ADVERTISEMENT

ബെംഗളൂരു എഫ്സിക്കു മുൻപും ശേഷവും – ഈ രണ്ട് അതിരുകളുടെ കുമ്മായവരയിലൂടെയാകും ഇന്ത്യൻ ഫുട്ബോളിന്റെ വർത്തമാനകാല തുടിപ്പുകളെ ചരിത്രം രേഖപ്പെടുത്തുക. ക്രിക്കറ്റ് നഗരത്തിൽ വേരൂന്നിയ ഈ  പ്രഫഷനൽ ക്ലബിന്റെ വിലാസം ഇന്ത്യൻ ഫുട്ബോളിന്റെ വിലാസം തന്നെയായെന്നു പറഞ്ഞാലും തെല്ലും അതിശയോക്തിയാകില്ല. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ആദ്യമായാണു ബെംഗളൂരുവിന്റെ ശേഖരത്തിലെത്തുന്നത്. പക്ഷേ, ആരാധകർക്കും എതിരാളികൾക്കും ഒരേ വികാരമാണ് ആ നേട്ടത്തിൽ. എന്തേ ഇത്ര വൈകിയെന്ന ഒരുപക്ഷം മാത്രമേയുള്ളൂ കാർലോസ് ക്വാഡ്രറ്റിന്റെയും സംഘത്തിന്റെയും ‘വിക്ടറി ലാപ്പിന്റെ’ ഇരുവശങ്ങളിലും.

യൂറോപ്യൻ ഫുട്ബോളിന്റെ കൈപിടിച്ച് ഉരുക്കുനിർമാതാക്കളായ ജിൻഡാൽ ഗ്രൂപ്പ് തുടങ്ങിവച്ച ഉദ്യമമാണ് കണ്ണടച്ചു തുറക്കും വേഗത്തിൽ ഇന്ത്യൻ ഫുട്ബോളിലെ കെടാവിളക്കായി നിറഞ്ഞുകത്തുന്നത്. ബെംഗളൂരു ടീം രൂപീകൃതമായിട്ട് ആറാം വർഷമെത്തുന്നതേയുള്ളൂ. സൂപ്പർ കപ്പിനു പിന്നാലെ ക്ലബിന്റെ ആറാം കിരീടമായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവ്. 2013 ൽ കളത്തിലിറങ്ങിയ ക്ലബിന്റെ അരങ്ങേറ്റ വർഷത്തിലെ നേട്ടം തന്നെ ഐ ലീഗ് കിരീടമായിരുന്നു. തൊട്ടടുത്ത വർഷവും ദേശീയ കിരീടം ബെംഗളൂരുവിലെത്തിച്ചു ടീം ലക്ഷ്യം വ്യക്തമാക്കി.

2015 ലും 2017 ലും ഫെഡറേഷൻ കപ്പ് ഉയർത്തിയ ബിഎഫ്സിക്കു പിന്നെ വെല്ലുവിളിയായതു ഇന്ത്യക്കു പുറത്തുള്ള ടൂർണമെന്റാണ്. ഏഷ്യൻ വൻകരയിലെ ക്ലബുകളുടെ മാറ്റളക്കുന്ന എഎഫ്സി കപ്പിന്റെ കലാശപ്പോരാട്ടം വരെ നീണ്ടു ബെംഗളൂരുവിന്റെ മുന്നേറ്റം. വൻകരാ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാനിറങ്ങുന്ന ആദ്യ  ഇന്ത്യൻ ടീമെന്ന വിശേഷണത്തോടെയായിരുന്നു മൂന്നു വർഷം മുൻപ് ഇറാഖി ക്ലബ് എയർഫോഴ്സിനോടു ബെംഗളൂരു പൊരുതിവീണത്.

