ADVERTISEMENT

ഒടുവിലത്തെ സ്ഥാനത്തുനിന്നായിരുന്നു ചെന്നൈയിൻ എഫ്സിയു‌ടെ തുടക്കം. ഒടുവിൽ അത് അവസാന പോരാട്ടത്തിനുള്ള കുതിപ്പിൽ വരെയെത്തിനിൽക്കുന്നു. ഐഎസ്എലിലെ അവസാന സ്ഥാനത്തുനിന്ന് സൂപ്പർ കപ്പിന്റെ ഫൈനലിലേക്ക്-ചെന്നൈയ്ക്ക് സൂപ്പർ കപ്പ് കിരീടം നേടാൻ ഇനി ഒരൊറ്റ മത്സരം മാത്രം ബാക്കി. നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ എതിരാളികൾ എഫ്​സി ഗോവ; ഈ വർഷത്തെ ഐഎസ്എൽ റണ്ണറപ്പ്.

∙ ബെംഗളൂരുവും ചെന്നൈയും

ഐ ലീഗിലെ 7 ടീമുകൾ ബഹിഷ്കരിച്ച സൂപ്പർ കപ്പ് ഫുട്ബോളിലെ സൂപ്പർ ന്യൂസ്, ഈ 2 ടീമുകളുടെ അപ്രതീക്ഷിത ഉയർച്ച താഴ്ചകളായിരുന്നു. ഐഎസ്എലിലെയും സൂപ്പർ കപ്പിലെയും നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്​സിയെ ക്വാർട്ടറിൽ ഞെട്ടിച്ചത് ഈ വർഷത്തെ ഐ ലീഗ് ചാംപ്യന്മാരായ ചെന്നൈ സിറ്റി എഫ്സിയായിരുന്നു (2-1). ബെംഗളൂരു നായകൻ സുനിൽ ഛേത്രി പെനൽറ്റി നഷ്‌പ്പെടുത്തിയ മത്സരത്തിന്റെ പ്രധാന ആകർഷണം ചെന്നൈയു‌ടെ ഇറ്റാലിയൻ ഗോളി മൗറോ ബോർഷ്യോയു‌ടെ അസാമാന്യ മികവ്. പെനൽറ്റി സേവ് ചെയ്ത ബോർഷ്യോ അവരെ വിജയത്തിലേക്ക് നയിച്ചു. ആ ചെന്നൈ സിറ്റിയെ 3–0ന് തോൽപ്പിച്ചാണ് ഗോവ ഫൈനലിൽ എത്തിയത്.

2 തവണ ഐഎസ്എൽ ചാംപ്യന്മാരായ ചെന്നൈയിൻ ഇത്തവണ വൻവീഴ്ചയിൽ നിന്ന് ഫൈനൽ വരെ ഉയർന്നുവന്നത് പ്രഫഷണലിസത്തിന്റെ മികവുകൊണ്ട്. ജെജെ ലാൽപെഖുല ഫോം വീണ്ടെടുത്തത് അവർക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എടികെയെ 2-1 ന് തകർത്താണ് അവർ ഫൈനലിൽ എത്തിയത്. ആദ്യ 2 മത്സരങ്ങളിൽ മുംബൈ സിറ്റിയെയും (2-0) നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയുമാണ് (2-1) അവർ തോൽപ്പിച്ചത്.  സീസണിന്റെ അവസാനം ബ്ലാസ്റ്റേഴ്സിൽനിന്ന് ചെന്നൈയിനിൽ എത്തിയ സി.കെ.വിനീത് സൂപ്പർ കപ്പിൽ 2 ഗോൾ നേടി. 

‍∙ കോറോയും പെഡ്രോയും

ഒരു മാറ്റവുമില്ല, ഐഎസ്എലിലും ഐ ലീഗിലും പോലെ സൂപ്പർ കപ്പിലും ഗോളടിയിൽ സ്പാനിഷ് തരംഗംതന്നെ. ഐഎസ്എലിലെ ടോപ് സ്കോററായ ഗോവയുടെ ഫെറാൻ കോറോമിനാസ് ഈ സൂപ്പർ കപ്പും സൂപ്പറാക്കുകയാണ്. 4 ഗോളുകൾ നേടിയാണ് കോറോ, സൂപ്പറിൽ തന്റെ സാന്നിധ്യമുറപ്പിക്കുന്നത്.

ടീം പുറത്തായെങ്കിലും ഐ– ലീഗിലെ ടോപ് സ്കോററായ ചെന്നൈ സിറ്റിയുടെ സ്പാനിഷ് താരം പെഡ്രോ മാൻസിയും നാലു ഗോളുമായി ഒപ്പമുണ്ട്. ഇരുവർക്കുമൊപ്പം അത്​ലറ്റിക്കോയു‌ടെ ഇന്ത്യൻ താരം ബൽവന്ത് സിങ്ങും. 

English Summary: The final of the 2019 Super Cup is set to be an all Indian Super League (ISL) affair with Chennaiyin FC advancing past ATK to join FC Goa in the summit clash set to take place on Saturday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com