ADVERTISEMENT

ലാറ്റിനമേരിക്കൻ സൗഹൃദ ഫുട്ബോൾ മൽ‌സരങ്ങളിൽ അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും ഞെട്ടൽ. മധ്യ അമേരിക്കൻ ടീമായ പാനമയാണ് ബ്രസീലിനെ 1–1 സമനിലയിൽ പിടിച്ചത്. കഴിഞ്ഞ ദിവസം അർജന്റീന വെനസ്വേലയോട് 1–3നു തോറ്റിരുന്നു.

പോർട്ടോ ∙ ഗോളിലേക്കുള്ള ബ്രസീലിന്റെ കനാൽ പാനമ അടച്ചു കളഞ്ഞു! കളിക്കാൻ മറന്നില്ലെങ്കിലും ജയിക്കാൻ മറന്നതാണ് ബ്രസീലിനു വിനയായത്. 32–ാം മിനിറ്റിൽ എസി മിലാൻ താരം ലൂക്കാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റിനുള്ളിൽ അഡോൾഫോ മക്കാഡോ പാനമയെ ഒപ്പമെത്തിച്ചു. പിന്നീടു കിട്ടിയ അവസരങ്ങൾ ബ്രസീലിനു മുതലാക്കാനായില്ല. പാനമ ഗോൾകീപ്പർ മെജിയയുടെ ഉജ്വല സേവുകളും ബ്രസീലിനെ ത‍ടഞ്ഞു നിർത്തി. പരുക്കേറ്റ് ടീമിനു പുറത്തായിട്ടും മൽസരം കാണാൻ ബ്രസീൽ സൂപ്പർ താരം നെയ്മർ പോർച്ചുഗൽ നഗരമായ പോർട്ടോയിലെത്തിയിരുന്നു.

കുടീഞ്ഞോ, ഫിർമിനോ, കാസെമിറോ, ആർതുർ എന്നിവരെല്ലാം ബ്രസീലിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നു. കാസെമിറോയുടെ നെടുനീളൻ ക്രോസിനെ ഗോളിലേക്കു തട്ടിയിട്ടാണ് 32–ാം മിനിറ്റിൽ പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചത്. എന്നാൽ ക്യാപ്റ്റൻ മക്കാഡോ തന്നെ പാനമയെ ഒപ്പമെത്തിച്ചു. എറിക് ഡേവിസിന്റെ ഫ്രീകിക്കിൽ നിന്നുള്ള ഹെഡറിലായിരുന്നു ഗോൾ. ബ്രസീൽ ഗോൾകീപ്പർ എദേഴ്സൺ ഓഫ്സൈഡിനായി തർക്കിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.

രണ്ടാം പകുതിൽ എവർട്ടൻ താരം റിച്ചാർലിസന്റെ ഷോട്ടും കാസെമിറോയുടെ ഹെഡറും ക്രോസ് ബാറിലിടിച്ചത് ബ്രസീലിനു നിർഭാഗ്യമായി. ചൊവ്വാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മൽസരം.

∙ റാമോസ് രക്ഷകൻ

യൂറോ യോഗ്യതാ മൽസരങ്ങളിൽ സ്പെയിൻ, ഗ്രീസ്, ഇറ്റലി, സ്വീഡൻ ടീമുകൾക്കു ജയം. സെർജിയോ റാമോസിന്റെ പെനൽറ്റി ഗോളിൽ നോർവെയെ 2–1നാണ് സ്പെയിൻ തോൽപ്പിച്ചത്. ഇറ്റലി 2–0ന് ഫിൻലൻഡിനെയും സ്വീഡൻ 2–1ന് റുമാനിയയെയും തോൽപ്പിച്ചു.

വലെൻസിയ ∙ റയൽ മഡ്രിഡിനു വേണ്ടി പലവട്ടം രക്ഷകനായിട്ടുള്ള സെർജിയോ റാമോസ് ഇത്തവണ സ്പെയിൻ ടീമിന്റെ രക്ഷകനായി. 71–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്ക് കൂളായി ലക്ഷ്യത്തിലെത്തിച്ച റാമോസ് യൂറോ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എഫ് ആദ്യ മൽസരത്തിൽ ടീമിനെ വിജയത്തിലേക്കു നയിച്ചു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ സ്വീഡൻ റുമാനിയയെ 2–1നു വീഴ്ത്തി. റോബിൻ ക്വെയ്സൺ, വിക്ടർ ക്ലാസൻ എന്നിവരാണ് ഗോൾ നേടിയത്. ജെ ഗ്രൂപ്പ് മൽസരത്തിൽ ഇറ്റലി ഫിൻലൻഡിനെ 2–0നു തോൽപ്പിച്ചു. നിക്കോളോ ബാരെല്ല, കൗമാരതാരം മോയ്സെ കീൻ എന്നിവരാണ് സ്കോറർമാർ. ഗ്രൂപ്പിലെ രണ്ടാം മൽസരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിന 2–1ന് അർമീനിയയെ തോൽപ്പിച്ചു.

സ്പാനിഷ് നഗരമായ വലെൻസിയിൽ അറ്റാക്കിങ് ലൈനപ്പായിരുന്നു സ്പെയിൻ കോച്ച് ലൂയി എൻറിക്വെയുടേത്. മാർക്കോ അസെൻസിയോ, ആൽവാരോ മൊറാത്ത, റോഡ്രിഗോ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഇറങ്ങി. 16–ാം മിനിറ്റിൽ ജോർദി ആൽബയുടെ ക്രോസിൽ നിന്നുള്ള വോളിയിൽ റോഡ്രിഗോയാണ് സ്പെയിനിന്റെ അക്കൗണ്ട് തുറന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷം രാജ്യാന്തര മൽസരത്തിനിറങ്ങിയ വിങർ ജീസസ് നവാസ് സഹതാരങ്ങൾക്ക് ഒട്ടേറെ അവസരങ്ങൾ ഒരുക്കിയെങ്കിലും റോഡ്രിഗോയുടെ ഹെഡർ പുറത്തേക്കു പോയി, മൊറാത്തയുടെ ഷോട്ട് നോർവെ ഗോൾകീപ്പർ റൂണെ ജാർസ്റ്റെയ്ൻ തടഞ്ഞു.

65–ാം മിനിറ്റിൽ ഇനിഗോ മാർട്ടിനെസ് ജോൺ ജോൺസണെ വലിച്ചിട്ടതിനു കിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സ്ട്രൈക്കർ ജോഷ്വ കിങ് നോർവെയെ ഒപ്പമെത്തിച്ചു. എന്നാൽ സ്പെയിന്റെ വിജയഗോൾ ഒട്ടും വൈകിയില്ല. മൊറാത്തയെ ജാർസ്റ്റെയ്ൻ വീഴ്ത്തിയതിന്
സ്പെയിനു പെനൽറ്റി. റാമോസിനു പിഴച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com