ADVERTISEMENT

യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് ക്ലബുകളായ ആർസനലും ചെൽസിയും സെമിഫൈനലിൽ. ആർസനൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ 1–0നും (ഇരുപാദങ്ങളിലുമായി 3–0) ചെൽസി ചെക്ക് റിപ്പബ്ലിക് ക്ലബ് സ്ലാവിയ പ്രാഗിനെ 4–3നും (ഇരുപാദങ്ങളിലുമായി 5–3) മറികടന്നു. സ്പാനിഷ് ക്ലബ് വലെൻസിയയുമായിട്ടാണ് ആർസനലിന്റെ സെമിഫൈനൽ. ചെൽസി ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനെ നേരിടും. 

ലണ്ടൻ ∙ ചാംപ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റി–ടോട്ടനം ത്രില്ലർ മൽസരത്തിനു പിന്നാലെ യൂറോപ്പ ലീഗിലും ആവേശപ്പോരാട്ടം. ഏഴു ഗോളുകൾ പിറന്ന മൽസരത്തിലാണ് ചെൽസി സ്ലാവിയ പ്രാഗിനെ 4–3നു തോൽപ്പിച്ചത്. അര മണിക്കൂറിനുള്ളിൽ 1–4നു പിന്നിലായ ശേഷമായിരുന്നു പ്രാഗിന്റെ തിരിച്ചുവരവ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ അടിക്കടി നേടിയ രണ്ടു ഗോളുകളിൽ പ്രാഗ് തിരിച്ചടിച്ചു. എന്നാൽ പിന്നീട് അതു തുടരാൻ ചെക്ക് ടീമിനായില്ല.

എവേ ഗ്രൗണ്ടിൽ നേടിയ 1–0 ജയത്തിന്റെ ആനുകൂല്യത്തിലാണ് സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ ചെൽസി ഇറങ്ങിയത്. അഞ്ചാം മിനിറ്റിൽ ചിപ് ഗോളിലൂടെ പെഡ്രോ ചെൽസിയെ മുന്നിലെത്തിച്ചു. അഞ്ചു മിനിറ്റിനു ശേഷം പെഡ്രോയുടെ മറ്റൊരു ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയത് സ്ലാവിയ താരം സിമോൺ ഡെലിയുടെ മുഖത്തിടിച്ച് ഗോളിലേക്കു പോയി. 17–ാം മിനിറ്റിൽ ഒളിവർ ജിരൂദിന്റെ ഗോളിനു വഴിയൊരുക്കിയതും പെഡ്രോ തന്നെ. 

∙ ഫ്രീകിക്കിൽ ആർസനൽ

നാപ്പോളിക്കെതിരെ മൽസരം കടുപ്പമാവുമെന്നു കരുതിയെങ്കിലും ആർസനലിന് അത്ര കഷ്ടപ്പെടേണ്ടി വന്നില്ല. 36–ാം മിനിറ്റിൽ അലക്സാന്ദ്രെ ലകാസെറ്റെയുടെ സൂപ്പർ ഫ്രീകിക്ക് നാപ്പോളി വലയിലെത്തിയതോടെ ഇരുപാദങ്ങളിലുമായി ഗണ്ണേഴ്സിന് 3–0 ലീഡായി.

സഹ സ്പാനിഷ് ക്ലബായ വിയ്യാറയലിനെതിരെ അനായാസം ജയിച്ചു കയറിയ (2–0) വലെൻസിയയാണ് സെമിയിൽ ആർസനലിന്റെ എതിരാളികൾ. ഇരുപാദങ്ങളിലുമായി 5–1നാണ് വലെൻസിയയുടെ ജയം. 

English Summary: Arsenal and Chelsea in semifinals of Europa League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com