കളത്തിലേക്കാളുപരി കളിയൊരുക്കത്തിന്റെ കാര്യത്തിലാണു െബംഗളൂരു എഫ്സി ഇന്ത്യൻ ഫുട്ബോളിൽ പുതിയ പാത വെട്ടിത്തെളിച്ചത്. പേരിൽ മാത്രം പ്രഫഷനൽ തെളിഞ്ഞു നിന്ന ആഭ്യന്തര ഫുട്ബോളിൽ യഥാർഥ പ്രഫഷനലിസം എന്താണെന്നു ബെംഗളൂരു പ്രവൃത്തിയിലൂടെ കാട്ടിത്തന്നു. കളിക്കാരുടെ പെർഫോർമൻസും ഫിറ്റ്നസും അളക്കാനുള്ള ഓൺഫീൽഡ് ജിപിഎസ് സാങ്കേതിക വിദ്യ അടക്കമുള്ള പുത്തൻ പരീക്ഷണങ്ങൾ ഇറക്കുമതി ചെയ്തുള്ള ബെംഗളൂരുവിന്റെ പടയൊരുക്കം അമ്പരപ്പോടെയാണ് എതിരാളികളടക്കം നോക്കിക്കണ്ടത്. യൂറോപ്യൻ ശൈലി കടംകൊണ്ട് ടീമിന്റെ ആരാധകരിലും െബംഗളൂരു പ്രഫഷനലിസത്തിന്റെ ആവേശോർജം നിറച്ചു. ഇംഗ്ലിഷ് ക്ലബുകളുടെ മാതൃകയിൽ രൂപമെടുത്ത ‘വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്’ ആരാധകസംഘം ഇന്ത്യൻ ഫുട്ബോളിന്റെ ഗാലറികളും അഴിച്ചുപണിതതു ചരിത്രം.

കണ്ണി മുറിയാത്തൊരു പിന്തുടർച്ചയാണ് കളത്തിലും അണിയറയിലുമായുള്ള ബെംഗളൂരുവിന്റെ പ്രഫഷനൽ പാഠങ്ങളുടെ മുഖമുദ്ര. മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന്റെ അക്കാദമിയിൽ നിന്നുള്ള ആഷ്‌ലി വെസ്റ്റ്‌വുഡിൽ തുടങ്ങുന്നതാണ് ബെംഗളൂരു എഫ്സിയുടെ മുന്നേറ്റങ്ങൾ. വേരും പേരും ഉറച്ച വെസ്‌റ്റ്‌വുഡിന്റെ 3 വർഷക്കാലത്തിന്റെ പിൻഗാമിയായി ബാർസിലോനയുടെ പാരമ്പര്യവുമായി ആൽബർട്ട് റോക്കയെത്തി. ലോകമറിയുന്ന പരിശീലകരെ അണിചേർത്ത് ഐഎസ്എൽ ക്ലബുകൾ തുടങ്ങിവച്ച വിപ്ലവത്തിൽ അണിചേരുന്ന സമയത്താണു സ്പാനിഷ് ശൈലിയിലേക്കുള്ള ബെംഗളൂരുവിന്റെ മാറ്റം.

ലീഗിൽ എതിരാളികളില്ലാതെ കുതിച്ചിട്ടും അരങ്ങേറ്റ ഐഎസ്‌എല്ലിലെ കലാശപ്പോരാട്ടത്തിൽ റോക്കയുടെ സംഘത്തിനു തെല്ലു പിഴച്ചു. റോക്ക പിൻവാങ്ങിയിട്ടും ആ ശൈലി തുടരാനായിരുന്നു ടീമിന്റെ തീരുമാനം. റോക്കയുടെ പിൻഗാമിയായെത്തിയ സ്പാനിഷ് കോച്ച് ക്വാഡ്രറ്റും  ബാർസ അക്കാദമിയായ ലാ മാസിയയിൽ നിന്നാണു കരിയർ തുടങ്ങിയത്. സുനിൽ ഛേത്രി തിളങ്ങിനിൽക്കുന്ന സീനിയർ നിരയിലും ഉദാന്ത സിങ് നയിക്കുന്ന യുവതാര നിരയിലും കാണാനാകും ഈ തുടർച്ച.

ഐഎസ്എൽ കിരീടം വഴി ക്ലബിന്റെ  വെല്ലുവിളികൾ വീണ്ടും രാജ്യാന്തര തലത്തിലേയ്ക്കു കടക്കും.ഇന്ത്യൻ ഫുട്ബോളിലും പുതിയ അധ്യായം കുറിക്കുന്നതാകും ഇനിയുള്ള നാളുകൾ. അമ്പരപ്പോടെ ബെംഗളൂരുവിനെ നോക്കിക്കണ്ട എതിരാളികളിലുമെത്തും ഇതിന്റെ പ്രകമ്പനം. അത് എത്രത്തോളമെന്നറിയാൻ അടുത്ത സൂപ്പർ ലീഗ് സീസൺ വരെ കാത്തിരിക്കണമെന്നു മാത്രം.

English Summary: An extra-time header from Rahul Bheke against FC Goa helped Bengaluru FC lift their first Hero ISL trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com