ADVERTISEMENT

ഭുവനേശ്വർ ∙ അവസാന നിമിഷം വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെ 2–1നു തോൽപ്പിച്ച് എഫ്സി ഗോവയ്ക്കു സൂപ്പർ കപ്പ്. ഐഎസ്എൽ ടോപ് സ്കോറർ ഫെറാൻ കൊറോമിനാസ്(52’), ബ്രണ്ടൻ ഫെർ‍ണാണ്ടസ്(64’) എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. 53–ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ ചെന്നൈയുടെ ഗോൾ നേടി. ഐഎസ്എല്ലിലും സൂപ്പർ കപ്പിലുമായി ഗോവയുടെ ആദ്യ കിരീടമാണിത്.

ഈ സീസൺ ഐഎസ്എല്ലിൽ അവസാന സ്ഥാനത്തായിട്ടും സൂപ്പർ കപ്പിന്റെ ഫൈനലിൽ എത്താനായതിൽ ചെന്നൈയ്ക്കും അഭിമാനിക്കാം. കളിയുടെ തുടക്കത്തിൽ ചെന്നൈയിനാണ് മികച്ചു നിന്നത്. എന്നാൽ അര മണിക്കൂറായപ്പോൾ ഗോവ കളി തിരിച്ചു പിടിച്ചു. ഇരു ഗോൾകീപ്പർമാരും ജാഗ്രതയോടെ നിലയുറപ്പിച്ചതിനാൽ ഗോളുകൾ വന്നില്ലെന്നു മാത്രം. രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി മാറി. മൈതാനമധ്യത്തിൽ നിന്നു കിട്ടിയ പന്തുമായി ഓടിക്കയറിയ ബൗമോസ് തൊടുത്ത ഷോട്ട് ചെന്നൈ ഗോളി കരൺജീത് സേവ് ചെയ്തു. എന്നാൽ പന്തു വീണത് കോറോയുടെ കാൽക്കൽ. സ്പാനിഷ് താരത്തിനു പിഴച്ചില്ല.

എന്നാൽ ഗോവയുടെ ആഹ്ലാദത്തിന് അൽപായുസ് മാത്രം. അടുത്ത മിനിറ്റിൽ ഒരു ക്രോസിൽ നിന്നു അഗസ്റ്റോ പോസ്റ്റിലേക്കു പായിച്ച പന്ത് സെരിടോണിന്റെ കാലിലുരസി വലയിൽ കയറി. കളി അതോടെ ആവേശക്കൊടുമുടിയിൽ. 64–ാം മിനിറ്റിൽ കോറോ വീണ്ടും രംഗത്ത്. കോറോ നീട്ടിക്കൊടുത്ത പന്തിൽ ബ്രണ്ടന്റെ സൂപ്പർ ഫിനിഷ്. ഗോവയുടെ വിജയഗോൾ.

English Summary: Super Cup Final between Chennayin FC Vs FC Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com