ADVERTISEMENT

സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ 2–0ന് തോൽപിച്ച ബാർസിലോന ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോയുമായി ഇതോടെ പോയിന്റ് വ്യത്യാസം 11 ആയി. 2 മിനിറ്റിനിടെ ലയണൽ മെസ്സി, ലൂയി സ്വാരെസ് എന്നിവരാണു ബാർസയുടെ ഗോളുകൾ നേടിയത്. 28–ാം മിനിറ്റിൽ ഡിയേഗോ കോസ്റ്റ ചുവപ്പുകാർഡ് കണ്ടു പുറത്തായതിനെത്തുടർന്ന് പിന്നീടുള്ള ഒരു മണിക്കൂറിലേറെ സമയം അത്‌ലറ്റിക്കോ 10 പേരുമായാണു കളിച്ചത്.

ബാർസിലോന ∙ ബുധനാഴ്ച യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുന്ന ബാർസിലോനയ്ക്ക് ഇതൊരു ശക്തിമരുന്നാണ്. സ്പെയിനിലെ നാട്ടങ്കത്തിൽ അത്‌ലറ്റിക്കോ മഡ്രിഡ് എന്ന എതിരാളികൾക്കു മേൽ നേടിയ വിജയം, ചാംപ്യൻസ് ലീഗിൽ ബാർസയ്ക്കു മാനസികാധിപത്യം വർധിപ്പിക്കും. കാരണം, കളി കാണാൻ ഗാലറിയിലുണ്ടായിരുന്ന 2 പേർ ചില്ലറക്കാരല്ല; യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണാർ സോൽഷ്യറും സഹപരിശീലകൻ മൈക്ക് ഫീലാനും!

ബാർസയുടെ തന്ത്രങ്ങൾ പഠിക്കാൻ നേരിട്ടെത്തിയ സോൽഷ്യറുടെ മുന്നിലാണ് 85–ാം മിനിറ്റിലെ ലോങ് റേഞ്ചറിലൂടെ ലൂയി സ്വാരെസ് അക്കൗണ്ട് തുറന്നത്. അടുത്ത മിനിറ്റിൽ മെസ്സി ബാർസയുടെ രണ്ടാം ഗോളും നേടി.

തുടക്കത്തിൽ തന്നെ ഡിയേഗോ കോസ്റ്റയ്ക്കു റെഡ് കാർഡ് കിട്ടിയതായിരുന്നു കളിയുടെ വഴിത്തിരിവ്. ഇത് അത്‌ലറ്റിക്കോയ്ക്കു വല്ലാത്തൊരു തിരിച്ചടിയായി. ബാർസ താരം ഫിലിപെ കുടീഞ്ഞോയുമായി പ്രശ്നമുണ്ടാക്കിയതിന് ഇടപെട്ട റഫറിക്കു നേരെ കോസ്റ്റ ചൂടാവുകയായിരുന്നു. റഫറിയോടു മോശമായി പെരുമാറിയതിനാണു ചുവപ്പുകാർഡ്. 10 പേരിലേക്കു ചുരുങ്ങിയതോടെ ബാർസയുടെ ആക്രമണങ്ങൾക്കു പകരം നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ അത്‌ലറ്റിക്കോയ്ക്കു കഴിയാതെ വന്നു. എങ്കിലും 85 മിനിറ്റുവരെ പ്രതിരോധിച്ചു നിന്ന ശേഷമാണ് അത്‌ലറ്റിക്കോ ഗോൾ വഴങ്ങിയത്.

∙ കൗമാരഗോളിൽ യുവെന്റസ്

മിലാൻ ∙ ടീനേജ് താരം മോയിസ് കീനിന്റെ ഗോളിൽ യുവെന്റസ് ഇറ്റാലിയൻ സെരി എ ലീഗ് കിരീടത്തിന്  തൊട്ടരികെ. എസി മിലാനെ 2–1നു തോൽപിച്ച കളിയിൽ യുവെയുടെ വിജയഗോൾ നേടിയതു 19കാരനായ കീനാണ്. പകരക്കാരനായി ഇറങ്ങിയായിരുന്നു കീനിന്റെ ഗംഭീര പ്രകടനം. കഴിഞ്ഞദിവസം കാഗ്‌ലിയാരിക്കെതിരായ കളിക്കിടെ വംശീയാധിക്ഷേപത്തിന് വിധേയനായ കീനിന്റെ അഞ്ചാം ലീഗ് ഗോളാണിത്.

