ADVERTISEMENT

എഎഫ്സി കപ്പ് ഫുട്ബോൾ മത്സരത്തിനു സ്റ്റേഡിയം വിട്ടു കിട്ടാത്തതിൽ പ്രതിഷേധിച്ച് ഐ ലീഗ് ക്ലബ് മിനർവ പഞ്ചാബ് എഫ്സി പൂട്ടുകയാണെന്ന് ടീം ഉടമ രഞ്ജിത് ബജാജ്. മേയ് ഒന്നിന് നേപ്പാൾ ക്ലബ് മനൻഗ് മർഷ്യാങ്ഡിയ്ക്കെതിരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മിനവർയുടെ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഒഡിഷ സർക്കാർ കഴിഞ്ഞ ദിവസം ഇതിന് അനുമതി നിഷേധിച്ചു.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സമ്മർദ്ദത്തിനു വഴങ്ങിയാണ് നടപടിയെന്ന് ആരോപിച്ച് രഞ്ജിത് ബജാജ് രംഗത്തെത്തിയതോടെ വിവാദം കത്തിപ്പിടിക്കുകയാണ്. എന്നാൽ, ഇതിൽ തങ്ങൾക്കു പങ്കൊന്നുമില്ലെന്ന നിലപാടിലാണ് എഐഎഫ്എഫ്.

ന്യൂഡൽഹി ∙ രാജ്യത്തെ സെലിബ്രിറ്റി ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗും (ഐഎസ്എൽ) പ്രഫഷനൽ ലീഗായ ഐ ലീഗും തമ്മിലുള്ള വടംവലിക്കു പുതിയ വഴിത്തിരിവ്. ഐഎസ്എൽ – ഐ ലീഗ് ക്ലബ്ബുകൾ ഒരുമിച്ചു പങ്കെടുക്കുന്ന ടൂർണമെന്റായ ഇന്ത്യൻ സൂപ്പർ കപ്പിൽനിന്ന് ഐ ലീഗ് ക്ലബ്ബുകൾ കൂട്ടത്തോടെ പിന്മാറിയിരുന്നു. ഇതു എഐഎഫ്എഫിനു വൻ സാമ്പത്തിക നഷ്ടമാണു വരുത്തിവച്ചത്.

റിലയൻസിന്റെ നേതൃത്വത്തിലുള്ള (എഫ്എസ്ഡിഎൽ– ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ്) ഐഎസ്എൽ സംഘാടകരെ അതിരുവിട്ട് സഹായിക്കുന്ന എഐഎഫ്എഫ് ഐ ലീഗിനു കുഴിതോണ്ടുകയാണെന്നാണ് ക്ലബ്ബുകളുടെ ആരോപണം. ഇതിന്റെ തുടർച്ചയായാണ് സൂപ്പർ കപ്പിൽനിന്നു ടീമുകൾ വിട്ടുനിന്നത്. അതിലൊരു ക്ലബ്ബായ മിനർവ പഞ്ചാബിനെതിരെ അവസരം കിട്ടിയപ്പോൾ എഐഎഫ്എഫ് പണി കൊടുത്തെന്നാണ് അണിയറ സംസാരം.

∙ ‘കളി’ ഇങ്ങനെ:

മേയ് ഒന്നിന് എഎഫ്സി കപ്പ് ഫുട്ബോൾ മത്സരത്തിന് മിനർവയുടെ ഹോം ഗ്രൗണ്ടായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം തീരുമാനിക്കുന്നു. ഇതിന് ഒഡീഷ ഫുട്ബോൾ അസോസിയേഷനും സർക്കാരും അനുമതി നൽകിയതായി ടീം ഉടമ രഞ്ജിത് ബജാജ് പറയുന്നു. എന്നാൽ, പിന്നീട് ഒഡീഷ സർക്കാർ മലക്കം മറിഞ്ഞു. സ്റ്റേഡിയം വിട്ടുതരാൻ പറ്റില്ലെന്നായി നിലപാട്. അടുത്ത വർഷം നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനുള്ള ഒരുക്കമായി സ്റ്റേഡിയത്തിൽ പെയിന്റിങ്ങും മിനുക്കു പണികളും വേണമെന്ന് ഔദ്യോഗിക വിശദീകരണം.

സ്റ്റേഡിയം വിട്ടുതരണമെങ്കിൽ എഐഎഫ്എഫുമായി സംസാരിക്കാൻ അധികൃതർ തന്നോട് ആവശ്യപ്പെട്ടതായി രഞ്ജിത് ബജാജ് പറയുന്നു. എന്നാൽ, തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും എല്ലാ കാര്യങ്ങളും തീരൂമാനിക്കുന്നത് ഒഡീഷ സർക്കാരാണെന്നും എഐഎഫ്എഫ് അധികൃതർ പറഞ്ഞതോടെ ഒരിടത്തും തീർപ്പില്ലാതെ ത്രിശങ്കുവിലായി മിനർവ  അധികൃതർ.

പിന്നാലെയാണ് ക്ലബ് പൂട്ടുകയാണെന്നു ടീം ഉടമ രഞ്ജിത് ബജാജ് ട്വിറ്ററിൽ പ്രഖ്യാപിച്ചത്. എഎഫ്സിയുടെ അച്ചടക്ക നടപടിയുണ്ടാവാതിരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനോടും രഞ്ജിത് ബജാജ് അഭ്യർഥിച്ചു.

മിനർവ പഞ്ചാബ്: കളിക്കാൻ സ്റ്റേഡിയം അനുവദിച്ചില്ലെങ്കിൽ ക്ലബ് പൂട്ടും ഒഡീഷ സർക്കാർ : അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കൂ. ഫെഡറേഷൻ: ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല, എല്ലാം ഒഡീഷ സർക്കാരിന്റെ അധികാര പരിധിയിലാണ്!

∙ 1996നു ശേഷം ഐ ലീഗ് ചാംപ്യന്മാരായ ആദ്യ വടക്കേ ഇന്ത്യൻ ക്ലബ് ആണ് മിനർവ. 2017–18 സീസണിലായിരുന്നു മിനർവയുടെ ഐ ലീഗ് കിരീടധാരണം. ചണ്ഡിഗഡ് ആസ്ഥാനമായ ക്ലബ്ബിന്റെ ഐ ലീഗ് ഹോം ഗ്രൗണ്ട് പഞ്ച്കുലയിലാണ്. എന്നാൽ, എഎഫ്സി കപ്പിനു ഹോം ഗ്രൗണ്ടായി നിശ്ചയിച്ചത് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ്. ഇവിടെയാണിപ്പോൾ കളിക്കുള്ള അനുമതി നിഷേധിക്കപ്പെട്ടത്.

രഞ്ജിത് ബജാജ് (മിനർവ പഞ്ചാബ് എഫ്സി ഉടമ,ട്വിറ്ററിൽ കുറിച്ചത്)

ഇന്ത്യയിൽ ഫുട്ബോൾ വളർത്തേണ്ട ചുമതലയുള്ള എഐഎഫ്എഫ്, റിലയൻസ് എഫ്എസ്ഡില്ലുമായി ചേർന്ന് അതിനെ കൊല്ലുകയാണ്. റിലയൻസിന് ഉടമസ്ഥാവകാശം നേടാൻ കഴിയാത്ത എല്ലാ ഫുട്ബോൾ സംരംഭങ്ങളോടും അവർ ഇതാണു ചെയ്യുന്നത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും റിലയൻസിനും നന്ദി, ഞങ്ങൾ മിനർവ പഞ്ചാബ് എഫ്സി ക്ലബ്  അടച്ചു പൂട്ടുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com