തെ സമനിലയിൽ തളച്ചു. ആരോസിനായി മലയാളിതാരം കെ.പി.രാഹുലും (22–ാം മിനിറ്റ്) ഗോകുലത്തിനായി ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം മാർകസ് ജോസഫും (65) ഗോളടിച്ചു. സമനിലയോടെ ഗോകുലം 13 പോയിന്റുമായി ലീഗിൽ 10–ാം സ്ഥാനത്തു തുടരും. 17 പോയിന്റുമായി ആരോസ് ഏഴാം സ്ഥാനത്ത്. ഗോകുലത്തിന്റെ അടുത്ത കളി 28നു കോഴിക്കോട്ട് ഐസോൾ എഫ്സിക്കെതിരെ.

22–ാം മിനിറ്റിൽ ഇന്ത്യൻ ആരോസിനായി തൃശൂരുകാരൻ കെ.പി. രാഹുൽ തൊടുത്തുവിട്ട ‘അമ്പാ’യിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ആശിഷ് റായി ഗോകുലത്തിന്റെ ഗോൾമുഖത്തേക്കു നൽകിയ ക്രോസ് റഹിം അലി തലകൊണ്ടുയർത്തി. നിന്നനിൽപിൽ ചെരിഞ്ഞുയർന്നു തകർപ്പൻ വോളിയിലൂടെ രാഹുലിന്റെ ഫിനിഷ്. ഗോകുലത്തിന്റെ ഗോളി അർണബ് ദാസ് ശർമയ്ക്ക് ഒരവസരവും നൽകാതെ പന്ത് വലയിൽ. 

ആദ്യപകുതിയിൽ രാഹുലിന്റെ ഗോളിൽ ആരോസ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ ഗോകുലം തിരിച്ചടിച്ചു. ആക്രമണത്തിന്റെ ശക്തി കൂട്ടി. 65ാം മിനിറ്റിൽ സീസണിൽ തന്റെ നാലാമത്തെ ഗോളിലൂടെ മാർകസ് ആതിഥേയർക്കു ശ്വാസം തിരിച്ചുനൽകി. അർജുൻ ജയരാജിന്റെ മുന്നേറ്റത്തിനു തടയിടുന്നതിനിടയിൽ ആരോസ് താരത്തിന്റെ ദേഹത്തുതട്ടി റീബൗണ്ട് ചെയ്ത പന്ത്, ഓടിയെത്തിയ മാർകസ് വലയിലാക്കി. 

പിന്നീടു   ഗോകുലത്തിന്റെ മുന്നേറ്റമായിരുന്നു. പക്ഷേ, ഗോൾവല ചലിപ്പിക്കാൻ ആതിഥേയർക്കായില്ല.   പകരക്കാരനായി ഇറങ്ങിയ ബിജേഷ് ബാലന്റെ ഷോട്ട് 89ാം മിനിറ്റിൽ ആരോസ് ഗോളി  കയ്യിലൊതുക്കിയതോടെ ഗോകുലത്തിന്റെ കാര്യം തീരുമാനമായി. 

ബഗാന് ജയം

ഐസോൾ∙ ഐ ലീഗ് ഫുട്ബോളിൽ, ബിക്രംജിത് സിങ്ങിന്റെ വൈകി വീണ ഗോളിൽ ആതിഥേയരായ ഐസോൾ എഫ്സിയെ 2–1നു കൊൽക്കത്ത മോഹൻ ബഗാൻ കീഴടക്കി. ജയത്തോടെ 17 കളിയിൽ 26 പോയിന്റുമായി ബഗാൻ പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 16 കളിയിൽ 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഐസോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com