ജയത്തോടെ 31 കളിയിൽ യുവെന്റസിന് 84 പോയിന്റായി. 30 കളിയിൽ 63 പോയിന്റ് മാത്രമുള്ള നാപ്പോളി ജെനോവയോടു തോറ്റാൽ യുവെയ്ക്കു ലീഗ് ചാംപ്യന്മാരാകാം. 7 കളി ശേഷിക്കെയാണിത്. ഇത്രയും പെട്ടെന്നു ലീഗ് ചാംപ്യന്മാരായ ഒരു ക്ലബ്ബും ഇറ്റലിയുടെ ചരിത്രത്തിലില്ല.

∙ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ

ലണ്ടൻ ∙ ഗബ്രിയേൽ ജിസ്യൂസ് നേടിയ ഗോളിൽ ബ്രൈറ്റണെ 1–0ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിൽ. ഈ സീസണിൽ 4 കിരീടങ്ങൾ ലക്ഷ്യമിടുന്ന പെപ് ഗ്വാർഡിയോളയുടെ ടീമിന് മികച്ച സ്കോറിനു ജയിക്കാമായിരുന്നു. നാലാം മിനിറ്റിലായിരുന്നു ജിസ്യൂസിന്റെ ഗോൾ. കെവിൻ ഡി ബ്രുയ്നെയുടെ സൂപ്പർ ക്രോസിന് ഉയർന്നു ചാടി തലവയ്ക്കുകയായിരുന്നു ജിസ്യൂസ്.

വാറ്റ്ഫഡ്– വോൾവർഹാംപ്ടൺ സെമിയിലെ വിജയികളുമായാണ് ഫൈനൽ പോര്. ലീഗ് കപ്പിനു പുറമേ, ഇംഗ്ലിഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ് എന്നിവ നേടി സീസണിൽ 4 കിരീടങ്ങൾ സ്വന്തമാക്കുകയാണു സിറ്റിയുടെ ലക്ഷ്യം. 

∙ അഞ്ചടിച്ച് ബയൺ

മ്യൂനിക്ക് ∙ തുടർച്ചയായ 7–ാം ബുന്ദസ് ലിഗ കിരീടം ലക്ഷ്യമിടുന്ന ബയൺ മ്യൂനിക്കിനു സ്വപ്നസമാനമായ വിജയം. കിരീടപ്പോരിൽ ഒപ്പമുള്ള ബോറൂസിയ ഡോർട്മുണ്ടിനെ 5–0ന് കീഴടക്കി ബയൺ മ്യൂനിക്ക് ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. ആദ്യപകുതിയിൽ തന്നെ 4 ഗോളുകൾ നേടി തകർപ്പൻ ഫോമിലായിരുന്നു ബയൺ. 

ജർമൻ ബുന്ദസ് ലിഗയുടെ ചരിത്രത്തിൽ 200 ഗോൾ നേടുന്ന ആദ്യത്തെ വിദേശതാരമായി പോളണ്ടുകാരനായ റോബർട്ട് ലെവൻഡോവ്സ്കി. ലീഗിൽ ആകെ 5 കളിക്കാർ മാത്രമേ 200 ഗോൾ എന്ന നാഴികക്കല്ല് പിന്നിട്ടിട്ടുള്ളൂ. ബോറൂസിയ ഡോർട്മുണ്ടിനെതിരരെ 2 ഗോൾ നേടിയ ലെവൻഡോവ്സ്കിയുടെ ഗോൾനേട്ടം 201 ആയി. 

English Summary: Latest Football News, Barcelona FC, Juventus FC, Manchester City FC, Bayern Munich

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com