ADVERTISEMENT

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലെ ‘ഇംഗ്ലിഷ് പോരാട്ട’ത്തിൽ ടോട്ടനമിനു ജയം. ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 1–0നാണ് അവർ തോൽപ്പിച്ചത്. മറ്റൊരു ഇംഗ്ലിഷ് ക്ലബായ ലിവർപൂൾ പോർച്ചുഗീസ് ക്ലബ് പോർട്ടോയെ 2–0നു തോൽപ്പിച്ചു.

ലണ്ടൻ ∙ പെപ് ഗ്വാർഡിയോളയ്ക്ക് ചാംപ്യൻസ് ലീഗ് അങ്ങോട്ടു ശരിയാകുന്നില്ല! ബാർസിലോനക്കാലത്തെ യൂറോപ്യൻ വിജയങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ആവർത്തിക്കാമെന്ന പെപ്പിന്റെ മോഹത്തിനു തിരിച്ചടിയേൽപ്പിച്ചു ടോട്ടനം ഹോട്സ്പർ ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ഒറ്റ ഗോളിന് അവരെ വീഴ്ത്തി. രണ്ടാം പാദത്തിലെ നല്ലൊരു ജയം മതി സെമിയിലെത്താൻ എന്ന് ആശ്വസിക്കാമെങ്കിലും കഴിഞ്ഞ വർഷം ലിവർപൂളിനോടു തോറ്റതിന്റെ ഓർമ പെപ്പിനെ അലട്ടുന്നുണ്ടാകും. തുടക്കത്തിൽ കിട്ടിയ പെനൽ‍റ്റി സെർജിയോ അഗ്യൂറോ നഷ്ടമാക്കിയതാണ് സിറ്റിക്കു തിരിച്ചടിയായത്.

കളിയുടെ ഗതിക്കെതിരായി 78–ാം മിനിറ്റിൽ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ ടോട്ടനമിന്റെ വിജയഗോൾ നേടി. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ പരുക്കേറ്റു പുറത്തു പോയത് രണ്ടാം പാദത്തിൽ ടോട്ടനമിനും ക്ഷീണമാകും. മാഞ്ചസ്റ്റർ സിറ്റി താരം ഫാബിയൻ ഡെൽഫുമായി ഇടംകാൽ കോർത്തു വീണ കെയ്ന് സീസണിൽ ശേഷിക്കുന്ന മൽസരങ്ങളിൽ വിശ്രമിക്കേണ്ടി വരുമെന്ന് കോച്ച് പോച്ചെറ്റിനോ പറഞ്ഞു.

13–ാം മിനിറ്റിൽ റഹീം സ്റ്റെർലിങിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യുന്നതിനിടെ ടോട്ടനം താരം ഡാനി റോസിന്റെ കയ്യിൽ പന്തു തട്ടിയതിനാണ് സിറ്റിക്കു പെനൽറ്റി കിട്ടിയത്. എന്നാൽ അഗ്യൂറോയുടെ കിക്ക് ടോട്ടനം ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ഇടത്തേക്കു ചാടി സേവ് ചെയ്തു. ഇടതു വിങിലൂടെ സ്റ്റെർലിങ്ങിന്റെ റൈഡുകൾ ഗോൾമുഖത്ത് പലവട്ടം അപകടമുയർത്തിയെങ്കിലും ടോട്ടനം പിടിച്ചു നിന്നു.

എന്നാൽ സിറ്റിക്ക് അവസരങ്ങളെല്ലാം പിഴച്ചപ്പോൾ ടോട്ടനം കിട്ടിയ ചാൻസ് മുതലെടുത്തു. 78–ാം മിനിറ്റിൽ ക്രിസ്റ്റ്യാൻ എറിക്സന്റെ പാസ് കോർണർ ലൈനിനപ്പുറം പോകാതെ നിയന്ത്രിച്ചെടുത്ത് സൺ പായിച്ച നിലംപറ്റെയുള്ള ഷോട്ട് സിറ്റി ഗോൾകീപ്പർ എദേഴ്സന്റെ കൈകൾക്കിടയിലൂടെ ഗോളിലേക്കു പോയതോടെ പുതിയ സ്റ്റേഡിയത്തിൽ ടോട്ടനം ആരാധകർ ആർത്തിരമ്പി. അതേസമയം, ടോട്ടനമിനെതിരെ കഴിഞ്ഞ 24 കളികളിൽ 21ലും ജയിച്ചത് സിറ്റിയാണ്. തോറ്റത് ഇതുൾപ്പെടെ മൂന്നു കളികൾ മാത്രം.

∙ ലിവർപൂളിന്റെ കാരുണ്യം

പോർട്ടോയെ തോൽപ്പിച്ചെങ്കിലും തീർത്തു കളയാതിരിക്കാനുള്ള കാരുണ്യം ലിവർപൂൾ കാണിച്ചു. 26 മിനിറ്റിനുള്ളിൽ രണ്ടു ഗോളും നേടിയെങ്കിലും പിന്നീട് അതു പോലെ മികവു പുലർത്താൻ യൂർഗൻ ക്ലോപ്പിന്റെ ടീമിനായില്ല. അഞ്ചാം മിനിറ്റിൽ നാബി കെയ്റ്റയുടെ ഷോട്ട് മിഡ്ഫീൽഡർ ഒളിവർ ടോറസിന്റെ കാലിൽ തട്ടി ഗോളിലേക്കു വന്നപ്പോൾ പോർട്ടോ ഗോൾകീപ്പർ ഐകർ കസീയസ് നിസ്സഹായനായി.

22–ാം മിനിറ്റിൽ മുഹമ്മദ് സലായ്ക്കും അവസരം കിട്ടിയെങ്കിലും കസീയസ് മാത്രം മുന്നിൽ നിൽക്കെ തിരിച്ചു വിട്ട പന്ത് നേരിയ വ്യത്യാസത്തിന് പുറത്തേക്കു പോയി. എന്നാൽ നാലു മിനിറ്റിനകം ലിവർപൂൾ ലീഡുയർത്തി. പോർട്ടോ ഡിഫൻസ് പിളർത്തി ജോർദാൻ ഹെൻഡേഴ്സൺ നൽകിയ പാസ് ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ഗോൾമുഖത്തേക്കു ക്രോസ് ചെയ്തു– റോബർട്ടോ ഫിർമിനോ പന്തിനെ തൊട്ടു വിട്ടു.

രണ്ടാം പകുതിയിൽ ഞങ്ങളൊന്ന് അയഞ്ഞു എന്നത് ശരിയണ്. പക്ഷേ ഇതു മികച്ച ഫലം തന്നെയാണ്. രണ്ടാം പാദം മനസ്സിൽ വച്ചു തന്നെയാണ് ഞങ്ങൾ കളിച്ചത്.യൂർഗൻ ക്ലോപ്പ് (ലിവർപൂൾ പരിശീലകൻ)

English Summary: Son Heung-min's late goal gave Tottenham advantage over Manchester City in Champions League quarter-final first leg. Liverpool took command of their Champions League quarter-final with Porto thanks to two first-half goals in the first leg at Anfield.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com